എന്റൊടുക്കത്തെ സ്നേഹത്തിന്.

എന്റെ ആദ്യത്തേതും രണ്ടാമത്തേയും
സ്നേഹമല്ലാതായി പോയി നീയെന്നത്
ആരുടെ കുറ്റമാണു
നിന്റെ സംശയക്കുത്തേറ്റ് കുത്തേറ്റ്
ഞാൻ നിരന്തരം പൊള്ളിയടരുന്നു
മൗനം കൊണ്ടും, കണ്ണീരു കൊണ്ടും
ഉത്തരം പറഞ്ഞു ഞാൻ സഹികെട്ടിരിക്കുന്നു

നിന്നേക്കാളേറെ നീ എന്നെ വിശ്വസിക്കുന്നുവെന്ന്
അതിലേറെ അവിശ്വസിക്കുന്നുവെന്നതാശ്ചര്യം
സ്നേഹിക്കുന്നതിലേറെ
വെറുക്കുന്നുവന്നത് പിന്നേയുമാശ്ചര്യം.
നീ തന്നെയല്ലേ ഞാനെന്ന്
അതിലുമേറെ ആശ്ചര്യം

നീ ,
നീ മാത്രമായിരിക്കുമെന്റെ ഒടുക്കത്തെ സ്നേഹം
നിന്നിലവസാനിക്കട്ടെ ഞാൻ.
ഇതിലെ എരിവുംകയ്പ്പുംചവർപ്പുമാണെന്നെ
ജീവിപ്പിക്കുന്നതെന്ന്,
നമുക്കിടയിലെ യുദ്ധങ്ങൾ മാത്രമാണെന്നെ
ഉയർത്തെഴുന്നേൽപ്പിക്കുന്നതെന്ന്
നീ
എന്നെങ്കിലുമറിയാതിരിക്കില്ല  

മരണശേഷമുള്ള
ഹൃദയ ദാനത്തിലെനിക്കു ആഗ്രഹമുണ്ടായിരുന്നു.
പക്ഷേ അതിനും പ്രതിസന്ധിയുണ്ടായിരിക്കുന്നു..

നീ ഞെക്കിയും, കീറിയും
അതിലെ ഓരോ ഞരമ്പുകളിലുമെന്തെന്നും ആരെന്നും
നാമാവശേഷമാക്കിയ
ഹൃദയം മറ്റൊരാൾക്കെങ്ങനെ ദാനം ചെയ്യാനാണ്

എന്റെ ജീവനേ,
ഇനിയെന്തു പറയാനാണ്
അവസാനമായി
എന്തു പറയാനാണ്
എന്റെ അവസാനത്തെ സ്നേഹമായിരിക്കും നീ
എന്ന ഒറ്റ ഉറപ്പല്ലാതെ / വാക്കല്ലാതെ
എന്തു തരാനാണ് / എന്തു പറയാനാണ്


              ****  ശുഭം  ***

3 comments:

ajith said...

സങ്കടപ്പെടുത്തുന്ന ചില ഉറപ്പുകള്‍

Kuzhur Wilson said...

പാവം പിടിച്ച ഉറപ്പുകള്‍ 

മേരി ജാക്വിലിന്‍ | നോർമ്മ ജീൻ said...

<3 ChechZ