പെൺമക്കൾ

പരിഭവമൊന്നുമില്ല
വിളിച്ചോളൂ
അറും പിശുക്കിയെന്നു തന്നെ വിളിച്ചോളൂ
എന്നാലും ധൂര്‍ത്തത്തിയാവാൻ കഴിയില്ല.
പെപ്സി വാങ്ങുമ്പോൾ
ഒന്നിനെ പതിമൂന്നു കൊണ്ടു ഗുണിക്കാൻ പഠിപ്പിച്ചത്
അപ്പനല്ല
അമ്മയല്ല
കെട്ടിയോനല്ല
ജീവിതവും,  
ജീവിതം തന്ന പെൺമക്കളുമാണ്.

ഒരു സാരി വാങ്ങിയ കാലം ഓർമ്മയിലില്ല
ഞാനെന്നെ പാപ്പരായി പണ്ടേ
പ്രഖ്യാപിച്ചു കഴിഞ്ഞതാണു 

മീന്‍ ചന്തയില്‍,
ചാളയാണ് വിറ്റാമിന്‍ കൂടിയ ഇനമെന്ന്,
ഓടിക്കിതച്ചെത്തും ആരോഗ്യ ചിന്ത.

ക്രെഡിറ്റ് കാര്‍ഡിന് താമസപ്പിഴ അടക്കുന്നവരെക്കണ്ട്
ധനികർക്കല്പം മറവിയുമാകാമെന്ന് കുശുമ്പു കുത്താം

മിസ്സ്കോളടിക്കാന്‍ പൈസയൊന്നുമാവല്ലടീന്ന്
കടലിനിപ്പുറത്തു നിന്ന് ഒരു തമാശ
എസ്സ്. എമ്മം. എസ്സായെത്തും 
അറീയ്യോ, രണ്ടു പെണ്മക്കളാണെനിക്ക്
അതുകൊണ്ട്
വേണ്ട;
വിളിയിലും പറച്ചിലിലുമല്ല..
സ്നേഹമുള്ളിലാണെന്നൊരു വാക്ക്
ആരോ നാവിന്‍ തുമ്പിലെത്തിക്കും 

വെടിപ്പില്ലാത്തവളെന്ന് വേലക്കാരിയെ പിരിച്ചയച്ചും
സമയലാഭമെന്ന് പ്രഷറ്കുക്കറില്‍ വേവിച്ചും 
എടുത്താല്‍ പൊന്താത്ത
കമ്പിളികള്‍ നടുവൊടിഞ്ഞലക്കിയും
സൂക്കേടുകൾ സ്വയം ചികില്സിച്ചും  
ഹെന്നയിടല്‍ മാസത്തിലൊന്നാക്കിക്കുറച്ചും
വിങ്സില്ലാത്ത നാപ്ക്കിന്‍ പാഡുകള്‍ മതിയെന്നും
കുറച്ചൊക്കെ ലാഭിക്കുന്നു..
രണ്ടു പെണ്മക്കളെ മാന്യമായി അയക്കേണ്ടതുണ്ട്

സംശയിക്കണ്ട
കാറിനു പോലുമറിയാം
ഡ്രൈവറൊരു നിർദ്ധനയാണെന്ന്.
വേണ്ടാത്തിടത്തൊക്കെ പോയിക്കിടന്ന്
'പിഴ ' ച്ചു വരരുതെന്ന്.
120-നു മേലോട്ട് പാഞ്ഞുള്ള അഹമ്മതി വേണ്ടായെന്ന്
ഒറ്റച്ചവിട്ടിനു 160-ലെത്തിക്കാന്‍ മേലായ്കയല്ല
വേണ്ട
റഡാറുകൾ വഴിനീളെ കണ്ണും തുറന്ന്
കൊറ്റികളായ് പതുങ്ങുന്നുണ്ട്.


നീയെന്താടീ ഇങ്ങനെ?
എന്നു മുതലാടീ ഇങ്ങനെയായി പോയത് ?
സഹപ്രവര്‍ത്തകരേ,  നിങ്ങള്‍ക്കറിയുന്നതാണല്ലോ
പെണ്മക്കളെ നന്നായി അയക്കേണ്ടതുണ്ട്
അല്ലെങ്കില്‍ തന്നെ,
അമ്മൂമ്മ ചത്ത വകേലും
അമ്മായി പെറ്റ വകേലുമൊക്കെ
ചിലവു ചോദിക്കുന്ന  
നിനക്കൊന്നും പറ്റിയ
ഉത്തരമെന്റെ പക്കലില്ല
ചിലവാക്കല്‍ പ്രതീക്ഷിക്കണ്ട !!
എന്നാലുമീപ്പെണ്ണിങ്ങനെയായി പോയല്ലോന്നുള്ള
നിന്റെയൊക്കെ കുശുകുശുപ്പ്
കേട്ടില്ലാന്ന് വെയ്ക്കുന്നു.

ഒക്കെ കേട്ടിട്ട്
കോടീശ്വരിയാണെന്നു കരുതിപ്പോയോ ആരെങ്കിലും
ലക്ഷപ്രഭ്വിയാണെന്നെങ്കിലും ?

അല്ലേയല്ല.  
ഫെഡറല്‍ ബാങ്കിലെ, 3000 ഉറുപ്പികയാണ്
നീക്കിയിരുപ്പെന്ന് ആരു വിശ്വസിക്കാനാണ്.


               ****  ശുഭം ****

2 comments:

ajith said...

വല്ലാത്ത പിശുക്കത്തി തന്നെ

Kuzhur Wilson said...

അതിലെ 2000 ഒരാള്‍ ചോദിച്ചിരുന്നു