പതിനായിരത്തില്‍ ഒരുവന്‍



അബുദാബി സായിദ് സിറ്റിയില്‍
പതിനായിരത്തില്‍പ്പരം
ഒട്ടകങ്ങളെ
ഒന്നിച്ചണിനിരത്തുന്നുവെന്നു വാര്‍ത്ത കേട്ട്
മറവിയുടെ ചിതല്‍‌ക്കൂടിളക്കി
ഒരൊട്ടകം വെളിയിലിറങ്ങി

ഒപ്പം
ആനന്ദമാ‍യി കഴിഞ്ഞിരുന്ന
മുറൂര്‍ റോഡിലെയൊരു വില്ലയും
വില്ലക്കാഭരണമായി മുറ്റവും

അതിലച്ഛന്റെ
സമാസമം ചാലിച്ച
ഒഴിവുസമയവും അദ്ധ്വാനവും
പച്ചക്കറിത്തോട്ടത്തില്‍
തക്കാളിയും പാവലും,
കോവലും, മല്ലിയും
ധാ‍രാളിമയോടെ പടര്‍ത്തി

അതിനെയെല്ലാം ചുറ്റി,
ഓറഞ്ചുവര്‍ണ്ണം പൂശിയ
ഒന്നരയാള്‍ പൊക്കത്തിലെ
ഫെന്‍സിനു പുറത്ത്
ക്ഷണിച്ചെത്തിയതു പോലെ
ഒരുദിവസം അവന്‍

ചുറ്റുപാടുകളില്‍
എണ്ണമറ്റ അറബി വീടുകളൊന്നില്‍നിന്ന്
സായാഹ്ന സവാരിക്കിറങ്ങിയവനാണ്
കൈയ്യൊന്നു നീട്ടേണ്ട താമസം
പഴയ പരിചയക്കാരനെപ്പോലെ-
യത്രയടുത്തു വന്നുവെന്ന പ്രവൃത്തിയിലെ
ചില്ലറയല്ലാത്ത കൌതുകം

ഒന്നു തൊട്ടു
എന്താണാവോ പേര്
അബ്ദുള്ളയോ, മൊഹമ്മദോ
ഏതുകുടുംബത്തില്‍ നിന്നാണാവോ
രാജകുടുംബത്തിലെ തന്നെയാണു
അത്ര കണ്ട് ആഡ്യത്വം

നല്ല അയല്‍ക്കാരനിങ്ങനെയൊക്കെയാണെന്നു
പറയാതെ പറഞ്ഞ്
ഇടക്കിടെയെത്തി

കുബൂസും, ഈത്തപ്പഴവും, വാത്സല്യവും
കഴിച്ചേച്ചൊരു പോക്കുണ്ട്
മുഖത്തും നെറ്റിക്കും പിന്നേയും തൊട്ടു
കഞ്ചാവു ബീഡി വലിക്കുന്നുണ്ടോ
പല്ലുകളില്‍ ‍ കടും തവിട്ടുകറ.
നാലുമാസം പ്രായക്കാരനെപ്പോലെ
ഇങ്ങനെ തുപ്പലൊലിപ്പിക്കുന്നതെന്തേ

ഓറഞ്ചു ഫെന്‍സിനുമുകളിലൂടെയാ
കുഞ്ഞുതലയിടക്കിടെ പ്രത്യക്ഷമാവും

'നിന്റെയാളു
കാത്തുനില്‍ക്കുന്നെവെന്ന'ച്ഛന്റെ കളിവാക്കും
"കീഴില്‍ പോയി നിന്ന്
ചവിട്ടുമേടിക്കരുതെന്ന'യമ്മയുടെതാക്കീതും
അവനും ഞാനും കേട്ടില്ലാന്നു വെച്ചു

ഓഫീസിലേക്കിറങ്ങുമ്പോള്‍
റോഡു വരെയവന്‍ കൂട്ടുവരുന്നതു
ആരാനും കാണുന്നുവോയെന്ന്
സംഭ്രമത്തോടെ ചുറ്റും നോക്കി

എന്തിനുമൊരൊടുക്കമുണ്ടല്ലോ..

വീടു മാറ്റമായി
യാത്രചോദിക്കാനെവിടെയും കണ്ടില്ല

* * *

ആ പതിനായിരത്തില്‍പ്പര‍ത്തില്‍
അവനുമുണ്ടാവുമോയെന്ന ചിന്തയാണ്
ഇപ്പോഴത്തെയലട്ടല്‍