പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന് !!
അവന്റെ ഭാര്യ തിരികെ വന്നതു മുതലാണു
എനിക്കു ദഹനക്കേടു തുടങ്ങിയത്‌
ജീവിതത്തിന്റെ ഗതികേടുകളെക്കുറിച്ചവന്‍ പറയുന്നത്‌
ക്രൂരമായ ആനന്ദത്തോടെ ഞാന്‍ കേട്ടിരുന്നു.
മുഖത്ത്‌ അനുകമ്പ വരുത്തുന്നതില്‍
വിജയിക്കുകയും ചെയ്തു
.
അഭിനയിക്കേണ്ടിവരുന്നു,
ദാമ്പത്യത്തിലെന്നവന്‍ നിരാശപ്പെടുമ്പോള്
‍ദാമ്പത്യം പോലൊരസംബന്ധം മറ്റൊന്നുമില്ലന്ന്
പണ്ടേയനുഭവസ്ഥയാണെന്നോര്‍ത്ത്‌
എനിക്കു ചിരിവന്നു.

അങ്ങു ദൂരെ,
1000 വോള്‍ട്ട്‌ പ്രകാശിക്കുന്ന ചന്ദ്രനെ നോക്കി
പ്രതീക്ഷയോടെയവന്‍ പറഞ്ഞു
'വരുന്ന എല്ലാ ജന്മത്തിലുംനാമൊരുമിക്കുമല്ലേ?'
'ഇല്ല, എനിക്കു രുക്‍മിണിയാവേണ്ട,
രാധയായാല്‍ മതി'

എന്നെയോര്‍ത്ത്‌ നീ ചതയണം,നുറുങ്ങണം
ഏതുനേരവും തിളക്കണം.
നീയുരുകുമ്പോള്‍ എനിക്കു സന്തോഷമാവും.

ആ നേരത്ത്‌ അടിമുടിയുലച്ച്‌
ഭാര്യയുടെ ഫോണ്‍ വന്നു
ആ റിങ്ങ്‌ടോണ്‍ പോലുമെന്നെ അലോരസപ്പെടുത്തി.
എന്തു സംസാരിക്കാനാണീ വിളികള്‍
ഉള്ളിയും പച്ചമുളകും തീര്‍ന്നുവോ?
മകള്‍ക്കു പനി പിടിച്ചുവോ?
കഠിനമായ കോപം വന്നിട്ടും
മുഖത്തു ചിരി തേച്ചു ഞാനിരുന്നു

എപ്പോഴെങ്കിലും
അവന്റെ കിടപ്പറയിലേക്ക്‌
ഒളിഞ്ഞു നോക്കണമെന്ന ത്വരയുണ്ടായി
എങ്ങനെയാണവളെ ചുംബിക്കുന്നത്‌
എങ്ങനെയാണവര്‍ ഇണ ചേരുന്നത്‌

എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!

ഫംഗസ്സു ബാധിച്ച,
ഭാര്യാഭര്‍ത്തൃബന്ധത്തിലെ രതി
സര്‍ക്കസിലെ കോമാളിയെപ്പോലെയാണു
അവസാന ബെല്ലിനു വേണ്ടിയുള്ള
ധൃതിപൂണ്ട കാതോര്‍ക്കലാണു

ശരീരചിന്തകളെയതിന്റെ പാട്ടിനു വിടാം!
അതിലൊക്കെയെന്തിരിക്കുന്നു

പിരിയുന്നേരം അവന്‍ കരഞ്ഞു
നെഞ്ചു മുറിഞ്ഞ രക്തമാണാ കണ്ണീരെന്നറിഞ്ഞ്‌
എനിക്കു ചങ്കു പിളര്‍ന്നു
മാതാവിന്റെ രൂപക്കൂട്ടിലേക്ക്‌
ഒരു കൂടു തിരി നേര്‍ന്നു.

അവന്‍ പോയ രാത്രിയിലെനിക്കു ഭ്രാന്തു വന്നു
കാരണമില്ലാതെ ഭര്‍ത്താവിനോട്‌ ഒച്ചവെച്ചും,
വാഷ് ‌ബേസിനിലേക്ക്‌ പാത്രങ്ങള്‍ ആഞ്ഞെറിഞ്ഞും
ഷവറിന്റെ കീഴില്‍ മണിക്കൂറുകള്‍ നിന്ന് പനിപിടിപ്പിച്ചും
ഞാനെന്നെ സ്വയം വെളിപ്പെടുത്തി

ദാമ്പത്യത്തിന്റെ menopause
കാല്‍ വിരലുകളിലേക്കു നോക്കി

പഴയതുപോലെ തന്നെ

പ്രായമേറിയിട്ടുണ്ട്‌ അത്രമാത്രം


ആദ്യരാത്രിയിലും

തുടര്‍ന്ന് പലരാത്രിയിലും പറഞ്ഞിരുന്നു

പെണ്ണുകാണലിനു

മുഖത്ത്‌ ചിരിയും വകതിരിവില്ലായ്മയും നിറച്ച്‌

കോട്ടാ സാരി വിടര്‍ത്തി

മെലിച്ചില്‍ മറച്ചുപിടിച്ച്‌

ഇറങ്ങിയുള്ള വരവ്‌

നന്നേ പിടിച്ചുപോയിരുന്നുവെന്ന്


കാല്‍ വിരലുകളുടെ

വെടിപ്പും ചന്തവും

അതിലേറെ പിടിച്ചുവെന്ന്


കാണുന്നതിനും മുന്‍പുകിട്ടിയ

കുഞ്ഞു ഫോട്ടോയിലെ

സൂക്ഷ്മമായി നോക്കിയാല്‍ മാത്രം കാണുന്ന

പൊടിമീശ വല്ലാതെ രസിപ്പിച്ചുവെന്ന്അങ്ങനെ പിന്നേയും പലതും പലതും
.

എത്ര കാലമായി ഒക്കെ കേട്ടിട്ട്‌

ഒന്നുമോര്‍ക്കാത്തതെന്താണു
ഭൂതകാലത്തിന്റെ

റി-വൈന്‍ഡ്‌-ബട്ടണ്‍ തകരാറില്‍പെട്ടുവോ

പിറന്നാളുകളും വാര്‍ഷികങ്ങളും

ഏതലമാരയില്‍ വെച്ചുപൂട്ടിയിരിക്കുന്നു

ഒന്നും ശീലമല്ലായ്മയല്ലന്ന്

ഒന്നും രണ്ടും വര്‍ഷങ്ങളിലെ

സമ്മാന സാരികള്‍ സാക്ഷ്യം പറയുന്നുണ്ടു.
ചുരുങ്ങിയത്‌

കഴിച്ചുവോ

കുടിച്ചുവോ

വേദനിക്കുന്നുവോ എന്നെങ്കിലും

എന്താണിങ്ങനെ

വിരസത പാഞ്ഞുവന്നു

പെരുവിരലോളം തൊട്ടു.
തിരിഞ്ഞും മറിഞ്ഞും

കണ്ണാടിയില്‍ നോക്കി
കുനിഞ്ഞ്‌ കാല്‍വിരലുകളെ കണ്ടു

ഒക്കെ പഴയതു തന്നെ

ഫ്രോക്ക്‌ - സാരി - അമ്മ

12 തികഞ്ഞ്‌
ഭൂലോകത്തിലെ ചന്തങ്ങള്‍ മുഴുവന്‍
മകളിലേക്ക്‌ താമസമുറപ്പിച്ചപ്പോള്
‍നെഞ്ചു കാളി


രാവുംപകലും കണ്ണുചിമ്മാന്‍ ഭയന്ന്
കാവല്‍മാലാഖക്കു പകരം നിന്നവള്‍
ചുണ്ടിനും ചായക്കപ്പിനുമിടയിലെ
അത്യാഹിതങ്ങള്.
.
സ്കൂള്‍ബസ്സിനും ഗേറ്റിനുമിടയിലെ
നീരാളിക്കണ്ണുകളെ
ദൈവത്തെ ചുമതലപ്പെടുത്തി.
.
പാതിരാവുകളില്‍,
പുതപ്പിനടിയിലൂടെ കൈയ്യിട്ട്‌
കളവുപോയിട്ടില്ലന്നുറപ്പാക്കി
.
കൂട്ടുകാരീന്ന് വിളിച്ച്‌
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്‌.
.
അവളുടെ ആര്‍ത്തനാദം
ചുറ്റുപാടുകളെയുണര്‍ത്തി.
കാണാതെപോയി മകളെന്നോര്‍ത്ത്‌
ബോധം കെട്ടുപോയാ പാതിരാവില്‍.
ഫ്രഞ്ച്‌ പരീക്ഷയുടെ ചൂടില്‍
പഠന മുറിയുടെ മൂലയില്‍
ഉറങ്ങിപോയ കുട്ടിയെ,
നെഞ്ചിലേക്കിട്ടുകൊടുത്ത്‌
പ്രശ്നം പരിഹരിച്ചു അയല്‍പക്കം
.
സ്ത്രീനിഴലുകളെക്കണ്ടു
ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ
സ്ഖലിക്കുന്ന ലോകത്തിലേക്ക്‌
ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്‌
മുതിരുമെന്ന ഭാവികാലവും
മകള്‍ക്ക്‌ പാകമാകാതെ
ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും
നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.
പാപം ചെയ്യാത്തവര്‍ കല്ലെറിയുന്നു
ക്രിസ്തു രക്ഷകനായെത്താതിരുന്ന
ഇരുള്‍വഴിയിലെ
മഗ്ദലനയെപ്പോലെയവളുടെ കവിതകള്‍
ഉരുളന്‍ കല്ലുകള്‍കയ്യില്‍പിടിച്ച്‌
ഇരുദിശകളിലുമവര്
പണ്ടു കവിതയിറങ്ങിയ നീല്‍ ആംസ്ട്രോങ്ങുമാര്
‍നീന്തിക്കടന്ന വാസ്ക്കോടിഗാമകള്‍
കണ്ടെത്തലുകളുടെ കൊളംബസുമാര്‍
വിവസ്ത്രയായ്‌,
എന്നെ ഭോഗിക്കൂവെന്നു പറഞ്ഞ്‌ മലര്‍ന്നുകിടക്കുന്നു
നിന്റെ കവിതകളെന്നവര്‍.
അലങ്കാരമെവിടെ
വൃത്തമെവിടെ
അഴിച്ചുമാറ്റാനരഞ്ഞാണം പോലുമില്ലാത്തവളെ
അപമാനം ചുക്കിച്ചുളിച്ചു.
മറുദിശയില്‍,
വിശ്വൈകശില്‍പ്പികള്
‍മൈക്കല്‍ ആഞ്ചലോകള്‍,
ശില്‍പ്പങ്ങള്‍ മെയ്‌ വഴങ്ങി കീഴടങ്ങിയ
പെരുന്തച്ചന്മാര്‍ വിരലുകള്‍ ചൂണ്ടി
ചെത്താനേറെ മിനുക്കാനേറെ
അണിയിക്കാനും അലങ്കരിക്കാനുമതിലുമേറെ
കല്ലായ കല്ലെല്ലാം വന്നുപതിച്ച്‌
കണ്ണീരും രക്തവും വാര്‍ന്ന്
നല്ല ശമരിയ്യാക്കാരനെ
കാത്തു കിടന്നു അവളുടെ കവിതകള്‍.

ദൈവം പറഞ്ഞു : തിന്നരുത്

വിഷം തീണ്ടി
അര്‍ദ്ധബോധത്തില്‍ കന്യക മാതിരി
നീലിച്ച ആകാശവും
വിടനെപ്പോല്‍
ചുവന്ന ഭൂമിയും ചുംബിക്കുന്ന
ഏകാന്തതയില്‍ നിന്ന്
ആരെ തോല്‍പ്പിക്കാന്‍
പടക്കച്ച കെട്ടിയിറങ്ങിയിരിക്കുന്നു ഞാന്‍


ആയിരം ആരവാരത്തിനിടയിലെ മൗനം
ഏറ്റവും സ്വകാര്യമായി തിരഞ്ഞ്‌
ഉടല്‍ വിയര്‍ക്കുന്നതെന്തിനു?


ഏതോ ഒരുവളുടെ പേരുകൊത്തിയ
മോതിര വിരലിനോട്‌ കാമം.


ശരീരം തിരസ്ക്കരിച്ച്‌, പടിയിറക്കിയ
ഹൃദയത്തെ കൈയില്‍ തൂക്കി
കമ്പോളത്തില്‍ വില പേശുന്നു
ആര്‍ക്കു വേണം


രക്ഷാപ്രവര്‍ത്തനം നിഷേധിക്കപ്പെട്ട
കുഴല്‍കിണറില്‍ കുടുങ്ങിയ കുട്ടി
അങ്ങോട്ടൊ ഇങ്ങോട്ടൊ


തൈരുകടഞ്ഞാല്‍ മോരു, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്‌, പിന്നെ രക്തം
നൂറു മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം
കൃത്യമായി യോജിക്കുന്നത്‌ മറ്റെവിടെയാണു

ഏദനില്‍,
ഭംഗി കൂടിയ ജീവ ഫലം ചൂണ്ടി
ദൈവം മനുഷ്യനോടു പറഞ്ഞു
കണ്ടോളു തിന്നരുത്‌
ഏതു നൈരാശ്യമാണതു പറയിച്ചത്‌.


ട്രാഷ്‌ ക്യാന്‍ വരെ പരസ്പരം പരിശോധിച്ച്‌
അരക്കിട്ടുറപ്പിക്കേണ്ടി വരുന്ന വിശ്വാസ്യതക്ക്‌
പ്രണയമെന്നു പേരിട്ടതാരാണു

ആ പദത്തെ വാക്യത്തില്‍ പ്രയോഗിച്ചും
പര്യായമെഴുതിയും കിതക്കുന്നു എനിക്ക്‌.

ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും.


ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്
14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു
ബി.പി കൂടുന്നു.
കണ്ണുകളില്‍ നയാഗ്ര മറിയുന്നു
രാവു വെളുപ്പിക്കുവാന്‍ നെഞ്ചു തിരുമ്മുന്നു.
പിറ്റേന്ന്
നൂറില്‍ മുപ്പത്തഞ്ച്‌ മാര്‍ക്ക്‌ കണ്ടു
നൂറു സൂര്യന്മാര്‍ ഒന്നിച്ചുകത്തിയിരിക്കുന്ന
രണ്ട്‌ കുഞ്ഞുകണ്ണുകള്‍
അമ്മയുടെ നെഞ്ചിലെ തീയണച്ചിരിക്കുന്നു804-ലെ ഷീല പറഞ്ഞത്‌

നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌

മിനിറ്റില്‍ ആയിരം വാഹനങ്ങള്‍..
എന്തും സംഭവിക്കാവുന്ന വഴികള്‍.
ഹംദാന്‍ സ്ട്രീറ്റ്‌ മുഴുവന്‍ അവന്റെയെന്ന മട്ടില്‍-
കണ്ണും പൂട്ടി ഇങ്ങനെ..

വന്നുവന്ന്,
ആ പാക്കിസ്താനി വാച്ച്‌മാനുമായാണു-
സര്‍വത്ര സഹവാസം.
പോക്കറ്റില്‍ നിന്ന് ചിലവിട്ട്‌
കെ-എഫ്‌-സി- വാങ്ങി കൊടുത്ത്‌...
വീട്ടുഭക്ഷണമവന്‍ തീരെ ഒഴിവാക്കിയിരിക്കുന്നു
മൂട്ടയും, പാറ്റയും കൂടു പണിതിരിക്കുന്ന-
അയാളുടെ സോഫയിലുറക്കം...

നച്ചൊല്ലു പോലെയതു സംഭവിച്ചു..
ബാസ്കിന്‍ - റോബിന്‍ ബില്‍ഡിലെ-
മിസ്രീച്ചെക്കന്റെ സൈക്കിള്‍ തട്ടിയിട്ടിന്നു മൂന്നാംപക്കം..
എനിക്കു തല കറങ്ങി
അവനെന്തെങ്കിലും സംഭവിച്ചാല്‍..

ഏറ്റവും സഹിക്കാന്‍ കഴിയാഞ്ഞത്‌,
804-ലെ ഷീല പറഞ്ഞതാണു
എന്റെ ചെവിയാലെ കേട്ടത്‌

"അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..

ഒരു മൊബൈലിന്റെ ദിനചര്യ25 ദിര്‍ഹാംസ്‌ കൊണ്ട്‌
ഒരു മണിക്കൂര്‍ ആഘോഷിച്ച്‌
സങ്കടത്തിലായിരിക്കുന്നു
30 ഫില്‍സ്‌ കൊണ്ട്‌ ഒരു മാസം


അല്ലെങ്കിലെന്തിനു ?

ഉണര്‍ന്നുവെന്ന് ഒരു മിസ്സ്‌കോള്
‍ജോലിയിലെന്ന് മറ്റൊന്ന്
മഴപെയ്യുന്നുവെന്ന്
ഉച്ചഭക്ഷണമായെന്ന്
കാണാന്‍ തോന്നുന്നുവെന്ന്
ടി.വി.യില്‍ മമ്മൂട്ടി സിനിമയുണ്ടെന്ന്
പിണങ്ങിയെന്ന നീണ്ട മൗനം
ഭ്രാന്തായെന്നറിയിച്ച്‌ നിരന്തരം
ഉറക്കത്തിലേക്കു പോയീന്ന്
നിശ്ചലതയുടെ അനന്തപ്രവാഹം

ഈ etisalat-*ന്റെ ഒരു കാര്യമേ !!!!!
*etisalat: u a e യിലെ ഔദ്യോഗിക ടെലഫോണ്‍ സം‌വിധാനം

നിങ്ങളെന്നെ ലെസ്‌ബിയനാക്കി

ന്നലെ
എമിറേറ്റ്‌ പാലസിന്റെ പിന്നില്
‍ലേഡീസ്‌ ബീച്ചില്
‍അഞ്ച്‌ അടി ആറു ഇഞ്ച്‌ ഉയരത്തില്‍
രണ്ടു പീസില്‍
ലുര്‍പാര്‍ക്ക്‌ ‌ ബട്ടര്‍ പടരുന്ന ഉടല്
‍ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
‍മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു
കഴുത്ത്‌ ദന്തഗോപുരം
സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ
ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം
ഇവളാണോ ശലോമോനെകൊണ്ട്‌ ഉത്തമഗീതം പാടിച്ചത്‌

നിശ്‌ചയമായും ഞാന്‍ ഒരു ലെസ്‌ബിയന്‍ ആകും.

H2Oഹൈഡ്രജനും ഓക്സിജനും

ജലഘടകങ്ങള്‍
വിഭജിക്കപ്പെടുന്നു കെമിസ്ട്രി ക്ലാസില്
‍ഘനം പിടിക്കുന്നു മിഴിപോളകള്‍ക്ക്‌

യഹോവ ആകാശത്ത്‌
കിളിവാതിലുകള്‍ തുറന്നു
ജലപ്രവാഹം താഴേക്ക്‌
നോഹയുടെ പെട്ടകം മുകളിലേക്ക്‌
പ്രളയത്തില്‍ ദുഷ്ടജനം നിഗ്രഹിക്കപ്പെടുന്നു
വയോധിക പുരോഹിതന്‍ ഉപദേശിക്കുന്നു
അപ്പോഴും ഉറക്കം കരിമ്പടം പുതച്ചു കണ്ണില്

‍കേരവൃക്ഷങ്ങള്‍ യാത്ര പറഞ്ഞ്‌
മഹാസമുദ്രങ്ങളുടെ പ്രഹേളികകള്‍ കടന്ന്
കാനല്‍ജലത്തിന്റെ നാട്ടില്
‍കാനല്‍ജലം പിന്നേയും ദൂരെ-വേവലാതിയുടെ ഉണര്‍ച്ചകളിലേക്ക്‌ എറിയപ്പെട്ട്‌
കണ്ണുകള്‍ മലച്ചു

ഗംഗയും യമുനയും കാവേരിയും
കവിതകളില്‍ മാത്രം നനയുന്നതു കണ്ടു
മഴനനയാത്ത പ്രവാസഭൂമിയില്
‍ഊഷരതയുടെ ജലക്കൂനകള്‍ നിറയുന്നു

അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
പുഴകള്‍ ക്ഷീണിച്ച്‌ അരുവികളായി
പിങ്കു താളുകളില്‍, മഴനൂലുകളായെത്തുന്ന
അനുജത്തിയെന്ന പനിനീരരുവി

കൈകുടന്ന പാതികോരി മുഖമൊന്നു കുടഞ്ഞാല്‍
പിണങ്ങുന്ന,
മുങ്ങിനിവരാന്‍ കൊതിയായിട്ടും
ഉപേക്ഷിക്കേണ്ടി വന്ന മോഹാരുവി
(അതിവിടെ അപ്രസക്തം)

ദുര്‍സ്വപ്നമുണര്‍ത്തിയ രാവിന്റെ
തളര്‍ന്നയാമത്തിലെപ്പോഴോ
കഠിനമായ വരണ്ട ദാഹത്തിനു
അടുക്കള പരതവേ
പെപ്സി മിരാണ്ടാ വോഡ്ഗാ സോഡ എല്ലാം സുലഭം
അല്‍പം ജലകണികയെവിടെയുമില്ല

ഞാനിവിടെ പ്രവാസത്തിലാണു

ടോസ്സില്‍ വീഴാതെ പോയ വാലെന്റൈന്‍
വന്‍ സമ്മാനിച്ച
ചുവന്ന പനിനീര്‍ പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത്‌ താലോലിച്ച്‌
അവളങ്ങനെ നിന്നു


എവിടെയെന്റെ സമ്മാനമെന്ന
അവന്റെ ചോദ്യം കാണാതെ

ഒന്നിനും മറുപടി പറയാത്ത
എല്ലാമറിയുന്ന ആകാശത്തേക്ക്‌ നോക്കി
പറയാന്‍ വയ്യാത്തൊരു
ഫ്ലാഷ്ബാക്ക്‌ ചുരുളഴിയുന്നതു
അവള്‍ മാത്രമറിഞ്ഞു

തലേ രാത്രി
തൂവെള്ളവസ്ത്രങ്ങളിഞ്ഞ്‌
വെള്ള കുതിരമേല്‍ രാജകുമാരനെത്തുമെന്ന
വിഡ്ഡിത്തം മറന്നു
വെള്ള ബ്ലാങ്കറ്റു മൂടിയ ഉറക്കം
പ്രഭാതം മുതല് ‍ഒലിയാന്‍ഡര്‍ - ജൂബിലി - ഫ്ലോറിഡ -
ഫ്ലവര്‍ ഷോപ്പുകള്‍ കയറിയിറങ്ങിയത്‌
10 രൂപക്ക്‌ 3 പൂവുകള്
‍വില പേശി
ആര്‍ക്കൊക്കെ വേണ്ടിയെന്ന് ടോസ്സ്‌ ഇട്ടത്‌
കാറിന്റെ ഡിക്കിയില്
‍ഡാഷ്‌ ബോര്‍ഡില്‍
സീറ്റിനടിയിലുമായി സൂക്ഷിച്ച്‌
പിന്നീട്‌ പരസ്പരമറിയാതെ പങ്കു വെച്ച്‌
ആശംസകള്‍ നേര്‍ന്നത്‌

വര്‍ത്തമാനത്തിലേക്ക്‌ മടങ്ങിയെത്തി
മുന്നില്‍ വന്നുപെട്ടിരിക്കുന്ന
ഈ നാലാമന്‍ ടോസ്സില്‍ വിഴാതെ പോയ
നിരാശയുടെ ചുണ്ടിലേക്ക്‌
മനോഹരമായ ചിരി തിരുകി വെച്ച്‌
പ്രണയകനലെരിയുന്ന അവന്റെ കണ്ണിലേക്കു നോക്കി

ഇടതു നെഞ്ചു തൊട്ട്‌
നിനക്കുള്ളതിവിടെയെന്ന്
ഒറ്റവാക്കു കൊണ്ട്‌ തോല്‍പിച്ചു കളഞ്ഞവള്

‍ബോധമില്ലായ്മയുടെ
കടലിളക്കമൊടുങ്ങിയപ്പോള്‍
അവനറിഞ്ഞു

അവളുടെ പൂക്കളൊഴിഞ്ഞ ഹൊന്‍ഡ സി.ആര്‍.വി.
1.കി.മി. എങ്കിലും പിന്നിട്ടിരുന്നുവെന്ന്


ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-
മൂന്നു കിടാങ്ങളെ പേറിയ
ഗര്‍ഭ പാത്ര ശങ്ക തീര്‍ക്കാനവളെത്തി..
വയ്യാത്ത വയറും താങ്ങിയിരുന്നപ്പോഴായിരുന്നു
ഗൈനക്കോളജിസ്റ്റിന്റെ ചോദ്യം
"എന്നായിരുന്നു ഒടുവിലായി ആ ചുവന്ന പൂക്കള്‍ വിരിഞ്ഞത്‌"?

എന്നായിരുന്നു
അവളോര്‍മ്മയുടെ പുഴയിലേക്കിറങ്ങി നിന്നു

തീയതികള്‍ ഘോഷയാത്ര നിരത്തി
മക്കളുടെ ജനന തീയതികള്‍...
മകളുടെ പല്ലിന്റെ കമ്പി മുറുക്കേണ്ടത്‌..
സ്കൂള്‍ ഫീസിനുള്ള അവസാന തീയതി...
ക്രെഡിറ്റ്‌ കാര്‍ഡ്‌... കാര്‍ ലോണ്‍...
പാചക വാതകം...
കണ്‍സല്‍ട്ടന്റുമായി
എം. ഡി. യുടെ കൂടി കാഴ്ച..
തയ്യാറാക്കിയ ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌....

ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി സഞ്ചരിച്ച്‌...
ഗര്‍ഭ പാത്രത്തേക്കാള്‍
കേടു ബാധിച്ചയോര്‍മ്മ...
വിജനമായേതോ... ദ്വീപിലടിഞ്ഞ്‌ -
വിജ്രംഭിച്ചെത്തിയൊരു വെളിപ്പാടിലുറച്ചു...

പിന്നീട്‌, നേര്‍ത്തു ക്ഷീണിച്ച
ശബ്ദമൊരുമാത്ര ആളിപ്പടര്‍ന്നു...
"അബ്ദൂട്ടിയോടൊന്നു ചോദിക്കണം"..


ഡോക്ടര്‍ക്കും.. ഭര്‍ത്താവിനുമിടയിലേക്ക്‌-
സ്തംഭനാവസ്ത യെറിഞ്ഞുകൊടുത്ത്‌....

മൗനം നിറച്ചൊരു..ചോദ്യചിഹ്നം പോലെ വിളറിയിരുന്നവള്‍...
മെല്ലെ... മെല്ലെ...
സത്യത്തിന്റെ.. മര്‍മ്മത്തിലേക്കൊരു നേര്‍ക്കാഴ്ച നീണ്ടു..

അവിടെ,അവളുടെ ഫ്ലാറ്റും,
താഴത്ത്‌..അബ്ദൂട്ടിയുടെ ഗ്രോസറിയും...
പിന്നെ, മാസപറ്റുബുക്കും... തെളിഞ്ഞു കിടന്നു....

അതിലെഴുതി വെച്ചിരുന്നു...
20-11-2005,
ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-

ട്രാഫിക്കില്‍ ഹെനിക്കന്‍‌റെ തുള്ളികള്‍വന്റെ മുഖം,

വൈകിട്ട്‌ ഏഴുമണിക്കെ
ദുബായിലെ ട്രാഫിക്ക്‌ പോലായിട്ട്‌
മണിക്കൂറൊന്ന്..

ഏതു പ്രവര്‍ത്തി ദോഷത്തിന്റെ
ഫലമാണിതെന്ന അവളുടെ
ചിന്തയുടെ ആയുസിനും..
മണിക്കൂറൊന്ന്...

'ഓര്‍ക്കൂട്ടില്‍' ഏതെങ്കിലും ഒരുവന്റെ ആഡ്‌ റിക്വ്സ്റ്റ്‌ ?
ബ്ലോഗില്‍ പേരു വെക്കാത്തവന്റെ കമന്റ്‌ ?
മൊബൈലില്‍ വന്ന മെസേജ്‌ ?

അനുനയങ്ങളെവിടെയുമെത്തിയില്ല...ചുംബനം പോലും പരിഹാരമായില്ല

ഒന്നു പറഞ്ഞു തുലക്കൂയെന്ന്
പലവുരു പറഞ്ഞു ഉള്ളില്‍

പിന്നെയവള്‍ ബാഗ്‌ തുറന്നു..
10-ന്റെ മൂന്നു നോട്ടുകളെടുത്തവന്റെ-
പോക്കറ്റില്‍ തിരുകി പറഞ്ഞു
"പോയി രണ്ടു ഹെനികെന്‍ അടിച്ചോളൂ"...

അപ്പോഴാ മുഖം..

അഞ്ചാം മാസത്തില്‍,
വയറു നിറഞ്ഞ്‌, എണ്ണ തേച്ച്‌
നിലത്തെ പായില്‍,
തൊള്ള തുറന്ന് ചിരിച്ച
അവളുടെ മകന്റെ
ചിരിയേക്കാള്‍ നിഷ്കളങ്കമായിരുന്നു...