കാല് വിരലുകളിലേക്കു നോക്കി
പഴയതുപോലെ തന്നെ
പ്രായമേറിയിട്ടുണ്ട് അത്രമാത്രം
ആദ്യരാത്രിയിലും
തുടര്‍ന്ന് പലരാത്രിയിലും പറഞ്ഞിരുന്നു
പെണ്ണുകാണലിനു
മുഖത്ത് ചിരിയും വകതിരിവില്ലായ്മയും നിറച്ച്
കോട്ടാ സാരി വിടര്‍ത്തി
മെലിച്ചില്‍ മറച്ചുപിടിച്ച്
ഇറങ്ങിയുള്ള വരവ്
നന്നേ പിടിച്ചുപോയിരുന്നുവെന്ന്
കാല് വിരലുകളുടെ
വെടിപ്പും ചന്തവും
അതിലേറെ പിടിച്ചുവെന്ന്
കാണുന്നതിനും മുന്‍പുകിട്ടിയ
കുഞ്ഞു ഫോട്ടോയിലെ
സൂക്ഷ്മമായി നോക്കിയാല്‍ മാത്രം കാണുന്ന
പൊടിമീശ വല്ലാതെ രസിപ്പിച്ചുവെന്ന്
അങ്ങനെ പിന്നേയും പലതും പലതും
.
എത്ര കാലമായി ഒക്കെ കേട്ടിട്ട്
ഒന്നുമോര്‍ക്കാത്തതെന്താണു
ഭൂതകാലത്തിന്റെ
റി-വൈന്‍ഡ്-ബട്ടണ്‍ തകരാറില്‍പെട്ടുവോ
പിറന്നാളുകളും വാര്‍ഷികങ്ങളും
ഏതലമാരയില്‍ വെച്ചുപൂട്ടിയിരിക്കുന്നു
ഒന്നും ശീലമല്ലായ്മയല്ലന്ന്
ഒന്നും രണ്ടും വര്‍ഷങ്ങളിലെ
സമ്മാന സാരികള്‍ സാക്ഷ്യം പറയുന്നുണ്ടു.
ചുരുങ്ങിയത്
കഴിച്ചുവോ
കുടിച്ചുവോ
വേദനിക്കുന്നുവോ എന്നെങ്കിലും
എന്താണിങ്ങനെ
വിരസത പാഞ്ഞുവന്നു
പെരുവിരലോളം തൊട്ടു.
തിരിഞ്ഞും മറിഞ്ഞും
കണ്ണാടിയില്‍ നോക്കി
കുനിഞ്ഞ് കാല്‍വിരലുകളെ കണ്ടു
ഒക്കെ പഴയതു തന്നെ
59 comments:
കാല് വിരലുകളിലേക്കു നോക്കി
പഴയതുപോലെ തന്നെ
പ്രായമേറിയിട്ടുണ്ട് അത്രമാത്രം
കാല്പനികതയുടെ
കുളിരുള്ള വരികള്‍
അര്‍ത്ഥതലത്തിന്റെ
കാഠിന്യം
അതിലേറെ
സൗകുമാര്യം...
അഭിനന്ദനങ്ങള്‍...
ചിതറിപ്പോയ ഫോണ്ട്
വായനാസുഖം നഷ്ടപ്പെടുത്തുന്നുവെന്ന് പറയാതെ വയ്യ...
ഇതേ ടോണിലുള്ള കവിത കല്പറ്റ പണ്ട് എഴുതിയിട്ടുണ്ട് (മണ്ണാങ്കട്ടയും കരിയിലയും)
എഴുത്തില്‍ ജെന്‍ഡറിന്റെ വ്യത്യാസം എത്ര വലുതാണെന്ന് ഇതു വായിക്കുകയും കല്പറ്റയുടെ കവിത ഓര്‍ക്കുകയും ചെയ്യുമ്പോള്‍ തൊന്നുന്നു.
നല്ല കവിത, തലക്കെട്ടൊഴിച്ചാല്‍.
തലകെട്ടിന്റെ ചന്തം പോര. കവിത കൊള്ളാം.
നല്ല കവിത
ദേവസേന,
മനോഹരം.മയക്കുന്ന വാക്കുകള്‍.നന്ദി.
നല്ല കവിത. ഇഷ്ടമായി.
കവിത ഇഷ്ടമായി:)
നന്നായി!
അതെ, എല്ലാം പഴയതു തന്നെ!
കെട്ടുപിണഞ്ഞ നൂലുകള്‍ വിരസത മറന്നു വേര്‍തിരിച്ചെടുത്തതുപോലെ വൃത്തിയുള്ള വരികള്‍! അഭിനന്ദനങ്ങള്‍!
ഹോ എന്തു നല്ല വരികള്‍?
ഒരു കവിത വായിച്ചു ഞാന്‍ എഞ്ജോയ് ചെയ്ത അപൂരവ്ം സന്ദര്‍ഭങ്ങളീല്‍ ഒന്നാണ് ഇത്...
ആശംസകള്‍ എഴുത്തുകാരി!!!
ആ തലക്കെട്ട് മുഴുവനും അങ്ങ്ട് ആംഗലേയത്തിലാക്ക്.അതാവും നല്ലത്.നിങ്ങളെ പോലുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍വേണം മലയാള ഭാഷയെകൊല്ലാന്‍.കവിയാത്രെ!മലയാള കവി!(അതോ കവയത്രിയോ?)
നല്ല കവിത...
എല്ലാം പഴയതു പോലെ തന്നെ!
നന്നായി.
:)
കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം എഴുതിയ കവിത വളരെ ഇഷ്ടമായി ദേവസേന. പലരും പറഞ്ഞത് പോലെ തലകെട്ടിനു ഒരു അഭംഗി.
കവിത ഇഷ്ട്ടമായി. തലക്കെട്ട് ഒഴികെ
ആചാര്യന് ഷിബു എന്നൊക്കെ പറയുന്നതിലെ ഒരു ഇതു പോലെ. എന്നാലും അതൊക്കെ എഴുത്തുകാരിയുടെ ഇഷ്ട്ടം.
പിന്നെ അനംഗാരി,
“ ആ തലക്കെട്ട് മുഴുവനും അങ്ങ്ട് ആംഗലേയത്തിലാക്ക്.അതാവും നല്ലത്.“
ഇതു ഓക്കെ,
“നിങ്ങളെ പോലുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍വേണം മലയാള ഭാഷയെകൊല്ലാന്‍.
കവിയാത്രെ!മലയാള കവി!(അതോ കവയത്രിയോ?)“
ഇത് അല്പ്പമല്ല, കടന്ന് പോയി
താന്‍ ഒരു ഭാഷാസംരക്ഷകയാണെന്നോ, സാംസ്കാരിക നായികയാണെന്നോ, കവിയാണെന്നോ ദേവസേന എവിടെയും അവകാശപ്പെട്ടതായി അറിവില്ല.
വാക്കുകള്‍ സൂക്ഷിച്ക് ഉപയോഗിക്കാന്‍ കൂടിയുള്ളതാണ്
നല്ല കവിത.വായനക്കാര്‍ തലക്കെട്ടില്‍ തൂങ്ങുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല.
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്‍
നല്ല വരികള്‍.
തലക്കെട്ടില്‍ പുതുമയുണ്ട്:)
അങ്ങനെ ഒരു ദാമ്പത്യം ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു. നന്നായിരിക്കുന്നു.
menopause ന്റെ മലയാളം എന്താ?
(-ന്ക്കറീല്യാ ട്ടോ)
- ആദ്യമേ പറയട്ടെ:വിത്സന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
നല്ല കവിത ദേവസേനേ,
ജീവിതത്തിന്റെ ഒരു പ്രത്യേകാവസ്ഥയെ വളരെ ചടുലതയോടെ അവതരിപ്പിച്ചിരിക്കുന്നു. (ഭാര്യയോട് കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കും, ഇന്ന് ഞാന്‍!)
പിന്നെ:
“ഒക്കെ പഴയതു തന്നെ“
ആണോ?
പ്രിയ കുഴൂര്‍,
കവികള്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ തന്നെയാണ്.താനേത് ഭാഷയിലെഴുതുന്നുവോ, ആ ഭാഷയെ സംരക്ഷിക്കാനും, അതിന്റെ നിലനില്‍പ്പിനായി പൊരുതാനും ഒരു കവിക്ക് ബാധ്യതയുണ്ട്.അവന് സമൂഹത്തോട് കടപ്പാടുമുണ്ട്.ഓരോ കവിതയെഴുതുമ്പോഴും,അതിലെ ഓരോ വരികളും കവി സൂഷ്മതയോടെ വേണം തെരെഞ്ഞെടുക്കാന്‍.തലക്കെട്ട് പോലും.
ഓ:ടോ:ബ്ലോഗുള്ളത് കൊണ്ട് പലരും കവികളും കലാകാരന്മാരുമായി.മലയാള ഭാഷയുടെ ഒരു യോഗം.
അനംഗാരിക്കു വേണ്ടീ ആരെങ്കിലും ഒന്ന് വൃത്തത്തിലുള്ള കവിത എഴുതൂ... പ്ലീസ്...
-സങ്കുചിതന്
പ്രിയ സങ്കുചിതാ,
ഏതെങ്കിലും ഒരു ഉപജാപക സംഘത്തിന്റെ അപ്പോസ്തലനാവാതെ
എന്റെ പ്രതികരണം വായിച്ചിട്ട് മറുപടി എഴുതൂ.
എന്തായാലും സങ്കുചിതന് എന്ന് പേര് അന്വര്‍ത്ഥമാക്കിയതിന് നന്ദി.
എനിക്ക് വേണ്ടി ആരെങ്കിലും വൃത്തത്തില്‍ കവിത എഴുതണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.വൃത്തത്തിലെഴുതിയാലും, ഗദ്യത്തിലെഴുതിയാലും കവിത കവിത തന്നെയാണ്.അതുകൊണ്ട് എന്തു ചവറും കവിതയാണെന്ന ധാരണയൊന്നും എനിക്കില്ല.
സങ്കിചിതന് എന്നെ ഒരു മുന്‍വിധിയോടെയാണ് സമീപിക്കുന്നത്.അതിന്റെ തകരാറാണ്.
ഓ:ടോ:കവികള്‍ക്ക് ഭാഷയെ നിലനിര്‍ത്താനും, പരിപോഷിപ്പിക്കാനും ബാധ്യതയുണ്ടെന്ന് തന്നെയാണ് എന്റെ നിലപാട്.
Menopause എന്നതിനു എല്ലാവര്ക്കും മനസ്സിലാകുന്ന ഒരു മലയാളപദം ഉണ്ടാകുന്നതുവരെ ദേവസേന ഈ കവിത എഴുതാന്‍ പാടില്ലായിരുന്നു. അല്ലെങ്കില്‍ ഇടവഴികളില്‍ വെയിലുരുകുമ്പോള്,മഞ്ഞുകാലം, ശിശിരസംക്രമം ഈ മട്ടില്‍ ഒരു കാല്പനിക പട്ടുസാരി ഉടുപ്പിച്ച് പടിയിറക്കണമായിരുന്നു കവിതയെ. സമൂഹത്തിന്റെ ഷോവനിസത്തെ ചൊറിയാന്‍ പാടില്ലല്ലോ.. കവിയായിപ്പോയില്ലേ.
എല്ലാരും കൂടെ രക്ഷിച്ച് രക്ഷിച്ച് പെണ്‍വാണിഭത്തില്‍ പെട്ട പെണ്കുട്ടിപോലെ ആയിട്ടുണ്ടീ ഭാഷ. സ്വന്തം എഴുത്തിനെ ഈ സാംസ്കാരികനായകന്മാര്ക്ക് കൂട്ടിക്കൊടുക്കാനുള്ള ബാധ്യത തോന്നുന്നില്ലെങ്കില്‍ സ്വന്തം പെണ്മക്കളെ സ്നേഹിച്ചും ബഹുമാനിച്ചും വളര്‍ത്തുന്ന അമ്മയുടെ പ്രതിബദ്ധത തന്നെ മതി കവിക്ക് അവളുടെ ഭാഷയോടും. സാരിയുടുത്താലേ പെണ്ണാകൂ എന്ന് വാശിയുള്ളവര്‍ അവരെക്കൊണ്ട് ആവുന്നവര്ക്കൊക്കെ ഉടുപ്പിച്ചോട്ടെന്നേ.. അതും ഒരു രസം.
പാരസ്പര്യത്തിന്റെ ശാദ്വലഭൂമിയില് ദാമ്പത്യത്തിന്
menopause ഇല്ല, നിത്യയൌവ്വനം മാത്രമെന്ന് അനുഭവസാക്ഷ്യങ്ങള്‍ ഏറെ !
വയസ്സാവുന്നത് ദേഹത്തിനുമാത്രം..
ചെറുപ്പം എന്നും മനസ്സിനുണ്ടാവും അതിന് വയസ്സാവില്ല..
അല്ലേ ദേവസേനാജീ?
menopause എന്നാലാര്ത്തവ വിരാമമെന്ന് ജീവശാസ്ത്ര പുസ്തകം.
മാസാമാസമുള്ള അഴുക്കിന്റെ ചോരചൊരിയലുകളൊഴിവായി ശുദ്ധമാകുന്ന വിരാമം.
പുരുഷന്റെ മെനോപോസുമായി അണ്ട്രൊജെന് മരുന്നുകമ്പനികള്‍ ആഘോഷിയ്ക്കുമ്പോള്‍ ദാമ്പത്യത്തിനെന്തുകൊണ്ട് മെനോപോസായികൂടാ??.
വാനപ്രസ്ഥമെന്ന് എംടിയും ഷാജിയും പറയും. (പേരിന്റെ പേരിലൊരു തല്ലു വേണ്ടല്ലോ..)
കവിത നന്നായിട്ടുണ്ട്
നല്ല കവിത, അതിനിടെ തലേക്കെട്ട് കണ്ട് ഇത്ര വികാരം കൊണ്ടതെന്തെന്നു മാത്രം മനസിലാവണില്ല്യാ.. എന്നാലും ഒന്ന് മലയാളീകരിക്കാമയിരുന്നായിരിക്കാം...
ജീവിതകാഴ്ചകളുടെ ഒരു ക്രോസ് സെക്ഷന്‍ ആണ് പലപ്പോഴും ദേവസേന കവിതകള്‍.
നാളേ എന്ന അതി സുന്ദരമായതും എന്നാല്‍ എന്ത് എന്ന ചോദ്യവും ഉള്‍ചേര്‍ന്ന ആകുലതകളുടെ ആകെ തുകയാണ് ദേവസേന കവിതകള്‍. മാറ്റങ്ങള്‍ അനിവാര്യമാണ് അത് അംഗീകരിച്ചേ പറ്റൂ...!
അപ്പോഴും ഹൃദയത്തില്‍ തങ്ങി നില്ക്കുന്ന അതി ലോലമായ തന്തു പൊട്ടിപ്പോകുമോ എന്ന് ഭയക്കുന്ന ഒരു അമ്മയുടെ വ്യാകുലതകളും,
ഭാര്യ്യുടെ ചിന്തകളും
അതു പോലെ മകളുടെ സ്വപ്നങ്ങളും ഇഴചേരുന്ന വൈകാരിക തീക്ഷണത മുറ്റി നില്ക്കുന്നവയാണ് ദേവസേനയുടെ എല്ലാ കവിതകളും.
ദാമ്പത്യത്തിന്റെ menopause എന്ന കവിത പേരുകൊണ്ട് തന്നെ വേറിട്ടു നില്ക്കുന്നു.
ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തൂക്കി നോക്കുമ്പോള്‍ ബാല്യത്തിനും കൌമാരത്തിനും പിന്നെ യൌവ്വനത്തിനും വാര്‍ദ്ധക്യത്തിനുമിടയിലെ നശ്വരതയുടെ അനശ്വരതയും അതു പോലെ അനശ്വരതയുടെ നശ്വരതയും എടുത്തുകാട്ടുന്ന ഒരു നല്ല കവിത തന്നെയാണിത്. എന്നാല്‍ ദേവസേനയുടെ മറ്റു കവിതകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത്രയും ശക്തി ഈ കവിതയ്ക്ക് വന്നില്ലെന്നുതന്നെ പറയുകയും ചെയ്യാം. എങ്കിലും ഒരു കവിത എന്ന നിലയില്‍ ശക്തവും അന്തസ്സ് കാത്തു സൂക്ഷിക്കുന്നവ തന്നെ ഈ കവിത.
കമന്റുകളില്‍ ചിലതിനോട് പ്രതികരിക്കാതെ പോകുന്നത് അവരോട് ചെയ്യുന്ന അനീതിയാകുമെന്ന് കരുതിയതിനാല്‍ പ്രതികരിക്കാം:
അനംഗാരിയുടെ ഭാഷാ പ്രേമം വല്ലാതെ ചിരിപ്പിക്കുന്നു.
“ആ തലക്കെട്ട് മുഴുവനും അങ്ങട് ആംഗലേയത്തിലാക്ക്.അതാവും നല്ലത്.നിങ്ങളെ പോലുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍വേണം മലയാള ഭാഷയെകൊല്ലാന്‍.കവിയാണത്രെ!മലയാള കവി!(അതോ കവയത്രിയോ?)”
ഇവരാരും സുകുമാര്‍ അഴീക്കോടല്ലെന്ന് അനംഗാരി മറന്നെന്ന് തോന്നുന്നു. ഭാഷയെ ഉദ്ധരിക്കാന്‍ അനംഗാരി കാട്ടുന്ന ശ്രമം ഇത്രയൊന്നും ആയാല്‍ പോര. ഒരു ജാഥ തന്നെയോ അല്ലെങ്കില്‍ ഒരു നിരാഹാര സമരമെങ്കിലും നടത്തണം എന്നെനിക്ക് തോന്നുന്നു.
സാംസ്കാരിക പ്രവര്‍ത്തകരാണെന്ന് അനംഗാരി എപ്പോഴോ ധരിച്ചവശായിരിക്കുന്നു. മലയാള സംസ്കാരം വളര്‍ത്തുകയാണോ കവികള്‍ ചെയ്യേണ്ടത്?? എന്റെ മാഷേ അതിനൊക്കെ ശമ്പളം കൊടുത്ത് എം. മുകുന്ദന് എന്ന തേരട്ടയെ അവിടെ കുടിയിരുത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ഇടയ്ക്കിടെ വിളിച്ചു പറയുന്ന ശുപ്പാണ്ടിയായ അഴീക്കോടും. അധികാരം അവര്‍ക്ക് കിട്ടുമ്പോള്‍ ഇവിടെ എന്തോന്ന് സാംസ്കാരിക പ്രവര്‍ത്തനം മാഷേ….
ഭാഷയെ സംരക്ഷിക്കാന്‍ കവിക്ക് ബാധ്യതയുണ്ടെന്ന് താങ്കള്‍ എവിടെയോ വായിച്ചുമറന്നതാവും. അതൊക്കെ പഴയ കിഴവന് സിംഹങ്ങള്‍ പേരുകിട്ടാന്‍ എഴുതിയുണ്ടാക്കിയ സംഹിതകളല്ലേ മാഷേ… അതൊന്നും ഇന്തക്കാലത്ത് വിളിച്ച് പറഞ്ഞാല്‍ ചിലവാകില്ലെന്ന് അനംഗാരി മാഷ് ഇനിയെങ്കിലും മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും...
എന്റെ അഭിപ്രായത്തില്‍ കവിക്ക് കവിയോട് മാത്രമാണ് ബാധ്യത. വായനക്കാരോട് പോലും കവിക്ക് ബാധ്യതയില്ല. പിന്നല്ലേ സമൂഹത്തിനോട്. പണ്ട് ഇ. എം എസ്സ് നമ്പൂതിര്പ്പാടൊരു ചര്‍ച്ച കൊണ്ടുവന്നതാ.. ഇതിനെ കുറിച്ച്അതൊക്കെ ഇടയ്ക്ക് ഒന്ന് ഓടിച്ച് വായിക്ക്.
ബ്ലോഗ് ഉള്ളതു കൊണ്ട് പലരും കവികളായി എന്നു പറയുമ്പോള്‍ താങ്കള്‍ താങ്കളെ തന്നെ ഉന്നം വയ്ക്കുന്നതായും തോന്നുന്നു. കളിയറിയാവുന്നവന് ഗ്രൌണ്ടു പോലും ആവശ്യമില്ലെന്ന് അനംഗാരി മാഷ് മനസ്സിലാക്കൂ...
ഈ കവിതയ്ക്ക് ഈ തലക്കെട്ടല്ലെങ്കില് ഇതൊരു ബോറന് കവിതയായിപ്പോയേനേ എന്നും ഞാന്‍ സംശയിക്കുന്നു.
അനംഗരി മാഷിന് പരിഭവം തോന്നേണ്ട, താങ്കളുടെ അഭിപ്രായത്തോട് മാത്രേ വിയോജിപ്പുള്ളൂ
എന്ന് സ്നേഹപൂര്‍വ്വം
ഞാന്‍ ഇരിങ്ങല്‍
കാല് വിരലുകളിലേക്കു നോക്കി
പഴയതുപോലെ തന്നെ
പ്രായമേറിയിട്ടുണ്ട് അത്രമാത്രം
ദാമ്പത്യം പലപ്പോഴും വയസ്സറിയിക്കാറില്ല പലര്‍ക്കും, എന്നിട്ടല്ലേ ആര്‍ത്തവവിരാമം!
കവിതയില്‍ ഒരു മെഴുകുതിരിച്ചിരി ഇരുന്നുരുകുന്നു.
നന്നായിട്ടുണ്ട്.
ലളിതവും ശക്തവുമായ വരികള്‍..!
കുട്ടിക്ക് പേരിടുന്നത് മാതാപിതാക്കന്മാരാണ് അല്ലാതെ അയല്വക്കക്കാരല്ല,സുന്ദരനല്ലാത്ത ഒരു കുട്ടിക്ക് സുന്ദരന്‍ എന്നു പേരിട്ടാല്‍.. കുഴപ്പമാണൊ, കാക്കക്കും തന്ക്കുഞ്ഞ് പൊന്ക്കുഞ്ഞ്..!
‘’ഓ:ടോ:ബ്ലോഗുള്ളത് കൊണ്ട് പലരും കവികളും കലാകാരന്മാരുമായി.മലയാള ഭാഷയുടെ ഒരു യോഗം.‘’
ഈയൊരു മാധ്യമം ഉള്ളതുകൊണ്ടല്ലെ അനംഗാരിമാഷെ അങ്ങേക്കും ഇത് സാദ്ധ്യമായത്..?
ഈ തലക്കെട്ട് ഈ കവിതക്ക് ഏറെ യോജിച്ചിരിക്കുന്നതായി തോന്നുന്നു.
ഇതേ സബ്ജക്റ്റില്‍ തന്നെ ഓസ്ട്രാലിയന് എഴുത്തുകാരി
Germaine Greer വളരെ വിശദമായി Aging and the Menopause(1991)
എന്ന തന്റ്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.പ്രായമാകുന്നതിന്റെ അടയാളം.
ഇംഗ്ലീഷ് കവി ലോര്‍ഡ് ബെയ്റോണ്‍ അതെ സബ്ജക്റ്റില്‍ വിവരിച്ചിവരികള് ശ്രദ്ധിക്കൂ...
‘Though her years were waning,
Her climacteric teased her like her teen‘
വിഷയം അതിലാണ് പ്രാധാന്യം..പിന്നെ എളുപ്പത്തില്‍ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന രചനാ പാടവത്തിന്റെ
ശൈലികള്‍ ആണ് എഴുത്തുകാരന് താനെഴുതുന്ന കൃതികള്‍ക്കായി തലക്കെട്ടാക്കുന്നത്, തീര്‍ച്ചയായും അത് എഴുത്തുകാരന്റെ
സ്വാതന്ത്ര്യമാണ്.ഇനി ഞാന്‍ ഒരു കാര്യം പറയട്ടെ ഭാഷയെന്ന അതിര്‍ത്തിയില്‍ ഇക്കാര്യങ്ങള്‍ ബന്ധിച്ചിരുന്നെങ്കില് ലോകസാഹിത്യം
മുരടിച്ചവസാനിച്ചിരിക്കും. അക്കാദമിക തലങ്ങളില്‍ മലയാള സാഹിത്യം പഠിച്ചു വരുന്നത് കൊണ്ട് അയാള്‍ ഭാഷാ
പണ്ഡിതന് ആകുന്നില്ല, ഒരു തുറന്ന മനസ്സുള്ള വായനക്കാരനായിരിക്കും യഥാര്ഥ് ഭാഷാ പണ്ഡിതന്.
ആദ്യകാലങ്ങളില്‍ കെ ജി എസ്സ്, സച്ചിദാനന്ദന് പോലുള്ളവര്‍ കവിത എഴുതിയപ്പോള്‍ ഏറെ എതിര്‍ത്ത പലരും ഇന്ന്
ആ കവിതകളെ രണ്ട് കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന വസ്തുത നമ്മുടെ മുന്നില്‍ ഉദാഹരണമായി എടുക്കാം. വൃത്തമില്ലാത്ത
കവിത, പാടാനീണമില്ല, ഇതെന്ത് ഗദ്യ കവിത ? എന്നുള്ള ആക്ഷേപങ്ങളാല്‍ പല കൃതികളും അവഗണിച്ച കാലത്തെ മറികടന്ന്
ഇന്ന് സ്വയം പത്രാധിപരായി, വളരെ സ്വതന്ത്ര്യമായ നിലപാടില്‍ സ്വന്തം കവിത പ്രസിദ്ധീകരിക്കുന്ന,ചിന്താധീനരായ വായനക്കാരും എഴുത്തുകാരുമുള്ള ഈ യുഗത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുക, അഭിപ്രായങ്ങളും വിലയിരുത്തുന്ന വായനാ
സമൂഹം പിറകിലുണ്ടെന്ന്.
മാറ്റം, അതിന് നമ്മള് എന്നെ വിധേയപ്പെട്ട് കഴിഞ്ഞു.. മാറ്റം ഒരു തരത്തില്‍ അനിവാര്യവുമാണ്, കാലാ കാലങ്ങളില്‍
മാറ്റമുണ്ടായപ്പോള്‍ മലയാളത്തിലെന്നല്ല എല്ല ഭാഷയിലും കവിതകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നു. എഴുത്തച്ഛന് എഴുതിയ രിതിയിലല്ല വള്ളത്തോള്‍ എഴുതിയിരുന്നത്, വള്ളത്തോളിന്റെ രീതിയിലല്ല വൈലോപ്പിള്ളിയും, ചങ്ങമ്പുഴയും എഴുതിയിരുന്നത്.
വിഷയമെന്തായാലും അത് വളരെ ലളിതമായ ഭാഷയില്‍ വിവരിച്ചിരിക്കുന്നതിനാല്‍ ‘ദേവസേന കവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നത്.
കൌമാരത്തില്‍ നിന്നും ഒരുവള്‍ യാത്രയാകുന്നത് യൌവനത്തിലേക്കും; യൌവനത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കും.. യൌവനത്തില്‍ നിന്നും വിടപറഞ്ഞ് വാര്‍ദ്ധക്യത്തിലേക്കുള്ള ആ കാല് വെപ്പുകള്‍ അതാണി ‘മെനുപോസ്’. ശാസ്ത്രീയാടിസ്ഥാനത്തിലും (ഫിസിയോളജി) ഈ വിഷയം സ്ത്രീ കളുടെ ഇടയിലുണ്ടാക്കുന്ന മാനസീകമായുണ്ടാക്കുന്ന വ്യാകുലതകള്‍ ഏറെയാണ്.
‘തോളില്‍ ഒരു സഞ്ചിയും തൂക്കി ജുബ്ബാധാരിയായ അലഞ്ഞു നടക്കുന്ന എഴുത്തുകാരന്, ആ സങ്കല്‍പ്പം ഇനിയും ചില മനസ്സില്‍ നിന്നും മാറിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ വേദന തൊന്നുന്നു.
തുറന്ന മനസ്സൊടെ എഴുതുന്ന വരികള്‍ തുറന്ന മനസ്സൊടെ വായിക്കുവാനും വായനക്കാരന് തയ്യാറായല്‍ ഒരു പക്ഷെ ഭാഷയെ തന്റെ പല വിലയിരുത്തലുകള്‍ കൊണ്ട് നന്നാക്കാന്‍ സാധിക്കും എന്ന് തോന്നുന്നു.
ദേവസേനക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഓ ടൊ : കവികള്‍ക്കെന്നല്ല ഏതൊരു എഴുത്തുകാരനും അതേപോലെ തന്നെ വായനക്കാരനും ഭാഷയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള് എല്ലാവരും.
നല്ല കവിത.
ദേവസേനയുടെ കവിതകള്‍ ചില നേര്‍ക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ആശംസകള്‍
ദേവസേനയുടെ കവിത വായിക്കാന്‍ പ്രയാസമുണ്ട്.കമന്റ് ബൊക്സില് കോപ്പി പേസ്റ്റി വായിച്ചു. നല്ലത്.ജീവിതത്തെ ആര്‍ത്തവം കൊണ്ടും,ആര്‍ത്തവ വിരാമം കൊണ്ടും അളന്ന് നെടുവീര്‍പ്പിടുന്നതും ഒരു സുഖമാണ്.
കവിതകൂടാതെ ഇതിലെ കമന്റുകളും രസമായിരിക്കുന്നു.
ഇരിങ്ങലിന്റേയും,മുസ്സാരിസിന്റേയും കമന്റുകള്‍ അനുഭവങ്ങള്‍ പങ്കുവക്കുന്ന കവിതപോലെത്തന്നെ പ്രധാനമായിരിക്കുന്നു.
ശ്രദ്ധിക്കുക:
ദേവസേന എഴുതിയ കവിതയുടെ പേര് സ്ത്രീയുടെ ആര്‍ത്തവവിരാമം എന്നല്ല, “ദാമ്പത്യത്തിന്റെ മെനോപോസ്“എന്നാണ്.
കൊള്ളാം ദേവസേന
:)
ഉപാസന
നല്ല കവിത.
ലളിതവും,ഗംഭീരവും!
ഓര്‍ക്കാപ്പുറത്ത് പെയ്ത ഒരു പെരുമഴയത്ത്
അപ്പോള്‍ മാത്രം ആളുകള്‍ കാണാനിടയുള്ള
കടപ്പുറത്തെ നിരത്ത് വക്കിലെ ഓലഷെഡില്
മഴയെത്താത്ത ഉള്‍ഭാഗത്ത്
ചേര്‍ന്ന് ചേര്‍ന്നു നിന്നാണ് ഞങ്ങള്‍ പരിചയപ്പെട്ടത്.
കനത്ത് പെയ്യുന്ന മഴയത്ത്
വളരെ പ്രാചീനമായ ഒരഭയത്തിന്റെ വിശ്വസ്തതയില്‍
ഞങ്ങള്‍ക്ക് ഞങ്ങളെ ഇഷ്ട്ടമായി
ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുവാന്‍ തീരുമാനിച്ചു
ഒരേ പോലുള്ള രണ്ടു കുട്ടികളുടെ അച്ഛനമ്മമാരായി.
ഇയ്യിടെ ഒരു രാത്രിയില്‍
അവളുറക്കം പിടിച്ചു എന്നു തോന്നിയപ്പോള്‍
ഞാന്‍ അവളുടെ കൈ മെല്ലെ താഴെ എടുത്ത് വച്ചു
അപ്പോള്‍ അവള് ചോദിച്ചു
ആ മഴ അരമണിക്കൂറേ പെയ്തിരുന്നുള്ളൂ; ഇല്ലേ ?
( മണ്ണാങ്കട്ടയും കരിയിലയും, കല്‍പ്പറ്റ നാരായണന്)
ലതീഷ് പറഞ്ഞ ആ കല്‍പ്പറ്റ കവിത ഇതല്ലേ ?
നല്ല വാക്കുകള്‍ക്കും, ആരോപണങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി
കവിത നന്ന്
ഓഫ്.ടൊ
ഇത്രയും പേര് അരയും “തല”യും മുറുക്കിയ നിലക്ക് തലക്കെട്ടിന് പറ്റി ഒരു വാക്ക് പറയാതെ പോകുന്നത് മലയാളീടെ നാട്ടുനടപ്പല്ലല്ലോ അതിനാല്‍ പറയുന്നു. തലക്കെട്ട് എനിക്കും ഇഷ്ടായില്ല. പ്രത്യേകിച്ചും ആംഗലേയം കലര്‍ത്തി ഉപയോഗം.
“അപഋതു“ എന്നൊരു വാക്കില്ലെ? അതിന് menopause എന്ന് അര്‍ത്ഥം ഉണ്ടോ?
ഇവിടെ ചര്‍ച്ച വന്ന വിഷയങ്ങളെക്കുറിച്ച് ഒരു കവിയും നല്ല വായനക്കാരനുമായ ഒരാളുടെ ചിന്തകള്‍ ഇവിടെയുണ്ട്. വായിക്കുമല്ലോ.
ഓ ടോ. ഡിങ്കാ പ്രശ്നം മറ്റൊരു വാക്കുണ്ടൊ എന്നതല്ല. മെനോപോസ് എന്ന വാക്കിനുപകരം മറ്റൊരുവാക്ക് എങ്ങനെ ഈ കവിതയുടെ തലക്കെട്ടിനുചേരും; എത്രത്തോളം ഇവിടുത്തെ വായനക്കാരുമായി സംവദിക്കും എന്നതാണ്. ആ പറഞ്ഞ ഡിങ്കോലാബി ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാട്ടാ :)
ദേവസേനാ, കവിത വായിക്കുമ്പോള്‍ ബോറടിക്കുന്നില്ല. അല്പം കാല്പനികതയില്ലെങ്കില് കവിതയാകുമോ? ഹോട്ടലിലെ വിലവിവരപട്ടിക പോലെ ആവാതിരിക്കണം.
ആലങ്കാരികമായി വിമര്‍ശിക്കാന്‍ കഴിവുള്ള എം. കൃഷ്ണന് നായന്മാരെ ഇതുവരെയും ഈ ബൂലോകത്ത് (അതോ ബ്ലൂലോകമോ) കണ്ടിട്ടില്ല. കവിത വയിച്ചപ്പോള്‍ എനിക്കു തോന്നിയ കാര്യം, വിരക്തിയാണ് വില്ലന്‍ എന്നാണ്. അത് പ്രായമാകുന്നതുകൊണ്ടല്ല. മനുഷ്യമനസ്സിന്റെ വാസനയില്‍ നിന്ന് ഉടലെടുക്കുന്ന തോന്നലാണ്.
ചില ശീലങ്ങള്‍ നമുക്ക് ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിയും. കുറച്ചു പ്രായമായി എന്നു തോന്നിയാല്‍ (അത് ഓരോരുത്തരുടെയും മാനസികാവസ്തക്കനുസരിച്ചിരിക്കും) ഉപസ്ഥവും പായുവും വിസര്‍ജ്ജനത്തിനു മാത്രമെ ഉപയോഗിക്കാവൂ എന്ന ഒരു സദാചാരബോധം മനുഷ്യന് കൊണ്ടുനടക്കുന്നു. അത് മാറ്റിയെടുത്താല്‍ ഭാര്യാഭര്‍ത്തൃബന്ധത്തില്‍ നിത്യയൗവ്വനം നിലനിര്‍ത്താം.
കവിത ഇഷ്ടമായി. കല്പറ്റയുടെ കവിത പങ്കുവച്ചതിനും നന്ദി.
തലക്കെട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍:)
menopause ന്റെ മലയാളം എന്താ?
ആരാണോ ചോദിച്ചേ....
എന്റെ പൊന്നെ , കമന്റുകള്‍ വായിക്കൂ...
പിന്നെ കവീത വായിക്കൂ.
പിന്നെയും കമന്റുകള്‍ ഒന്നു നോക്ക്ക്കൂ.
വരികളിലൊരു കൊച്ചു വള്ളം വെള്ളമില്ലാത്ത ചാലിലൂടെ ഒഴുകി പോകുന്നു. കരയ്ക്കൊത്തിരി ആളുകള്‍ പ്രളയമെന്നും പറയുന്നു.:)
ഇതു തന്നെയല്ലേ ഭാര്യ എന്നോടു പറയാറുളളത്.... ഇതൊക്കെ തന്നെയല്ലേ ആറുവര്‍ഷമായ ഒരു ജീവിതതതില്‍ ഞാനും കേള്‍ക്കുന്നത്..... ജീവിക്കുവാനുള്ള തത്രപ്പാടില്‍ എവിടെയോ വീണുപോയ ആ പ്രണയം ഞാനിനി എവിടെയാണു തിരയുകയെന്നു എന്നെ ഓര്മ്മീപ്പിച്ചതിനു പകരം നല്കാന് ഒന്നുമില്ല.........
kavitha nannayittundu pakshea malayalam ezhthan eniyum pichavachu padikkanam sorry for thirchthiyappol vannthau mazhtthu ഇപ്പോഴും മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്.കുട എനിക്കിഷ്ടമല്ല.നനയണം...നന്നായി നനയണം....മനസ്സ് നനയുംവരെ നനയണം..
തലക്കെട്ടഴിക്കണോ വിവാദം ഇവിടെ വരെ എത്തി
ദേവ.. കണാന്‍ വൈകി എന്നതില്‍ സങ്കടം തോന്നുന്നു.എന്തേ എനിക്കെഴുതാന്‍ കഴിഞ്ഞില്ല എന്നു നിരാശയും, ദേവക്കു പറ്റിയല്ലോ എന്നു അസൂയയും....
നല്ല വരികള്‍.ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത ഇനിക്കിതെല്ലാം പുതിയ അറിവുകള്‍
പ്രിയ ദേവസേനാ,
ബ്ലോഗ് ലോകം വലിയ പരിചയമില്ല എനിക്ക്.
ബ്ലോഗ് കാണാന്‍ വൈകി. എങ്കിലും ദേവസേനയെ കേട്ടറിയാംട്ടൊ.
കവിതകളുടെ ലാളിത്യം ഏറെ ഇഷ്ടമായി.
അഭിനന്ദനങ്ങള്‍...
ആശംസകള്‍..
കാണാം.....
ഒരു കൂട്ടുകാരി
കമന്റല്ല , ഒരു വാര്‍ത്തയാണ്.
അബുദാബി അരങ്ങ് സാംസ്കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളുടെ അവാര്‍ഡ്ദാനം നവംബര്‍ 30 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 നു അബുദാബി മലയാളി സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് സക്കറിയ നിര്‍വഹിക്കും.
ലേഖനത്തില്‍ ഷമീര്‍ ചെറുവണ്ണൂര്‍, കവിതയില്‍ ശ്രീമതി ദേവസേന , കഥയില്‍ ഷീല ടോമി, ലേഖനം ജീനിയര്‍ ശബ്നം ഗഫൂര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.
സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്ക്കാരം.
അഭിനന്ദനത്തിന്റെ മെനോപോസ് തെറ്റി പൂച്ചെണ്ടുകള്‍.
(നാക്കിലും നോക്കിലും വെള്ളിക്കെട്ടന് ഞ്യായ്ന്)
ഇപ്പോഴാണ് പലരും ചോദിച്ച ചോദ്യം കണ്ടത് മെനോപോസിന്റെ ആംഗലേയമെന്ത്?.
ആവര്‍ത്തന വിരാസമെന്ന് ഞ്യാാന് .(അക്ഷരങ്ങള്‍ അഞ്ഞാട്ടും ഇഞ്ഞാട്ടും മാറീട്ടുണ്ടേല് ക്ഷമീര്).
ദേവസേനയുടെ കവിതകള്‍ പൊതുവെ നിലവാരമുള്ളവ തന്നെ.
ആശംസകള്‍
അഭിനന്ദനങ്ങള്‍ ദേവസേനേ.
പ്രശസ്തിപത്രവും ശില്‍പ്പവും ദേവസേന തന്നെ വച്ചോ. സ്വര്‍ണ്ണത്തിനു ഇപ്പ് നല്ല വിലയാ, ലത് വിറ്റുകിട്ടിയ കാശിനു ബൂലോഗരു ആര്മ്മാദിച്ചോട്ടോ?
പിന്നെ സക്കറിയയെ കാണുമ്പോ മൂപ്പരു ദാ തൊടങ്ങും ബ്ലോഗ് ദോ തൊടങ്ങും ബ്ലോഗ് എന്നൊക്കെ പറഞ്ഞിട്ട് എന്തായെന്നും ചോദിക്ക്.
കുറച്ചു ലേറ്റ് ആയിപ്പോയി ഇതു കാണാന്‍...ഇത്ര നല്ല കവിതയെ ഇത്രമാത്രം വായനക്കാര്‍ കീരിമുരിക്കെണ്ടിയിരുന്നില്ല...തലക്കെട്ടിനു എന്താണിത്ര കുഴപ്പം ?കഷ്ടണ്ട്
വാരവിചാരകന് പറഞ്ഞതു പോലെ ഭാര്യയോട് രണ്ടു വാക്ക് കൂടുതല്‍ മിണ്ടിക്കാന്‍ കഴിഞ്ഞു എങ്കില്‍,ഭര്ത്താക്കന്മാരേ, അതു തന്നെയാണീ കവിതയുടേയും കവയിത്രിയുടേയും വിജയം
പിന്നെ തലക്കെട്ടിനേക്കുറിച്ച് അത്ര വലിയ കോലാഹലം വേണ്ടിയിരുന്നില്ല.കാരണം ഇതേ തലക്കെട്ട് മലയാളതിലാക്കിയാം അതിന് ഇത്രയും ഇഫക്ട് ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
പിന്നെ പേരു നോക്കി നാം ആരേയും നിര്ഊപണം നടത്താറില്ലല്ലോ, അവരുടെ ക്യാരക്ടര്‍ അല്ലേ നോക്കാറുള്ളൂ...??
ദേവസേനാ, അഭിനന്ദനങ്ങള്‍...
ഇനിയും പ്രതീക്ഷിക്കുന്നു നിന്നില്‍ നിന്നും...
Post a Comment