ബ്രാക്കറ്റില്‍ ഒരു കവിത


കഴിഞ്ഞ മാസമാണു
സര്‍വാംഗം അമ്പരപ്പിച്ച്
പാര്‍സല്‍ വന്നത്
പിങ്ക് നിറത്തില്‍
പ്രൈസ് റ്റാഗ് പോലും
പൊട്ടിക്കാതെ
അളവെടുത്തു തയ്പ്പിച്ചത്
പോലൊരു ബ്രാ

പൊക്കിളില്‍നിന്ന് പേടി കഴുത്തിലേക്ക് വന്നു
ആധി ആമാശയത്തില്‍കുത്തിമറിഞ്ഞു.

ആര്‍ക്കാണിത്ര ചങ്കൊറപ്പ്
പേരില്ല, സ്ഥലമില്ല
എന്നേക്കാള്‍കള്ളത്തരം പഠിച്ചവന്‍
കൈയ്യില്‍കിട്ടിയിരുന്നെങ്കില്‍
നുറുക്കി കടലിലെറിഞ്ഞേനേ !

ആ‍രുടെ സ്നേഹമാണു
മുലക്കച്ചയുടെ രൂപത്തില്‍

ദിവസം ഒന്നു കഴിഞ്ഞു
രണ്ടും മൂന്നും കഴിഞ്ഞു
സംഭ്രമം കാറ്റില്‍പറന്നു.
ഒരു ചിരി.
ഓര്‍ത്തോര്‍ത്ത് ചിരിയോട് ചിരി.

അങ്ങനെയങ്ങനെ
ആ പിങ്ക് തുണിക്കീറിനോട്
പിരിയാനാവാത്ത കൂട്ടായി.
ആഴ്ച്ചയിലൊരിക്കലെങ്കിലും
മുലകള് പിങ്ക് നിറത്തിലായി

നീ വരും വരെ


പതിനേഴ് വയസ്സുള്ള
വസന്തമാണ്
കാലുകള്‍ നീട്ടിവച്ചങ്ങനെ
നടന്നകലുന്നത്നെഞ്ചില്‍ പിച്ച വച്ച
അതേ കാലുകള്‍

*

പോകുമ്പോള്‍ തിരിഞ്ഞു നോക്കരുത്
കണ്ണ് നനക്കരുത്
ഉള്ള് തുളുമ്പരുത്

ഓര്‍മ്മിപ്പിക്കുകയാണ്
പറഞ്ഞതൊക്കെയും

നാനാവശവും
കൂര്‍ത്ത് മുര്‍ത്ത
വജ്ജ്രതുണ്ടാവണമെന്ന്
കാരിരുമ്പ് പോലെ ഉറപ്പുണ്ടാകണമെന്ന്
ഏത് ഇരുട്ടിലൊളിപ്പിച്ചാലും
വെട്ടി വിളങ്ങണമെന്ന്
അറിയാതപായപ്പെടു-
ത്താനടുക്കുന്നവന്‍
മുറിവേല്‍ക്കണമെന്ന്
മുതിരേണ്ടിയിരുന്നില്ല നീ,

ജനിക്കേണ്ടിയേയിരുന്നില്ല നീ

*

വീടും പരിസരവും
ഓരോ അണുവും
ആരായുന്നു
അവളെവിടെ
എവിടെ
എവിടെയെന്ന്

വരും വരുമെന്ന്
സമാധാനം പറഞ്ഞ്
സഹികെട്ടിരിക്കുന്നു

*
നീ വരേണ്ട
ദിനങ്ങളെണ്ണിത്തുടങ്ങട്ടെയോ
അത് വരെ,

വീട് നിറഞ്ഞ് ചിലമ്പുന്ന
കുട്ടിക്കുറുമ്പിന്റെ മേളമില്ലാതെ
ഉതിര്‍ത്ത് നാലുപാടും
ചിതറിയെറിയുന്ന
ഉടുപുടവകളുടെ
സാന്നിദ്ധ്യമില്ലാതെ

സന്ധ്യാപ്രാര്‍ത്ഥനകളില്‍
നേര്‍ത്ത് കൊഞ്ചിയ
സ്വരത്തിന്റെ ഈണമില്ലാതെ
നിദ്രയില്‍ പോലുമുതിര്‍ന്നിരുന്ന
കുണിങ്ങിച്ചിരിയുടെ
താളമില്ലാതെ

പിടിക്കപ്പെടാന്‍ പാകത്തിന്‍
മുഖം താഴ്ത്തിനിന്ന് വിളമ്പുന്ന
നുണകളുടെ മധുരമില്ലാതെ ….

*

രാവുകളെ ചങ്ങലക്കിടാം
പകലുകളെ ഗര്‍ഭചിദ്രം ചെയ്യാം
അതു വരെ

നീ,
നീയൊരാള്‍ക്ക് വേണ്ടി മാത്രം
അടി വയര്‍
ഉച്ചത്തില്‍ പിടഞ്ഞുകൊണ്ടിരിക്കും
മുലകള്‍
പരിസരം മറന്ന് വിങ്ങിക്കൊണ്ടേയിരിക്കും

നീ വായിക്കുമ്പോള്‍, നീ വായിക്കപ്പെടുന്നത്


കാലത്തെ നമസ്കാരം കേട്ടാലറിയാം
തലേരാത്രിയില്‍,
എത്ര ലാര്‍ജ്ജിലായിരുന്നു
ജ്ഞാനസ്നാനമെന്ന്
ഉറക്കക്കേടിന്റെ
ഏതൊക്കെ ശവപ്പറമ്പുകളാണു
ബാക്കിവെച്ചിരിക്കുന്നതെന്ന്'

റ' 'ഋ' കാരങ്ങള്‍ക്ക്‌
ഇത്ര ക്രൗര്യമെന്തിനു?
നോര്‍മലെന്നു
സ്വയം ബോധിപ്പിക്കാനോ?

വഴക്കടിച്ചിട്ടാണെങ്കിലോ
നീ പിണങ്ങിയാല്‍ എനിക്കൊരു കോപ്പുമില്ലന്ന്
ഇല്ലാത്ത ഊര്‍ജ്ജം
വാക്കുകളില്‍ കയറ്റാന്‍ ശ്രമിച്ച്‌,
പിന്നെ തോറ്റ്‌
എന്തിനാണിങ്ങനെ നാണം കെടുന്നത്‌.

വീട്ടിലവളോട്‌ കലഹിച്ചിട്ടെങ്കിലോ
ശൂന്യാകാശത്തു നിന്ന് വരുന്നവന്റെ ശബ്ദം
അവളെയെങ്ങനെ തോല്‍പ്പിക്കാന്‍?
നിനക്കറിയാം
അവള്‍ക്ക്‌ വാര്‍ത്തകള്‍ അലര്‍ജിയാണെന്ന്..

സഭയും ഇടയലേഖനവും
പിണറായിയും ചാണ്ടിയും
പക്ഷിപ്പനിയും ഭൂമി ക്രയവിക്രയങ്ങളും
കര്‍ഷകാത്മഹത്യയും, അരിവിലയും
അവലോകിച്ചവലോകിച്ച്‌
നീ ഹിമാലയം കയറുമ്പോള്‍
എവിടെയോ വാക്കിടറിയേക്കാമെന്ന്
ഭയമാണു വരിക
കുഴപ്പമൊന്നും വരുത്തല്ലേയെന്ന പ്രാര്‍ത്ഥനയും

ഇടതുകാര്‍ നിന്നെ വലതനെന്നും
വലതുകാര്‍ ഇടതനെന്നും
നിന്റെ നേരെ മുഷ്ടി ചുരുട്ടുമ്പോള്‍
ഇതു രണ്ടുമല്ല നീയെന്ന
നേരു ആരറിയുന്നു

കാമുകന്‍ തൂങ്ങിമരിച്ചെന്ന് !
ഇടപ്പള്ളിയുടെ സ്വരമിങ്ങനെയായിരുന്നുവോ?

ആകാശം ഭാഗികമാണെന്ന് !
ആന, ഇടഞ്ഞ പാപ്പനെ കുത്തിയെന്ന്!!
ഏതുവനത്തിലെ ഒറ്റയാനായി മേയാന്‍ പോയി
ചിന്തകളാനേരത്ത്‌!!

ഒക്കെപ്പറഞ്ഞാലും,
കുമരകം ബോട്ടപകടത്തില്‍,
15 കുഞ്ഞുങ്ങളൊന്നിച്ച്‌ മരിച്ചെന്ന് വായിച്ചപ്പോള്‍
ഒരു മകളില്ലാഞ്ഞിട്ടും
നിന്നിലെ അഛനങ്ങനെ വിങ്ങി നനഞ്ഞ്‌

പീഡന തകര്‍ച്ചകളില്‍
എത്ര സഹോദരന്മാരുടെ നിലവിളിയാണു
ആക്രോശങ്ങളായി
നിന്നിലൂടെ പിളര്‍ന്നത്‌

അതൊക്കെപ്പോവട്ടെ
ഷാര്‍ജ താമസസ്ഥലമായിക്കോട്ടെ
അബുദാബി പ്രിയ നാഗരമായിക്കോട്ടെ
എന്നിരുന്നാലും,
മഞ്ഞത്തും മഴയത്തും വെയിലത്തും
രണ്ടിടത്തും
ഒരേ ഡിഗ്രി സെല്‍ഷിയസ്‌ അടയാളപ്പെടുത്തി
എന്തിനാണു നീയെന്നെ ഇങ്ങനെ ചിരിപ്പിക്കുന്നത്‌.

കണ്ണുനീരിനും കടലിനുമകലെ സംഭവിക്കുന്നത്‌
പ്രണയത്തില്‍ ഞാനൊരു ക്ഷത്രിയനാണു
മരണം വരെയാണു യുദ്ധം
അല്ലെങ്കില്‍ പിന്നെയെന്താണിങ്ങനെ

റയില്‍വേ സ്റ്റേഷനില്
‍ആരും വരാനും പോകാനുമില്ലാഞ്ഞിട്ടും
തെക്കോട്ടും വടക്കോട്ടും പടരുന്ന
റെയില്‍ പാളങ്ങളെ നോക്കി,
ഇപ്പോള്‍ പിരിഞ്ഞാല്‍, പിന്നെയെന്ന്
എന്ന് സങ്കടപ്പെട്ട്‌
സയാമിസ്‌ ഇരട്ടകളെപ്പോലെ ഞങ്ങളിരുന്നു.
പിന്നെ ചങ്കും കരളും പറിച്ച്‌
അന്യോന്യം ഏല്‍പ്പിച്ചു കൊടുത്ത്‌
അലഞ്ഞു തീര്‍ത്ത വഴികള്‍.
പൊള്ളിത്തീര്‍ത്ത വെയിലുകള്‍
കഴിച്ചു തീര്‍ത്ത മസാലദോശകള്‍
തീര്‍ക്കാന്‍ കഴിയാഞ്ഞ ഞാറാഴ്ച കുര്‍ബാന
കാണാതെ ബാക്കി വെച്ച സിനിമ.

ഒരു മഴ വന്നിരുന്നെങ്കില്‍
എന്നു പറഞ്ഞപ്പോഴേക്കുമെത്തിയ
മഴയുടെ ചാറ്റല്‍

ഞാനൊരു ലൈം സോഡയും
നീയൊരു സിസ്സേര്‍സ്‌-ന്റെ പുകയും
തീര്‍ക്കാനെടുക്കുന്ന സമയ കൃത്യത.

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നു-
മിഴിചിമ്മിയടയുന്ന വേഗതയിലൊരുമ്മ
റിക്ഷയിലും, ബസുകളിലുമിരുന്ന്
പരസ്പരം വേരിറങ്ങിപ്പോയിട്ടും
ഇടതും വലതും മുറിച്ചെടുത്ത്‌

വിമാനതാവളത്തിലെ
സെക്യൂരിറ്റി-ക്രോസ്സിനു പിന്നില്‍
ചങ്കറ്റു നിന്ന നിന്റെ ദീനതയാണെന്റെ
ഒടുവിലെ കാഴ്ച

ഇപ്പോഴെന്ത്‌?
നമ്മുക്കിടയില്‍
നീന്തിക്കടക്കാനാവാത്ത
എത്ര എത്ര കടലുകള്‍.