
പതിനേഴ് വയസ്സുള്ള
വസന്തമാണ്
കാലുകള്‍ നീട്ടിവച്ചങ്ങനെ
നടന്നകലുന്നത്
നെഞ്ചില്‍ പിച്ച വച്ച
അതേ കാലുകള്‍
*
പോകുമ്പോള്‍ തിരിഞ്ഞു നോക്കരുത്
കണ്ണ് നനക്കരുത്
ഉള്ള് തുളുമ്പരുത്
ഓര്‍മ്മിപ്പിക്കുകയാണ്
പറഞ്ഞതൊക്കെയും
നാനാവശവും
കൂര്‍ത്ത് മുര്ത്ത
വജ്ജ്രതുണ്ടാവണമെന്ന്
കാരിരുമ്പ് പോലെ ഉറപ്പുണ്ടാകണമെന്ന്
ഏത് ഇരുട്ടിലൊളിപ്പിച്ചാലും
വെട്ടി വിളങ്ങണമെന്ന്
അറിയാതപായപ്പെടു-
ത്താനടുക്കുന്നവന്‍
മുറിവേല്‍ക്കണമെന്ന്
മുതിരേണ്ടിയിരുന്നില്ല നീ,
ജനിക്കേണ്ടിയേയിരുന്നില്ല നീ
*
വീടും പരിസരവും
ഓരോ അണുവും
ആരായുന്നു
അവളെവിടെ
എവിടെ
എവിടെയെന്ന്
വരും വരുമെന്ന്
സമാധാനം പറഞ്ഞ്
സഹികെട്ടിരിക്കുന്നു
*
നീ വരേണ്ട
ദിനങ്ങളെണ്ണിത്തുടങ്ങട്ടെയോ
അത് വരെ,
വീട് നിറഞ്ഞ് ചിലമ്പുന്ന
കുട്ടിക്കുറുമ്പിന്റെ മേളമില്ലാതെ
ഉതിര്‍ത്ത് നാലുപാടും
ചിതറിയെറിയുന്ന
ഉടുപുടവകളുടെ
സാന്നിദ്ധ്യമില്ലാതെ
സന്ധ്യാപ്രാര്‍ത്ഥനകളില്‍
നേര്‍ത്ത് കൊഞ്ചിയ
സ്വരത്തിന്റെ ഈണമില്ലാതെ
നിദ്രയില്‍ പോലുമുതിര്‍ന്നിരുന്ന
കുണിങ്ങിച്ചിരിയുടെ
താളമില്ലാതെ
പിടിക്കപ്പെടാന്‍ പാകത്തിന്
മുഖം താഴ്ത്തിനിന്ന് വിളമ്പുന്ന
നുണകളുടെ മധുരമില്ലാതെ ….
*
രാവുകളെ ചങ്ങലക്കിടാം
പകലുകളെ ഗര്‍ഭചിദ്രം ചെയ്യാം
അതു വരെ
നീ,
നീയൊരാള്‍ക്ക് വേണ്ടി മാത്രം
അടി വയര്‍
ഉച്ചത്തില്‍ പിടഞ്ഞുകൊണ്ടിരിക്കും
മുലകള്‍
പരിസരം മറന്ന് വിങ്ങിക്കൊണ്ടേയിരിക്കും