കാല്‍ വിരലുകളിലേക്കു നോക്കി
പഴയതുപോലെ തന്നെ
പ്രായമേറിയിട്ടുണ്ട് അത്രമാത്രം
ആദ്യരാത്രിയിലും
തുടര്‍ന്ന് പലരാത്രിയിലും പറഞ്ഞിരുന്നു
പെണ്ണുകാണലിനു
മുഖത്ത് ചിരിയും വകതിരിവില്ലായ്മയും നിറച്ച്
കോട്ടാ സാരി വിടര്‍ത്തി
മെലിച്ചില്‍ മറച്ചുപിടിച്ച്
ഇറങ്ങിയുള്ള വരവ്
നന്നേ പിടിച്ചുപോയിരുന്നുവെന്ന്
കാല്‍ വിരലുകളുടെ
വെടിപ്പും ചന്തവും
അതിലേറെ പിടിച്ചുവെന്ന്
കാണുന്നതിനും മുന്‍പുകിട്ടിയ
കുഞ്ഞു ഫോട്ടോയിലെ
സൂക്ഷ്മമായി നോക്കിയാല്‍ മാത്രം കാണുന്ന
പൊടിമീശ വല്ലാതെ രസിപ്പിച്ചുവെന്ന്
അങ്ങനെ പിന്നേയും പലതും പലതും
.
എത്ര കാലമായി ഒക്കെ കേട്ടിട്ട്
ഒന്നുമോര്‍ക്കാത്തതെന്താണു
ഭൂതകാലത്തിന്റെ
റി-വൈന്‍ഡ്-ബട്ടണ്‍ തകരാറില്‍പെട്ടുവോ
പിറന്നാളുകളും വാര്‍ഷികങ്ങളും
ഏതലമാരയില്‍ വെച്ചുപൂട്ടിയിരിക്കുന്നു
ഒന്നും ശീലമല്ലായ്മയല്ലന്ന്
ഒന്നും രണ്ടും വര്‍ഷങ്ങളിലെ
സമ്മാന സാരികള്‍ സാക്ഷ്യം പറയുന്നുണ്ടു.
ചുരുങ്ങിയത്
കഴിച്ചുവോ
കുടിച്ചുവോ
വേദനിക്കുന്നുവോ എന്നെങ്കിലും
എന്താണിങ്ങനെ
വിരസത പാഞ്ഞുവന്നു
പെരുവിരലോളം തൊട്ടു.
തിരിഞ്ഞും മറിഞ്ഞും
കണ്ണാടിയില്‍ നോക്കി
കുനിഞ്ഞ് കാല്‍വിരലുകളെ കണ്ടു
ഒക്കെ പഴയതു തന്നെ