ബ്രാക്കറ്റില്‍ ഒരു കവിത


കഴിഞ്ഞ മാസമാണു
സര്‍വാംഗം അമ്പരപ്പിച്ച്
പാര്‍സല്‍ വന്നത്
പിങ്ക് നിറത്തില്‍
പ്രൈസ് റ്റാഗ് പോലും
പൊട്ടിക്കാതെ
അളവെടുത്തു തയ്പ്പിച്ചത്
പോലൊരു ബ്രാ

പൊക്കിളില്‍നിന്ന് പേടി കഴുത്തിലേക്ക് വന്നു
ആധി ആമാശയത്തില്‍കുത്തിമറിഞ്ഞു.

ആര്‍ക്കാണിത്ര ചങ്കൊറപ്പ്
പേരില്ല, സ്ഥലമില്ല
എന്നേക്കാള്‍കള്ളത്തരം പഠിച്ചവന്‍
കൈയ്യില്‍കിട്ടിയിരുന്നെങ്കില്‍
നുറുക്കി കടലിലെറിഞ്ഞേനേ !

ആ‍രുടെ സ്നേഹമാണു
മുലക്കച്ചയുടെ രൂപത്തില്‍

ദിവസം ഒന്നു കഴിഞ്ഞു
രണ്ടും മൂന്നും കഴിഞ്ഞു
സംഭ്രമം കാറ്റില്‍പറന്നു.
ഒരു ചിരി.
ഓര്‍ത്തോര്‍ത്ത് ചിരിയോട് ചിരി.

അങ്ങനെയങ്ങനെ
ആ പിങ്ക് തുണിക്കീറിനോട്
പിരിയാനാവാത്ത കൂട്ടായി.
ആഴ്ച്ചയിലൊരിക്കലെങ്കിലും
മുലകള് പിങ്ക് നിറത്തിലായി