അവസ്ഥാന്തരങ്ങള്‍


നാമൊന്നിച്ചു പേരിട്ട
നിലാവിനിപ്പോഴെന്തു
പ്രായമെത്തിയിട്ടുണ്ടാവും?

സഖാവു കൃഷ്ണന്റെ വില്ലയുടെ മുറ്റത്ത്
മുരിങ്ങ പൂത്തിരിക്കുന്നു;
നാരകവും പൂത്തിരിക്കുന്നു.
ചേര്‍ന്നുള്ള ഇടവഴി
നിരന്തര പ്രലോഭനങ്ങളുടെ
അവസാന ജങ്ഷനായിരുന്നുവെന്ന്
ആരറിഞ്ഞു?

പാമ്പും ഏണിയും കളിച്ചിരുന്ന പ്രണയം
87ആം അക്കത്തിലെ പാമ്പിന്‍ വായില്‍ പെട്ട്
താഴേക്ക് പോയിട്ട്
തിരികെയെത്തിയതേയില്ല.

ഫര്‍ദാന്‍ എക്സ്ചേഞ്ചിന്റെ ഡിസ്‌‌പ്ലേ ബോര്‍ഡില്‍
മൂക്കു കുത്തി താഴേക്ക് വീണ രൂപയുടെ മൂല്യസൂചികയും
മുന്നിലെ നീണ്ട ക്യൂവും കാണുന്ന
നിര്‍ദ്ധനന്റെ നിസംഗച്ചിരിയാണിപ്പോള്‍ ജീവിതം.

കാനൂ ഗ്രൂപ്പ് ബില്‍ഡിങ്ങ് പരിസരത്തെ
ഉണക്കയല പോലെ വരണ്ട
കൂട്ടിക്കൊടുപ്പുകാരന്റെ വേഷമാണിപ്പോള്‍
കാലത്തിന്.
ചോരയും നീരുമറ്റ
നിരവധി ശരീരങ്ങളെ വെച്ചു നീട്ടുന്നു.
കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്ന,
ഛര്‍ദ്ദില്‍ വരുത്തുന്ന ജീവിതം

പൂര്‍ണ്ണഗര്‍ഭിണിയെ
ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍
ദാരുണമായി
ഓര്‍മ്മകള്‍ ഈര്‍ച്ചവാളായി ആഴത്തിലേക്കിറങ്ങുന്നു.

പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
പ്രണയത്തെ നാടു കടത്താം.
ഒന്നിച്ചു കണ്ട സ്വപ്നങ്ങളെ ശിരഛേദം ചെയ്യാം.
അടിപ്പാടേറ്റു തിണര്‍ത്ത
സ്വകാര്യങ്ങളെ
കസവുടുപ്പിടീച്ച്, ചിത്രമാക്കി,
ചില്ലിട്ട് , മാലയിട്ട്
ഭിത്തിയില്‍ തൂക്കാം .

എല്ലാം കൂട്ടിക്കെട്ടി
ജീവിതമെന്ന് ചെല്ലപ്പേരിട്ട് വിളിച്ചു ലാളിക്കാം.