ആശയക്കുഴപ്പങ്ങള്‍


ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ വലുത്
അളന്നളന്നു സര്‍വാംഗങ്ങള്‍ കുഴയുന്നു
ആത്മാവു തിളച്ചു തൂവുന്നു

രണ്ടും മൂന്നും കൂട്ടര്‍
എവിടെ വെച്ചോ ഒപ്പം കൂടിയവര്‍
ഏതു സ്റ്റോപ്പില്‍ നിന്നെന്നു പോലുമറിയില്ല.
ജീവിതം ബന്ധങ്ങള്‍ അക്ഷരങ്ങള്‍
മൂന്നും വെവ്വേറെയെങ്കിലും
റബ്ബറ്കായ് മാതിരി പരസ്പരം കുരുങ്ങി കുരുങ്ങി
പിതാവും
പുത്രനും
പരിശുദ്ധാത്മാവും പോലെ ലയിച്ചു ലയിച്ച്.

ജീവിതത്തെയാണെഴുതുന്നതെങ്കിലും,
എഴുതുന്നതു സത്യമെങ്കിലും
അക്ഷരങ്ങളെക്കാള്‍, ജീവിതത്തെക്കാള്‍ വലുത്
ബന്ധങ്ങളെന്ന് പറഞ്ഞ്
അന്ധ വിശ്വാസം ഗൌളി ചിലക്കുന്നു.

വിശ്വാസം ചതിക്കില്ലെന്ന് ബൈബിള്‍.
വിശ്വാസിയെന്നതിനേക്കാള്‍
അവിശ്വാസിയായവളെ
അന്ധവിശ്വാസിയായവളെ
ബൈബിള്‍ രക്ഷിക്കുമോ
ദൈവം രക്ഷിക്കുമോ
ബന്ധങ്ങള്‍ രക്ഷിക്കുമോ.

ഏതോ ദിക്കിലെ തെമ്മാടിയെ പ്പോലെ
തുട കാട്ടി മുണ്ടു പൊക്കി ക്കുത്തി,
കത്തി മുന വെച്ച് മുഖം ചൊറിഞ്ഞ് നടക്കുന്നു ദൈവം
അയാള്‍ക്ക് ജീ‍വിതം പുല്ലാണ്.

മുറിവ് വേദന കണ്ണീരെന്നു കരഞ്ഞു കരഞ്ഞ്
അക്ഷരങ്ങള്‍
മുങ്ങാറായ വള്ളത്തില്‍ കയറി തുഴഞ്ഞു പോകുന്നു.

എന്റെ സ്നേഹം എന്റെ സ്നേഹം
എന്റെ മാത്രം സ്നേഹമെന്ന്
ഓര്‍മ്മക്കൂനകള്‍ പെരുക്കി പെരുക്കി
ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു
**********