നെടുകയും.. കുറുകെയും..
ഉണങ്ങി വിണ്ടു കീറിയ പാടം കണക്കെയുള്ളെന്
വയറിന്‍ മാംസളതയില്‍
ഇളം ചുവപ്പു പഞ്ഞിതുണ്ടു പോലെയുള്ള
നിന്‍ വിരല്‍ ചേര്‍ത്തു ബാല്യത്തിന്‍ ഭാഷയില്‍ നീ ആരായുകയാണു...
"ഇതെന്തേയെന്നു?
"ഒന്‍പതു മാസങ്ങളും, വീണ്ടുമൊന്‍പതു ദിനങ്ങളും നീ പാര്‍ത്തിരുന്നിടം...
ആ നാളത്രയും,സ്വയം ചിരിക്കയും, കരയുകയും....
സ്വപ്നങ്ങളില്‍ മാലാഖമാരിറങ്ങയും.. ചെയ്തിരുന്നിടം...
കുഞ്ഞുപാദങ്ങളാല്‍ താണ്ഡവനൃത്തമാടിയിടം..
"ഈ പൊക്കിളോ"???
ഇതാണു നാം തമ്മിലുള്ളാത്മ ബന്ധം...
ഏഴു മരണ വേദനകളൊന്നിച്ചേറ്റുവാങ്ങിയ,
ഞരമ്പുകളുടെ പിടച്ചില്‍...
ധമനികളിലെ ഇരച്ചില്‍...
പ്രാണനിലെ അഗ്നിപ്രവേശം..
ഒടുവിലൊരു പൊന്നിന്‍ നുറുങ്ങുപോലെ
നീയെന്‍ മാറൊട്ടിക്കിടന്നെട്ടുനാടും പൊട്ടിക്കാറിയതു...
നിന്നെയൂട്ടി മതിവരാത്തയീ മുലകളോ..
മുലക്കണ്ണുകള്‍ എത്ര ജന്മത്തിലെ ആകര്‍ഷണമായി..
ചിരപരിചിതനെ പോലെ കണ്ടെത്തി വിശപ്പടക്കി നീ...
പകലോന്റെ പ്രയാണത്തില്‍..
നിലാവുകളുടെ അലിയലില്‍..
കൈ വളരാന്‍..
കാല്‍ വളരാന് മെയ്യ് വളരാന്‍...
അമ്മയുടെ നോമ്പുകള്‍..
പ്രാര്‍ത്ഥനകള്‍..
കണ്ണീര്‍ച്ചാലുകള്‍..
വീണ്ടുമുരുകാന്‍ കാരണങ്ങള്‍ നൂറു..
സ്കൂളിലേക്കുള്ള പോക്കില്‍,
ബാഗ് ചുമന്നു കുഞ്ഞു തോളുകളും,
ഷൂസ് ഇറുകി പാദങ്ങളും... വേദനിക്കുന്നുണ്ടാവുമോ...?
മുടി മുറിക്കാന്‍ കാലമായോ...?
ഇളകിത്തുടങ്ങിയ മുന്‍പല്ലിന്റെ സ്ഥിതി എന്തായി....?
മറ്റു കുട്ടികള്‍ ദ്രോഹിക്കുന്നുണ്ടാവുമോ...?
പഠിക്കുന്നതില്‍ പാതിയെങ്കിലും ബുദ്ധിയില്‍ പതിയുന്നുണ്ടാവുമോ..?
വീണ്ടും....സ്കൂള്‍ ബസ്സ് വരാന്‍ വൈകുന്നതെന്തേ???
ആയിരക്കണക്കിനു സമാനവാഹനങ്ങള്‍ക്കിടയിലും...
നിനക്കായി മൂര്‍ച്ച കൂട്ടിയ -
കഴുകന്‍ കണ്ണുമുനകളുടെ കാന്തശക്തി കണ്ടെത്തുകയായി നിന്നെ...
വാല്‍സല്യം കൊണ്ടെനിക്ക് സഹികെട്ടു...
പ്രാണന്റെ പിടച്ചിലിനിയും.. തീരുന്നില്ല..
എന്നാണൊന്നു വലിയവനാകുക..?
വേച്ചു പോവുമമ്മയ്ക്കു..പാദങ്ങളാകുവാന്‍...
തളര്‍ന്നുപോകുമമ്മയ്ക്കു താങ്ങാകുവാന്‍...
പ്രാണന്റെ കനല്‍ വീണ്ടുമെരിയുകയാണു...
നിന്നെ ഓര്‍ത്തു...
നിന്നെ മാത്രമോര്‍ത്തു...