ഇനി നമുക്കുറങ്ങാം ...മറ്റൊരു വിശേഷ രാവെത്തുന്നതു വരെ!

അടുത്തിരിക്കൂ..
രാവു വെളുക്കുവോളം,
നാം മിണ്ടീം പറഞ്ഞുമിരിക്കും
കഴിഞ്ഞ ജന്മത്തിൽ
നമ്മൾ പരസ്പരം നഷ്ടപ്പെടുത്തിയവരാണ്
ജന്മത്തിൽ നാം പരസ്പരം 
വേണ്ടെന്നു വെച്ചവരാണ്
വരും ജന്മത്തിൻ
ഒരുമിക്കുമെന്ന്  പ്രതീക്ഷയില്ലാത്തവരാണ് 
ഏതൊക്കെയോ ജന്മങ്ങളിലെ
ഏതൊക്കെയോ രാവുകളിൽ 
നാമിങ്ങനെ ഒന്നായേക്കാം.

ചരിഞ്ഞു വീഴുന്ന   നിലാവിന്റെ നിഴലിൽ
നമ്മുക്കിവിടെ  പതുങ്ങിക്കിടക്കാം 

പുഴക്കരയിൽ നാം ഉറങ്ങിപ്പോയേക്കാം
ആദ്യം നീയുണർന്നാൽ എന്നെയുണത്തുക
മറിച്ചെങ്കിൽ ഞാനുണർത്താം.
നിനക്ക് അവളുടെയടുത്തേക്കും
(അവൾക്കുള്ള ഓണക്കോടി വിരിപ്പാക്കിയാണു നാം
കിടക്കുന്നതെന്നോർക്കുക)
എനിക്ക് അയാളുടെയടുത്തേക്കും
(അയാൾക്കുള്ള പായസം നിറച്ച പാത്രം
എന്റെ പക്കലാണന്നോർക്കുക
മടങ്ങേതുണ്ട്.
അവർ നമ്മെ തീർച്ചയായും കാത്തിരിക്കുന്നുണ്ട്.

വരും കാലത്ത് നിന്റെയവളെ
എന്റെയാൾക്ക് കൊടുത്തേയ്ക്കാം
നമ്മെ പരസ്പരം അകറ്റിയവർക്കുള്ള 
വധശിക്ഷയങ്ങനെ നടപ്പാക്കാം 

ഇനി മറ്റൊരു വിശേഷ രാവെത്തുന്നതു വരെ
ഓർത്തുവെയ്ക്കാനുള്ളതെല്ലാമെനിക്കു തരൂ .
ഇപ്പോൾ നമ്മുക്കുറങ്ങാം.


          **   ശുഭം  

3 comments:

ajith said...

ശുഭം!!

Unknown said...

ശുഭ്രം.. സുന്ദരം.. എവിടൊക്കെയോ ചെന്ന്യ് കൊള്ളുന്നു. നന്ദി....

ജാക്വിലിന്‍ | നോർമ്മ ജീൻ said...

:( :(