കുഞ്ഞൂഞ്ഞ്

അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത്
കുഞ്ഞെന്ന കുഞ്ഞൂഞ്ഞെന്ന
15-കാരന്റെ തലയിണച്ചുവട്ടില്‍ മിന്നലാട്ടം പോലെ എന്തോ ഒന്ന്
എന്നതാടാ ചോദിച്ചതും
നോട്ടിഫിക്കേഷനൊന്നു നോക്കിയതാന്ന് പറഞ്ഞതും ഒപ്പം.

ഉറക്കത്തിലും മൊബൈല്‍, ഫേസ്ബുക്ക്, മെസ്സേജ്, നോട്ടിഫിക്കേഷന്.
വേണ്ടാ വേണ്ടാ യെന്ന് ഉപദേശങ്ങളുടെ കാലന്‍ കയര്‍ എറിഞ്ഞെട്ടെന്ത്?

വലിയ കണ്ണുകളുള്ള ഒന്‍പതാം ക്ലാസുകാരിയാണു
ഫേസ്ബുക്കില്‍ പ്രധാനാ‍കര്‍‍ണമെന്നും
ഇഷ്ടമുള്ള പെണ്‍കു‍ട്ടികളെ കാണുമ്പോള്‍
ചോന്നു ചോന്നു പോകുന്നുവെന്നും കള്ളച്ചിരി.

അറിഞ്ഞോ
ക്ലാസിലെ ഫിലിപ്പിന് ഇപ്പോള്‍ സ്വന്തം പേരു പോലുമില്ലാതായിരിക്കുന്നു
ഹു ആര്‍ യൂ – ന്ന് ചോദിച്ചാല്‍
‘ആം സാറാ ജോണ്‍’സ് ബോയ്ഫ്രണ്ടെന്ന് അഭിമാനിക്കുന്നതില്‍
നീയെന്തേ എന്റെ കുഞ്ഞൂഞ്ഞേ കുശുമ്പു കുത്തുന്നു.
അതൊരു ഫേക്ക് സാറായായിരുന്നെന്ന്
പിന്നീടെന്തേ ആഹ്ലാദത്തിന്റെ കൊമ്പു കുലുക്കുന്നു.

സ്വന്തം പെണ്ണെപ്പോഴും സാരിയിലാവണം
മുട്ടോളം മുടിവേണം
വെള്ളയ്ക്ക ക്കണ്ണുകള്‍ വേണം.
വെള്ളനിറം ഉറപ്പായും വേണം.
ഒക്കുമെങ്കില്‍ രണ്ട് നുണക്കുഴി കൂടി –യെന്ന്
റ്റീനേജുകാരന്‍ കുഞ്ഞൂഞ്ഞ് ആശയുടെ റാന്തല്‍ കൊളുത്തുന്നു

അതെ അതെ .
മുടിയിലവള്‍ നിന്നെ കുരുക്കിയിടും,
പണ്ടു സാംസന്റെ ശക്തിരഹസ്യം മുടിയായിരുന്നു
കണ്ണുകൊണ്ടവള്‍ ലക്ഷ്മണ രേഖ വരയ്ക്കും
പിന്നെ കുഴിയില്‍ ചാടിക്കും


അങ്ങനെയൊന്നുമാവില്ലന്ന്
ഇടതുകവിളിലെ നീളന്‍ നുണക്കുഴിയില്
ഒരൊത്ത പുരുഷന്റെ കേമത്തം അമ്പു കുലയ്ക്കുന്നു.
പക്ഷേ,
പതിനഞ്ചേ.. പതിനഞ്ചേ
ഇനിയൊരു പത്തു കൊല്ലമെങ്കിലും കൂടെ കാക്കണം
അങ്ങനെയൊരുത്തിയെത്തുവാന്‍
അപ്പോ നിനക്കെന്നെ വേണ്ടാതാവുമെന്നെന്റെ ഇടതു കണ്ണു നീറാന്‍ തുടങ്ങും
ഇല്ല ഇല്ല ഇല്ലാന്നൊരു പ്രതിജ്ഞയപ്പോള്‍ വലതുകയ്യില്‍ അമര്‍ത്തി പ്പിടിക്കും
പതിനഞ്ചുകാരന്റെ ഉറപ്പില്‍ ഹൃദയം ആനന്ദത്തിലാറാടും

‘എന്തു സുഖമാണിങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്‍;
എന്തു നല്ല ചൂടാ‘
അതേ കണ്ണേ..
നിനക്കുവേണ്ടി മാത്രം നെഞ്ചുംകൂട്
ചുരത്തുന്ന ചൂട്. അല്ലാതെന്ത്?

ദേ.... ഇവിടെയൊരു മുടി വന്നുവെന്ന്
രഹസ്യഭാഗം കാട്ടി നിന്റെ വിളിച്ചു കൂവലോര്‍‍ത്ത്
എനിക്കിപ്പോഴും കൌതുകം ഞെട്ടുന്നുണ്ട്

ഇന്നലെ, സന്ധ്യക്ക്
സാരിപ്പാളി പൊക്കി വയറില്‍ തല ചേത്ത്
എനിക്കിനിയും ഇതിനുള്ളില്‍ കിടക്കണമെന്ന് കൌമാര പയ്യാരം ചിണുങ്ങുന്നു
കുറെ നാള്‍ കിടന്നതല്ലേ കുഞ്ഞൂഞ്ഞേ .
അവിടുത്തെ കഥകള്‍ വല്ലതും ഓര്‍മ്മയുണ്ടോ
ഇല്ലാന്ന് പറഞ്ഞ്.. പറഞ്ഞ്
ഉറക്കത്തിലേയ്ക്ക് നീ ചിറകു വീശുകയാണു
പിന്നെ മെല്ലെപ്പറയുകയാണ്
ഉണ്ട് .. ഓര്‍മ്മയുണ്ട്..
കിടന്നയിടമെല്ലാം ചുവപ്പു നിറത്തിലായിരുന്നു
അതെ കുഞ്ഞൂഞ്ഞേ, ചുവപ്പാണ്
സ്നേഹത്തിന്റെ നിറം ചുവപ്പാണ്
ചോരയുടെ നിറവും ചുവപ്പാണ്

** ശുഭം **