ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും.


ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്
14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു
ബി.പി കൂടുന്നു.
കണ്ണുകളില്‍ നയാഗ്ര മറിയുന്നു
രാവു വെളുപ്പിക്കുവാന്‍ നെഞ്ചു തിരുമ്മുന്നു.
പിറ്റേന്ന്
നൂറില്‍ മുപ്പത്തഞ്ച്‌ മാര്‍ക്ക്‌ കണ്ടു
നൂറു സൂര്യന്മാര്‍ ഒന്നിച്ചുകത്തിയിരിക്കുന്ന
രണ്ട്‌ കുഞ്ഞുകണ്ണുകള്‍
അമ്മയുടെ നെഞ്ചിലെ തീയണച്ചിരിക്കുന്നു