ജന്മദിനം

വയസു കൂടുകയാണെന്നത്
കാഞ്ഞിരം പോലെയാണ്‍
മുറിയടച്ച ഇരുട്ടിലിക്കാന്‍ തോന്നും
മുറിക്കു മുന്നില്‍
ചത്തു പോയീന്ന് ബോര്‍ഡ്
തൂക്കാമെന്ന്  വിചാരിക്കും.

പാതിരാത്രി പന്ത്രണ്ടടിക്കാന്‍ കാത്തുനിന്ന്
പിന്നിലൂടൊരു വാരിപ്പിടുത്തമുണ്ട്
ഞാനാണാദ്യമെന്ന്
ഒടുക്കം പെറ്റവന്റെ വക.

അതേ നേരം തന്നെ എട്ടു ദിക്കുമിളക്കി
അമ്മേ - യെന്ന് ഒരു മെസ്സേജ്
ഒരു സമ്മാനം ഒളിച്ചു വെച്ചിട്ടുള്ളയിടം
ചൂണ്ടിക്കാട്ടി മൊബൈല്‍ പൊട്ടിച്ചിരിക്കും

തൊട്ടടുത്ത നിമിഷം
കണ്ണും തിരുമ്മിയൊരു വിളി ഞെട്ടിപ്പിടഞ്ഞെത്തും
മറിയക്കുട്ടിയാണ്‍.

ഇതമ്മയ്ക്ക് കൊടുത്തേയ്ക്ക് എന്ന്
ഒരു സാരിപ്പൊതി  കൈമാറി കൈമാറി
നീണ്ടു വന്ന്
മൌനമായി
സ്നേഹത്തെക്കുറിച്ച്
പ്രഭാഷണം നടത്തി കൊണ്ടിരിക്കും

നീ,
നീ മാത്രം
ഈ ദിവസം
ഇന്നെന്നെ മറക്കണമെന്നാഗ്രഹിക്കും
അടുത്ത്ത പിറന്നാള്‍ വരെ
അല്ല
ജീവിതാവസാനം വരെ
കുത്തു വര്‍ത്തമാനത്തിനൊരു കാരണം കാത്തു ഞാനിരിക്കും.

എന്നാലുമെത്തും
തൊപ്പിവെച്ച മൊട്ടുസൂചി മുതല്‍
പാവകള്‍, മിഠായികള്‍ 
തൂവാലകള്‍, ചുവപ്പു പൊട്ടുകള്‍, കുപ്പിവളകള്‍
പേരറിയാത്ത ഇലകള്‍, മെഴുതിരികള്‍
പുസ്തകങ്ങള്‍
അതിനുള്ളില്‍ എനിക്കിഷ്ടപ്പെടാന്‍ സാധ്യതയുള്ള വരികള്‍
ഉമ്മകള്‍.
ജീവന്റെ കുഞ്ഞനക്കങ്ങള്‍.
എന്നിട്ടും അനക്കമറ്റ് ഞാനങ്ങനിരിക്കും

അപ്പോള്‍
അപ്പോള്‍ മാത്രം,
ഒരു കൊച്ചു കടലാസു തുണ്ടില്‍
നീലമഷിയില്‍
നെല്ലിക്ക വലുപ്പത്തില്‍ 
‘വിഷമിക്കല്ലേ ; ഞാനില്ലേ-ന്ന്’ രണ്ടുവാക്കുകള്‍ നീണ്ടുവരും

ഒറ്റ നിമിഷം.

സ്നേഹത്തിന്റെ തുരുത്തില്‍ നിന്ന്
ഒരു പച്ചക്കൊടി പാറിക്കളിക്കും.

ഒരു കൊല്ലം കൂടി ജീവിച്ചേക്കാമെന്ന്

ഞാനങ്ങു തീരുമാനിക്കും..
    
      *******

4 comments:

Raees hidaya said...

വായിച്ചു.

Harinath said...

സ്നേഹത്തിന്റെ തുരുത്തിൽ നിന്ന് പച്ചക്കൊടികൾ പാറിക്കളിക്കട്ടെ...

Unknown said...

ഇഷ്ടായി...ആത്മാവിൽ തൊടുന്ന ചിന്തുകൾ!

Unknown said...

നന്നായിട്ടുണ്ട്.