12 തികഞ്ഞ്
ഭൂലോകത്തിലെ ചന്തങ്ങള്‍ മുഴുവന്‍
മകളിലേക്ക് താമസമുറപ്പിച്ചപ്പോള്
നെഞ്ചു കാളി
രാവുംപകലും കണ്ണുചിമ്മാന്‍ ഭയന്ന്
കാവല്‍മാലാഖക്കു പകരം നിന്നവള്‍
ചുണ്ടിനും ചായക്കപ്പിനുമിടയിലെ
അത്യാഹിതങ്ങള്.
.
സ്കൂള്‍ബസ്സിനും ഗേറ്റിനുമിടയിലെ
നീരാളിക്കണ്ണുകളെ
ദൈവത്തെ ചുമതലപ്പെടുത്തി.
.
പാതിരാവുകളില്‍,
പുതപ്പിനടിയിലൂടെ കൈയ്യിട്ട്
കളവുപോയിട്ടില്ലന്നുറപ്പാക്കി
.
കൂട്ടുകാരീന്ന് വിളിച്ച്
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്.
.
അവളുടെ ആര്‍ത്തനാദം
ചുറ്റുപാടുകളെയുണര്‍ത്തി.
കാണാതെപോയി മകളെന്നോര്‍ത്ത്
ബോധം കെട്ടുപോയാ പാതിരാവില്‍.
ഫ്രഞ്ച് പരീക്ഷയുടെ ചൂടില്‍
പഠന മുറിയുടെ മൂലയില്‍
ഉറങ്ങിപോയ കുട്ടിയെ,
നെഞ്ചിലേക്കിട്ടുകൊടുത്ത്
പ്രശ്നം പരിഹരിച്ചു അയല്‍പക്കം
.
സ്ത്രീനിഴലുകളെക്കണ്ടു
ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ
സ്ഖലിക്കുന്ന ലോകത്തിലേക്ക്
ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്
മുതിരുമെന്ന ഭാവികാലവും
മകള്‍ക്ക് പാകമാകാതെ
ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും
നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.