12 തികഞ്ഞ്
ഭൂലോകത്തിലെ ചന്തങ്ങള്‍ മുഴുവന്‍
മകളിലേക്ക് താമസമുറപ്പിച്ചപ്പോള്
നെഞ്ചു കാളി
രാവുംപകലും കണ്ണുചിമ്മാന്‍ ഭയന്ന്
കാവല്‍മാലാഖക്കു പകരം നിന്നവള്‍
ചുണ്ടിനും ചായക്കപ്പിനുമിടയിലെ
അത്യാഹിതങ്ങള്.
.
സ്കൂള്‍ബസ്സിനും ഗേറ്റിനുമിടയിലെ
നീരാളിക്കണ്ണുകളെ
ദൈവത്തെ ചുമതലപ്പെടുത്തി.
.
പാതിരാവുകളില്‍,
പുതപ്പിനടിയിലൂടെ കൈയ്യിട്ട്
കളവുപോയിട്ടില്ലന്നുറപ്പാക്കി
.
കൂട്ടുകാരീന്ന് വിളിച്ച്
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്.
.
അവളുടെ ആര്‍ത്തനാദം
ചുറ്റുപാടുകളെയുണര്‍ത്തി.
കാണാതെപോയി മകളെന്നോര്‍ത്ത്
ബോധം കെട്ടുപോയാ പാതിരാവില്‍.
ഫ്രഞ്ച് പരീക്ഷയുടെ ചൂടില്‍
പഠന മുറിയുടെ മൂലയില്‍
ഉറങ്ങിപോയ കുട്ടിയെ,
നെഞ്ചിലേക്കിട്ടുകൊടുത്ത്
പ്രശ്നം പരിഹരിച്ചു അയല്‍പക്കം
.
സ്ത്രീനിഴലുകളെക്കണ്ടു
ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ
സ്ഖലിക്കുന്ന ലോകത്തിലേക്ക്
ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്
മുതിരുമെന്ന ഭാവികാലവും
മകള്‍ക്ക് പാകമാകാതെ
ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും
നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.
28 comments:
"കൂട്ടുകാരീന്ന് വിളിച്ച്
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്."
ഒരിക്കലുമൊടുങ്ങാത്ത വേവലാതിയില്‍ നിന്ന്...
"ഏതു ക്ലാസില്‍ പഠിക്കുന്നു?
മൂന്നുപൂരങ്ങള്‍കൂടി കഴിഞ്ഞാല്‍
പ്രായമാവും
വേവലാതിയാരോ ഊതിപ്പെരുക്കിയോ..."
പെണ്മകളെക്കുറിച്ചുള്ള വേവലാതികള്‍ അച്ഛനിലും അതേ അളവിലുണ്ടാകുന്നത് എന്തുകൊണ്ടാണ്?
എന്തുകൊണ്ട് ആണ്മക്കള്‍...???
അമ്മയോടെന്നെങ്കിലും ചോദിക്കണം.
കവിതയെന്നു വിളിക്കണോ? അതോ കരച്ചിലെന്നോ??
നല്ല കവിത.
ചുട്ടുപൊള്ളുന്ന ഒരു അമ്മഹൃദയം, ഈ ലോകം എന്തേ ഇങ്ങനെ എന്ന് വിലപിക്കുന്നുണ്ട്.
ആശങ്കകള്‍ നിദ്രയെ കാറ്റില്‍ പറത്തുമ്പോള്‍ ഒന്നും പറയാനാവാതെ ഉള്ളില്‍ ഇരമ്പുന്ന കടല്‍ പോലെ അമ്മ. ദേവനേനയെന്ന് പേര്.
ഓ ടോ : ഈ വേര്‍ഡ് വെരിഫികേഷന്‍ കളഞ്ഞു കൂടെ ?
നല്ല വായന.
ഈ കവിത മുന്‍പിട്ടിരുന്നില്ലേ?
അതേ സാല്‍ജൊ ഈ കവിത മുന്‍പും വന്നിരുന്നു ബൂലോകകവിതയില്‍..
നല്ല കവിത.പക്ഷേ അതില്‍ ഏറ്റവും ആര്‍ജ്ജവമില്ലാതെ നില്‍ക്കുന്ന വരികളെ തിരഞ്ഞുപിടിച്ച് ദേവസേന കമന്റിട്ടിരിക്കുന്നു..
"കൂട്ടുകാരീന്ന് വിളിച്ച്
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്."
ദേവസേനയുടെ ഉള്ളിലെ സ്ത്രീ ഇത്രയ്ക്കും ശിഥിലമാണോ?
ഞെട്ടിപ്പിക്കും യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ!
!)
ചിലതൊക്കെ അനാവശ്യ വേവലാതികള്‍ അല്ലേ...
വരികള്‍ ഇഷ്‌ടമായി, ആശയവും...
വായിച്ചപ്പോള്‍ കുറച്ച് അതിശയോക്തി ഇല്ലെ എന്ന് തോന്നി.പിന്നെ തോന്നി അമ്മയുടെ ഉള്ളിന്റെ ഉള്ളിലെ ഉരുക്കം അവള്‍ക്കു മാത്രമല്ലെ അറിയൂ എന്ന്.കവിത നന്നായിരിക്കുന്നു.
“കൂട്ടുകാരീന്ന് വിളിച്ച്
അയലത്തേക്കുള്ള പോക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്“
ഈ കവിതയില്‍ എനിക്കിഷ്ടപ്പെട്ട വരികള്‍ തന്നെ ദേവസേന കോറിയെടുത്തിട്ടു.
എല്ലാ എന്റെ സുഹൃത്തുക്കളോടും ഞാന്‍ ബ്ലോഗിംങ്ങ് അവസാനിപ്പിച്ച കാര്യം അറിയിക്കുന്നു.
അഭിപ്രായങ്ങള്‍ ഇനി രേഖപ്പെടുത്താനാവില്ല...
ഓ.ടോ
നമ്മള്‍ വിവര സാങ്കേതികതയില്‍ ജ്ഞാനം നേടുമ്പോള്‍ വേറേ എന്തോ മറക്കുന്നത് പോലെ അല്ലെ?
ഒരു പക്ഷെ മനുഷ്യത്വം ആകാം
അല്ലെങ്കില്‍ സ്നേഹം
രാസപ്രവര്‍ത്തനത്താല്‍ ടെസ്റ്റ് ട്യൂബിലെ ലായനിക്കുണ്ടാകുന്ന നിറവിത്യാസം പോലെ ഇവിടെ ഇതാ പലതും രാസമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.
ഇന്ന്, ഈ കാലഘട്ടത്തില്‍ ബ്ലോഗുകളിലെ തീവ്രത/ഗൌരവം കുറഞ്ഞിരിക്കുന്നതാണ എന്നെ ഈ തോന്നലില്‍ എത്തിക്കാന്‍ കാരണം
ചിലബ്ലോഗുകളില്‍ നല്ല ചര്‍ച്ചക്കു പകരം വിവാദങ്ങള്‍, ചിലതില്‍ ചര്‍ച്ചകള്‍ വിഷയത്തില്‍ നിന്നും മാറി തെന്നി തെന്നി ഒടുവില്‍ വ്യക്തിവൈരാഗ്യമായി അത് കാന്‍സറായി... മാറുന്നു
നമ്മള്‍ അങ്ങനെ അറിയപ്പെടുകയും , ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമാകാം.. വിവാദങ്ങളാണ്‍ ഇന്ന് സൃഷ്ടികളുടെ പബ്ലിസിറ്റി, വിഷയ മൂല്യം അല്ല.
ഇന്ന് എന്റെ ഇഷ്ടയിടങ്ങളില്‍ ഞാനിടുന്ന അഭിപ്രായം ആകും, എന്റെ അവസാന കമന്റുകള്‍.. ഇതു അതിലൊന്നാണ്.
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും
കൂട്ടുകൂടി
കൂട്ടുകൂടിയ എഴുത്തുകാരന്‍
കേമന്‍ കെങ്കേമന്‍
അവനെ വിമര്‍ശിച്ചു
വിമര്‍ശ്ശിപ്പിച്ചു
പിന്നെ ഞാന്‍
കേമനായി കെങ്കേമനായി
കല്ലേറുകള്‍ പുഷ്പഹാരങ്ങളായ്.
എഴുത്തുകാരന്‍ പിറുപിറുത്തു
അയാള്‍ മനസ്സിലൊന്ന് കോറി
അയ്യോ അയ്യയ്യോ
കൂട്ടുകൂടണ്ടായിരുന്നു
അവനെന്നെ വിമര്‍ശിച്ചു
വിമര്‍ശ്ശിപ്പിച്ചു
“അപരിചിതനായിരിക്കലായിരുന്നു
പരിചിതനായിരുന്നതിനേക്കാള്‍ നല്ലത്
സ്നേഹം മരിക്കില്ലായിരുന്നു
ദേഹം പകയാല്‍ കിതക്കില്ലായിരുന്നു”
ഞാന്‍ കുട്ടനെ അന്വേഷിച്ചു പോകുന്നു, ബ്ലോഗില്‍ ഇനി ഒരു തിരിച്ചുവരവ് വരെ അവനെ തിരക്കി ഞാന്‍ നടക്കും.
വിട..
സ്നേഹപൂര്‍വ്വം
അജിത്ത്
"സ്ത്രീനിഴലുകളെക്കണ്ടു
ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ
സ്ഖലിക്കുന്ന ലോകത്തിലേക്ക്
ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്
മുതിരുമെന്ന ഭാവികാലവും
മകള്‍ക്ക് പാകമാകാതെ
ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും
നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു."
ഇത് സ്ത്രീകളുടെ കുറ്റമാണ്‍ എന്നാണോ?
ഇത്രയ്ക്ക് ആശക വേണ്ടെങ്കിലും ..എഴുതിയതൊക്കെ ഏതാണ്ട് ശരി തന്നെ....
നന്നായിട്ടുണ്ട്...
ശരിക്കും അതിശയോക്തി തന്നെ.
അതേ മയൂരാ, ശരിക്കും അനാവശ്യ വേവലാതികള്‍ തന്നെ. നമുക്കുമില്ലേ പെണ്മക്കള്‍. അവരും വളരുന്നില്ലേ? നമ്മളും വളര്‍ന്നില്ലേ? അതും ഇവിടെ അമേരിക്കയില്‍.
വേവലാതികള്‍
അവശ്യവസ്തുക്കളായി പ്രഖ്യാപിക്കപ്പെടുമോ സാരംഗി, അത് അമേരിക്കയില്‍ ആയാലും.
കേവല യുക്തി വച്ച്
കവിതയെ അളക്കാമോ എന്തോ ?
(ബൂലോക) അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്നാണോ ?
അച്ഛന്മാരിലായിരുക്കും കൂടുതല്‍ അങ്കലാപ്പുകള്‍, എന്തുകൊണ്ടെന്നാല്‍, വന്ന വഴികള്‍,വിചാരങ്ങള്‍,പ്രവൃത്തികള്‍ ഇവയിലേക്കു കണ്ണോടിക്കുമ്പോള്‍,തന്റെ പ്രതിബിംബം തെളിഞ്ഞുവരുന്നതു കാണും.. അപ്പോള്‍ അച്ഛന്മാരില്‍ ജ്ഞാനദൃഷ്ടിയുണ്ടാകും..!
യാഥാര്‍ത്ഥ്യമാണ്.. ഇഷ്ടായി
ഇത്രയും വേവലാതി, പ്രകൃതി നല്‍കിയതല്ല.
കാലമെത്രയോ മാറിക്കഴിഞ്ഞു. ഭ്രൂണ ഹത്യക്കു് പാട്ടുപാടുന്നവരുടെ വരികള്‍ പോലെ.
ക്ഷമിക്കണം.ഒരു പക്ഷേ പൊരുള്‍ എനിക്കുള്ക്കൊള്ളാനായില്ലായിരിക്കാം.....:)
പെണ്‍കുട്ടി ഇല്ലാത്തത് എപ്പോഴും ഒരു വിഷമമായതിനാല്‍ എപ്പോഴും ഒരു പെണ്‍കുട്ടീനെ ദത്തെടുത്താലോന്നു ഞങ്ങള്‍ കാര്യമായി ആലോചിച്ചോണ്ടിരിക്കായിരുന്നു. ഇനിപ്പോ അത് വേണ്ടല്ലേ..
" പെണ്‍കുട്ടി ഇല്ലാത്തത് എപ്പോഴും ഒരു വിഷമമായതിനാല്‍ എപ്പോഴും ഒരു പെണ്‍കുട്ടീനെ ദത്തെടുത്താലോന്നു ഞങ്ങള്‍ കാര്യമായി ആലോചിച്ചോണ്ടിരിക്കായിരുന്നു. ഇനിപ്പോ അത് വേണ്ടല്ലേ..
"
ദത്തെടുക്കാനുള്ള തീരുമാനം തന്നെ എത്ര മാത്രം മാനസിക സംഘര്‍ഷത്തിനു ശേഷമാകും ഒരാള്‍/രണ്ടാളുകള്‍ എടുക്കുക . അല്ലെ ? അത് പോലും മാറ്റാന്‍ ഈ കവിതയ്ക്കായി എന്നാണോ ?
പിടക്കോഴി കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ ഒരു ചിത്രമാണു ഈ രചന എനിക്ക് തന്നതു. അതില്‍ വേദനകള്‍ കാണും. ആ ആകുലതകളും.
അത് ഇല്ലെങ്കില്‍ അവ ഇന്‍ കുബേറ്ററില്‍ വിരിയിച്ചെടുക്കുന്ന, ഒരേ കൂടില്‍ വളരുന്ന ഇറച്ചിക്കോഴികള്‍ക്ക് തുല്യമാകില്ലെ.
മക്കള്‍ അങ്ങനെയാകാമോ ? അറിയില്ല
ഇതൊന്നും പറയാന്‍ ആയിട്ടില്ല
ഒരിക്കല്‍, ചുള്ളിക്കാടിന്റെ ലോകാവസാനം വരേക്കും പിറക്കാതെ പോക നീയെന്‍ മകനേ എന്ന വരികള്‍ ചങ്ക് പൊട്ടി പാടിയിരുന്നതിന്റെ ഓര്‍മ്മ ഇപ്പോള്‍
തിരികെ കൊഞ്ഞനം കുത്തുകയാണു.
ആകുലത സങ്കടം സന്തോഷം എല്ലാം
അതേ മയൂരാ, ശരിക്കും അനാവശ്യ വേവലാതികള്‍ തന്നെ. നമുക്കുമില്ലേ പെണ്മക്കള്‍. അവരും വളരുന്നില്ലേ? നമ്മളും വളര്‍ന്നില്ലേ? അതും ഇവിടെ അമേരിക്കയില്‍.
സാരംഗീ... കാര്യങ്ങളെ ഇങ്ങനെ ലളിതവത്ക്കരിക്കാനാകുമോ?
കുറേക്കൂടി വലുതും അരക്ഷിതവുമാണ് പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും)വളരുന്ന ഈ ലോകമെന്നതല്ലേ സത്യം?
അങ്ങനെയാണെന്ന് ദിനേന പത്രങ്ങളും, ചാനലുകളും നമ്മുടെ സ്വീകരണമുറികളില്‍ വന്നു പറയുന്നുണ്ടല്ലോ.
(നമ്മള്‍ ശ്രദ്ധിക്കേണ്ടത് നമ്മള്‍ തന്നെ ശ്രദ്ധിക്കണമെന്നാണെങ്കില്‍.... :))
ദേവസേനാ,
കവിത ഇഷ്ടായി. വരികള്‍ക്ക് പൊള്ളുന്ന ചൂട്.
അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.
ഓരോ വര്‍ഷങ്ങളിലും അഛന്റെ അവധിക്കു വരവും കാത്തു കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്ന മകളായിരുന്നു ഞാന്‍, രണ്ടു ആങ്ങളമാരുടെ മുഴുവന്‍ സ്നേഹമാണു ഞാന്‍ എന്ന പെണ്ണ്‍. എന്നിട്ടും അമ്മയായപ്പോള്‍ മകളാണെന്ന കാര്യം പലപ്പോഴും മറന്നു, പെങ്ങളെന്നതും മറന്നു.
പാതിരാവില്‍ പുതപ്പിനടില്‍ പരതിനോക്കിയത് അതിശയോക്തിയല്ല. പാറശാലയില്‍ 2 വയസുകാരിയെ ഉറക്കത്തില്‍ എടുത്തു കൊണ്ടുപോയി ഉപയോഗിച്ചു കൊന്നുവെന്ന് വായിച്ച രാത്രിയായിരുന്നു അത്.
ഈ കവിതയുടെ പേരില്‍ സിജി ആഗ്രഹം മാറ്റിവെയ്ക്കരുത്. മകളുടെ ചിരിയുണരാത്ത ഒരു വീടെനിക്ക് സഹിക്കാന്‍ കഴിയില്ലാന്നു ദൈവം അറിഞ്ഞു തന്ന പെണ്മക്കളണിതു പറയിക്കുന്നത്. മക്കളില്‍ ആണ്‍/പെണ്‍ ഭേദം എനിക്കില്ല. ആണ്‍കുട്ടിയാണെന്നോര്‍ത്തു എങ്ങനെ സമധാനിക്കും? സുഹൃത്ത് കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തു പറഞ്ഞു. "ഒരു 12 വയസുകാരനെ കാണാതെ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞാണു തിരിച്ചു കിട്ടിയതു അതുകൊണ്ടു മോനെ സൂക്ഷിച്ചോണെ എന്ന്". മകനെ ചേര്‍ത്തുപിടിച്ച് എന്റെ ദൈവമേ-ന്നൊരു വിളി വിളിച്ചു ഞാന്‍. ആര്‍ക്കാണതു സംഭവിച്ചുകൂടാത്തത്?
സര്‍വ്വത്ര പേടിയാണു ഈ ലോകത്തെ മുഴുവന്‍.
AUNTY..AUNTY..AMERICAN AUNTY..
AMMAYEEE..AMMAYEEE..AMERICAN AMMAYEEE...EEE AMERICA ENNU VACHAL ENTHA?
AMMAYI,LARA BUSHINTEY VEETTEENNU VANNATHEY ULLU..INI HILARIYUDE ADUKKALYILU KOODI PANIYUNDU !NJANEE NATTUKARANALLEEY!!!!
ചേച്ചി...
കവിത നന്നായി. ഒരമ്മയുടെ വിഹ്വലതകളെല്ലാം ഭംഗിയായി ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാലും ശ്രദ്ധ ഒരിത്തിരി കൂടിയോന്നൊരു സംശയം. (ആധികാരികമായ സംശയമൊന്നുമല്ലാട്ടൊ. വായനയില്‍ എനിക്കു തോന്നിയതു പറഞ്ഞെന്നു മാത്രം)
“...മകള്‍ക്ക് പാകമാകാതെ
ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും
നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.“
-ഈ കവിതയിലെ വ്യാകുലത അല്പം അതിശയോക്തിപരമായി മാറിത്തന്നെ നില്‍ക്കണം എന്നാണെന്റെ പക്ഷം. പ്രമേയം ഭൂമിയില്‍ നില്‍ക്കണമെന്നാരു പറഞ്ഞൂ: അന്തരീക്ഷത്തിലാണതിന്റെ സ്ഥാനം.
haavooo smadhanam deva...
kaaryam manassilayallo :)
കാലം, അതിന്റെ പൂര്‍ണ്ണ വ്യഥകളോടെ പ്രകടമാകുന്നു, ഈ കവിതയില്‍.
രജി മാഷ്.
പേടിയില്ലാത്ത പെണ്ണും പെണ്ണില്ലാത്ത ആണും.
ഇങ്ങനെയെങ്കില്, പ്രകൃത്യാ ഉണ്ടാകാവുന്ന
വിശേഷാവസ്ഥകളെക്കുറിച്ചു ചിന്തിക്കേണ്ടെങ്കിലും
കലാപരമായുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കണം.പല കലയും കൊലയും നിവര്‍ത്തിക്കപ്പെട്ടുപോകുന്നതില് ഇങ്ങനെയൊരച്ചുതണ്ടുണ്ട്. പെണ്ണു പേടിക്കേണ്ടത് ഒരു സിംഹത്തെയും കടുവയെയും മാത്രവും ആണത് ദൂരീകരിച്ചു കൊടുക്കുന്നവനും മാത്രമായിരുന്നെങ്കില് ഒന്നിനും ഇത്ര സൌന്ദര്യാത്മകത കൈവരില്ലായിരുന്നു.
പേടിയോടെ പെണ്ണിനെ വളര്‍ത്തുന്നു. പേടി പെണ്ണിനെ ‘വളര്‍ത്തുന്നു’ ആ പെണ്ണ് ആണിനെ ‘വളര്‍ത്തുന്നു’. ആണാകട്ടെ പെണ്ണില്‍നിന്നും പെണ്ണിലേയ്ക്കു വളരുന്നു. ഒരു പേടി‘വസ്തു’ വായി മാറുന്നു. ഇങ്ങനെ തന്നില് നിന്നും തന്നിലേയ്ക്കു വളരുന്ന ഒരു വസ്തുതയെ പേടിക്കേണ്ടി വരുന്നിടത്താണ് ദേവസേനയുടെ കവിത ചിന്തോദീപ്തമാകുന്നത്. പലതും പ്രകൃതിയുടെതന്നെ നിലനില്‍പ്പുസമരത്തിന്റെ ഭാഗവും. മനുഷ്യന് ചിന്തിക്കുന്നു എന്നതിനാല് മാത്രമാണ് ഇത്തരം ഭയവും ഭയമില്ലായ്മയും തമ്മില് സവിശേഷമായ ഒരു അകല്‍ച്ച ഉണ്ടാകുന്നത്. പക്ഷിമൃഗാധികളെക്കുറിച്ചു ചിന്തിച്ചെന്നാല് പലയിടത്തും ഒരു ദ്വന്ദ്വയുദ്ധത്തിന്റെ (വിശേഷണപരം) പരിണതഫലമാണു ഇണയോഗങ്ങള് എന്നു തിരിച്ചറിയാനാകും. അതില് എന്നാല് അസ്വാഭാവികമായ് ഒന്നുമില്ല. മനുഷ്യനില് കാര്യങ്ങള്‍ക്ക് മറിച്ചിടത്തക്ക മാറ്റം ആവശ്യമാണെന്നിരിക്കിലും സ്ത്രീയുടെ പുരുഷഭയവും ഒപ്പം പുരുഷാഭയതൃഷ്ണയും ഒരു തരത്തിലും അനാവശ്യമല്ലാത്ത ചേതോവികാരമായി പരിലസിക്കട്ടെ.
ഖലീല് ജിബ്രാനെ ഒന്നു പാരഡിച്ചു പറഞ്ഞാല് “നിങ്ങള്‍ക്ക് അവര്‍ക്കായി ധൈര്യം കൊടുക്കാം. എന്നാല് നമ്മുടെ പേടികള് മക്കള്‍ക്കു പകര്‍ന്നു കൊടുക്കാതിരിക്കുക. അവര്‍ക്ക് അവരുടേതായ ഭയാശങ്കകള് ഉണ്ടായിരിക്കട്ടെ”
ആശംസകള്.
Post a Comment