പ്രിയ നഗരത്തിലെ
പ്രൈവറ്റു ബസ്റ്റാന്റിനരികെ
ബോധിവൃക്ഷത്തിനു കീഴെ ബസുകാത്തു നില്‍ക്കെ
നിന്നെ ഓര്‍മ്മ വന്നു
നമ്മുടെ സ്നേഹത്തെ ഓര്‍മ്മ വന്നു.
നഗരം അതിസുന്ദരിയെന്ന്
പരസ്യക്കമ്പനി വാണിജ്യവല്‍ക്കരിക്കുന്നു.
സുന്ദരി തിരക്കിലാണു.
നഗരം ചോന്നു ചോന്ന് തവിട്ടും
പിന്നെ കറുപ്പുമായിരിക്കുന്നു.
നമ്മുടെ സ്നേഹം പോലെ തന്നെ.
എന്തൊരു തിരക്കാണു
ഓട്ടോകള്‍ക്കു
സൂപ്പര്‍ ഫാസ്റ്റിന്
ഭംഗിയുള്ള കാറുകള്‍ക്ക്
അപ്പനെയും അമ്മയെയുമൊഴികെ
എന്തും വിറ്റു മദിക്കുന്ന
‘ചാലക്കുഴി‘ മാര്‍ക്കറ്റിനു.
തിരക്കേറി ഏറി
മൌനത്തിലേക്ക് മറിയുന്നു സര്‍വ്വം
ഉദ്ദേശമോ, ദുരുദ്ദേശമോ ഇല്ലാതെ
ദിക്കും ദിശയുമില്ലാതെ
മേഘങ്ങള്‍ മാത്രം സവാരിനടത്തുന്നു.
പരിചയക്കാരെ കണ്ട് അകലുന്നു.
പരിചയക്കാരകലുമ്പോള്
അടുക്കുന്നു.
നഗരം പോലെയാണ്
നമ്മുടെ സ്നേഹമെന്ന് ആര്‍ക്കാണറിയാത്തത്.
ഈയിടെയായി
മൌനമാണു നമ്മുക്കിടയില്‍ സംസാരിക്കുന്നത്.
വല്ലപ്പോഴുമുള്ള വാക്കുകള്‍ * ജോണി ലൂക്കോസിനെപ്പോലെയാണു
കണ്ണില്‍ കൌശലവും,
ചുണ്ടില്‍ കപടച്ചിരിയും വെച്ച്
നൂറു കുടുക്കു ചോദ്യങ്ങള്‍
പുരികക്കൊടികളിലും നെറ്റിത്തടത്തിലും
വരെ
ചോദ്യചിഹ്ന്നങ്ങള്‍.
എത്ര ചോദിച്ചാലും
എത്ര കേട്ടാലും തൃപ്തിയില്ല.
നമ്മള് നമ്മളെത്തന്നെ വെട്ടില്‍ വീഴ്ത്തി രസിക്കുകയാണ്.
റോഡുവക്കില്‍
നമ്മുടെ ഛായയുള്ള
ചാവാലിപ്പട്ടികള്
അഴുകിചീഞ്ഞ കെട്ടുകള്‍ മാന്തി തുറക്കുന്നു
അകം ശൂന്യമെങ്കിലും മുറുമുറുക്കുന്നു
പരസ്പരം ആക്രമിക്കുന്നു
ക്ഷീണിച്ച് വാലും താഴ്ത്തിയകലുന്നു.
നീ മദ്യത്തിലേക്കും
ഞാന്‍ മറ്റു സ്നേഹങ്ങളിലേക്കും
പിച്ചതെണ്ടുന്നു.
നക്കാപിച്ച തീരുമ്പോള്‍
നാം നമ്മിലേക്കു തിരിച്ചു വരുന്നു.
രാവു മൂത്തു പഴുക്കാന്‍ തുടങ്ങുന്നു.
നഗരം മഴയെ കമ്പളമാക്കുന്നു.
തട്ടുദോശയുടെ, പൊറൊട്ടയുടെ
ഓംലെറ്റിന്റെ മണം പൊട്ടുന്നു.
അവസാന ബസുകയറി വളവു തിരിയുമ്പോള്‍
ആലുക്കാസ് ബില്‍ഡിങ്ങും
മറ്റൊരു വളവു തിരിയുമ്പോള്‍
ദീപാ ടവറും അലങ്കാരങ്ങളില്‍ ചുവന്നു തുടുക്കുന്നു
നമ്മുടെ സ്നേഹം മാതിരി തന്നെ.
------- XX ------
* ജോണി ലൂക്കോസ് - മലയാളത്തിലെ പ്രശസ്തനായ അഭിമുഖകാരന്.
2 comments:
തിരുവല്ല എന്റെ ആരുമല്ല
ഒരു നൂറു ബാല്യകാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന സ്ഥലങ്ങൾ ...തിരുവല്ല എന്റേതാണു. മറ്റാർക്കും വിട്ടു കൊടുക്കില്ല...നന്ദി..ഓർമ്മിപ്പിച്ചതിനു.
Post a Comment