804-ലെ ഷീല പറഞ്ഞത്‌

നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌

മിനിറ്റില്‍ ആയിരം വാഹനങ്ങള്‍..
എന്തും സംഭവിക്കാവുന്ന വഴികള്‍.
ഹംദാന്‍ സ്ട്രീറ്റ്‌ മുഴുവന്‍ അവന്റെയെന്ന മട്ടില്‍-
കണ്ണും പൂട്ടി ഇങ്ങനെ..

വന്നുവന്ന്,
ആ പാക്കിസ്താനി വാച്ച്‌മാനുമായാണു-
സര്‍വത്ര സഹവാസം.
പോക്കറ്റില്‍ നിന്ന് ചിലവിട്ട്‌
കെ-എഫ്‌-സി- വാങ്ങി കൊടുത്ത്‌...
വീട്ടുഭക്ഷണമവന്‍ തീരെ ഒഴിവാക്കിയിരിക്കുന്നു
മൂട്ടയും, പാറ്റയും കൂടു പണിതിരിക്കുന്ന-
അയാളുടെ സോഫയിലുറക്കം...

നച്ചൊല്ലു പോലെയതു സംഭവിച്ചു..
ബാസ്കിന്‍ - റോബിന്‍ ബില്‍ഡിലെ-
മിസ്രീച്ചെക്കന്റെ സൈക്കിള്‍ തട്ടിയിട്ടിന്നു മൂന്നാംപക്കം..
എനിക്കു തല കറങ്ങി
അവനെന്തെങ്കിലും സംഭവിച്ചാല്‍..

ഏറ്റവും സഹിക്കാന്‍ കഴിയാഞ്ഞത്‌,
804-ലെ ഷീല പറഞ്ഞതാണു
എന്റെ ചെവിയാലെ കേട്ടത്‌

"അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..

ഒരു മൊബൈലിന്റെ ദിനചര്യ



25 ദിര്‍ഹാംസ്‌ കൊണ്ട്‌
ഒരു മണിക്കൂര്‍ ആഘോഷിച്ച്‌
സങ്കടത്തിലായിരിക്കുന്നു
30 ഫില്‍സ്‌ കൊണ്ട്‌ ഒരു മാസം


അല്ലെങ്കിലെന്തിനു ?

ഉണര്‍ന്നുവെന്ന് ഒരു മിസ്സ്‌കോള്
‍ജോലിയിലെന്ന് മറ്റൊന്ന്
മഴപെയ്യുന്നുവെന്ന്
ഉച്ചഭക്ഷണമായെന്ന്
കാണാന്‍ തോന്നുന്നുവെന്ന്
ടി.വി.യില്‍ മമ്മൂട്ടി സിനിമയുണ്ടെന്ന്
പിണങ്ങിയെന്ന നീണ്ട മൗനം
ഭ്രാന്തായെന്നറിയിച്ച്‌ നിരന്തരം
ഉറക്കത്തിലേക്കു പോയീന്ന്
നിശ്ചലതയുടെ അനന്തപ്രവാഹം

ഈ etisalat-*ന്റെ ഒരു കാര്യമേ !!!!!




*etisalat: u a e യിലെ ഔദ്യോഗിക ടെലഫോണ്‍ സം‌വിധാനം

നിങ്ങളെന്നെ ലെസ്‌ബിയനാക്കി





ന്നലെ
എമിറേറ്റ്‌ പാലസിന്റെ പിന്നില്
‍ലേഡീസ്‌ ബീച്ചില്
‍അഞ്ച്‌ അടി ആറു ഇഞ്ച്‌ ഉയരത്തില്‍
രണ്ടു പീസില്‍
ലുര്‍പാര്‍ക്ക്‌ ‌ ബട്ടര്‍ പടരുന്ന ഉടല്
‍ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
‍മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു




കഴുത്ത്‌ ദന്തഗോപുരം
സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ
ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം
ഇവളാണോ ശലോമോനെകൊണ്ട്‌ ഉത്തമഗീതം പാടിച്ചത്‌

നിശ്‌ചയമായും ഞാന്‍ ഒരു ലെസ്‌ബിയന്‍ ആകും.

H2O



ഹൈഡ്രജനും ഓക്സിജനും

ജലഘടകങ്ങള്‍
വിഭജിക്കപ്പെടുന്നു കെമിസ്ട്രി ക്ലാസില്
‍ഘനം പിടിക്കുന്നു മിഴിപോളകള്‍ക്ക്‌

യഹോവ ആകാശത്ത്‌
കിളിവാതിലുകള്‍ തുറന്നു
ജലപ്രവാഹം താഴേക്ക്‌
നോഹയുടെ പെട്ടകം മുകളിലേക്ക്‌
പ്രളയത്തില്‍ ദുഷ്ടജനം നിഗ്രഹിക്കപ്പെടുന്നു
വയോധിക പുരോഹിതന്‍ ഉപദേശിക്കുന്നു
അപ്പോഴും ഉറക്കം കരിമ്പടം പുതച്ചു കണ്ണില്

‍കേരവൃക്ഷങ്ങള്‍ യാത്ര പറഞ്ഞ്‌
മഹാസമുദ്രങ്ങളുടെ പ്രഹേളികകള്‍ കടന്ന്
കാനല്‍ജലത്തിന്റെ നാട്ടില്
‍കാനല്‍ജലം പിന്നേയും ദൂരെ-



വേവലാതിയുടെ ഉണര്‍ച്ചകളിലേക്ക്‌ എറിയപ്പെട്ട്‌
കണ്ണുകള്‍ മലച്ചു

ഗംഗയും യമുനയും കാവേരിയും
കവിതകളില്‍ മാത്രം നനയുന്നതു കണ്ടു
മഴനനയാത്ത പ്രവാസഭൂമിയില്
‍ഊഷരതയുടെ ജലക്കൂനകള്‍ നിറയുന്നു

അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
പുഴകള്‍ ക്ഷീണിച്ച്‌ അരുവികളായി
പിങ്കു താളുകളില്‍, മഴനൂലുകളായെത്തുന്ന
അനുജത്തിയെന്ന പനിനീരരുവി

കൈകുടന്ന പാതികോരി മുഖമൊന്നു കുടഞ്ഞാല്‍
പിണങ്ങുന്ന,
മുങ്ങിനിവരാന്‍ കൊതിയായിട്ടും
ഉപേക്ഷിക്കേണ്ടി വന്ന മോഹാരുവി
(അതിവിടെ അപ്രസക്തം)

ദുര്‍സ്വപ്നമുണര്‍ത്തിയ രാവിന്റെ
തളര്‍ന്നയാമത്തിലെപ്പോഴോ
കഠിനമായ വരണ്ട ദാഹത്തിനു
അടുക്കള പരതവേ
പെപ്സി മിരാണ്ടാ വോഡ്ഗാ സോഡ എല്ലാം സുലഭം
അല്‍പം ജലകണികയെവിടെയുമില്ല

ഞാനിവിടെ പ്രവാസത്തിലാണു

ടോസ്സില്‍ വീഴാതെ പോയ വാലെന്റൈന്‍




വന്‍ സമ്മാനിച്ച
ചുവന്ന പനിനീര്‍ പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത്‌ താലോലിച്ച്‌
അവളങ്ങനെ നിന്നു


എവിടെയെന്റെ സമ്മാനമെന്ന
അവന്റെ ചോദ്യം കാണാതെ

ഒന്നിനും മറുപടി പറയാത്ത
എല്ലാമറിയുന്ന ആകാശത്തേക്ക്‌ നോക്കി
പറയാന്‍ വയ്യാത്തൊരു
ഫ്ലാഷ്ബാക്ക്‌ ചുരുളഴിയുന്നതു
അവള്‍ മാത്രമറിഞ്ഞു

തലേ രാത്രി
തൂവെള്ളവസ്ത്രങ്ങളിഞ്ഞ്‌
വെള്ള കുതിരമേല്‍ രാജകുമാരനെത്തുമെന്ന
വിഡ്ഡിത്തം മറന്നു
വെള്ള ബ്ലാങ്കറ്റു മൂടിയ ഉറക്കം
പ്രഭാതം മുതല് ‍ഒലിയാന്‍ഡര്‍ - ജൂബിലി - ഫ്ലോറിഡ -
ഫ്ലവര്‍ ഷോപ്പുകള്‍ കയറിയിറങ്ങിയത്‌
10 രൂപക്ക്‌ 3 പൂവുകള്
‍വില പേശി
ആര്‍ക്കൊക്കെ വേണ്ടിയെന്ന് ടോസ്സ്‌ ഇട്ടത്‌
കാറിന്റെ ഡിക്കിയില്
‍ഡാഷ്‌ ബോര്‍ഡില്‍
സീറ്റിനടിയിലുമായി സൂക്ഷിച്ച്‌
പിന്നീട്‌ പരസ്പരമറിയാതെ പങ്കു വെച്ച്‌
ആശംസകള്‍ നേര്‍ന്നത്‌

വര്‍ത്തമാനത്തിലേക്ക്‌ മടങ്ങിയെത്തി
മുന്നില്‍ വന്നുപെട്ടിരിക്കുന്ന
ഈ നാലാമന്‍ ടോസ്സില്‍ വിഴാതെ പോയ
നിരാശയുടെ ചുണ്ടിലേക്ക്‌
മനോഹരമായ ചിരി തിരുകി വെച്ച്‌
പ്രണയകനലെരിയുന്ന അവന്റെ കണ്ണിലേക്കു നോക്കി

ഇടതു നെഞ്ചു തൊട്ട്‌
നിനക്കുള്ളതിവിടെയെന്ന്
ഒറ്റവാക്കു കൊണ്ട്‌ തോല്‍പിച്ചു കളഞ്ഞവള്

‍ബോധമില്ലായ്മയുടെ
കടലിളക്കമൊടുങ്ങിയപ്പോള്‍
അവനറിഞ്ഞു

അവളുടെ പൂക്കളൊഴിഞ്ഞ ഹൊന്‍ഡ സി.ആര്‍.വി.
1.കി.മി. എങ്കിലും പിന്നിട്ടിരുന്നുവെന്ന്


ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-




മൂന്നു കിടാങ്ങളെ പേറിയ
ഗര്‍ഭ പാത്ര ശങ്ക തീര്‍ക്കാനവളെത്തി..
വയ്യാത്ത വയറും താങ്ങിയിരുന്നപ്പോഴായിരുന്നു
ഗൈനക്കോളജിസ്റ്റിന്റെ ചോദ്യം
"എന്നായിരുന്നു ഒടുവിലായി ആ ചുവന്ന പൂക്കള്‍ വിരിഞ്ഞത്‌"?





എന്നായിരുന്നു
അവളോര്‍മ്മയുടെ പുഴയിലേക്കിറങ്ങി നിന്നു

തീയതികള്‍ ഘോഷയാത്ര നിരത്തി
മക്കളുടെ ജനന തീയതികള്‍...
മകളുടെ പല്ലിന്റെ കമ്പി മുറുക്കേണ്ടത്‌..
സ്കൂള്‍ ഫീസിനുള്ള അവസാന തീയതി...
ക്രെഡിറ്റ്‌ കാര്‍ഡ്‌... കാര്‍ ലോണ്‍...
പാചക വാതകം...
കണ്‍സല്‍ട്ടന്റുമായി
എം. ഡി. യുടെ കൂടി കാഴ്ച..
തയ്യാറാക്കിയ ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌....

ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി സഞ്ചരിച്ച്‌...
ഗര്‍ഭ പാത്രത്തേക്കാള്‍
കേടു ബാധിച്ചയോര്‍മ്മ...
വിജനമായേതോ... ദ്വീപിലടിഞ്ഞ്‌ -
വിജ്രംഭിച്ചെത്തിയൊരു വെളിപ്പാടിലുറച്ചു...

പിന്നീട്‌, നേര്‍ത്തു ക്ഷീണിച്ച
ശബ്ദമൊരുമാത്ര ആളിപ്പടര്‍ന്നു...
"അബ്ദൂട്ടിയോടൊന്നു ചോദിക്കണം"..


ഡോക്ടര്‍ക്കും.. ഭര്‍ത്താവിനുമിടയിലേക്ക്‌-
സ്തംഭനാവസ്ത യെറിഞ്ഞുകൊടുത്ത്‌....

മൗനം നിറച്ചൊരു..ചോദ്യചിഹ്നം പോലെ വിളറിയിരുന്നവള്‍...
മെല്ലെ... മെല്ലെ...
സത്യത്തിന്റെ.. മര്‍മ്മത്തിലേക്കൊരു നേര്‍ക്കാഴ്ച നീണ്ടു..

അവിടെ,അവളുടെ ഫ്ലാറ്റും,
താഴത്ത്‌..അബ്ദൂട്ടിയുടെ ഗ്രോസറിയും...
പിന്നെ, മാസപറ്റുബുക്കും... തെളിഞ്ഞു കിടന്നു....

അതിലെഴുതി വെച്ചിരുന്നു...
20-11-2005,
ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-

ട്രാഫിക്കില്‍ ഹെനിക്കന്‍‌റെ തുള്ളികള്‍



വന്റെ മുഖം,

വൈകിട്ട്‌ ഏഴുമണിക്കെ
ദുബായിലെ ട്രാഫിക്ക്‌ പോലായിട്ട്‌
മണിക്കൂറൊന്ന്..

ഏതു പ്രവര്‍ത്തി ദോഷത്തിന്റെ
ഫലമാണിതെന്ന അവളുടെ
ചിന്തയുടെ ആയുസിനും..
മണിക്കൂറൊന്ന്...

'ഓര്‍ക്കൂട്ടില്‍' ഏതെങ്കിലും ഒരുവന്റെ ആഡ്‌ റിക്വ്സ്റ്റ്‌ ?
ബ്ലോഗില്‍ പേരു വെക്കാത്തവന്റെ കമന്റ്‌ ?
മൊബൈലില്‍ വന്ന മെസേജ്‌ ?

അനുനയങ്ങളെവിടെയുമെത്തിയില്ല...



ചുംബനം പോലും പരിഹാരമായില്ല

ഒന്നു പറഞ്ഞു തുലക്കൂയെന്ന്
പലവുരു പറഞ്ഞു ഉള്ളില്‍

പിന്നെയവള്‍ ബാഗ്‌ തുറന്നു..
10-ന്റെ മൂന്നു നോട്ടുകളെടുത്തവന്റെ-
പോക്കറ്റില്‍ തിരുകി പറഞ്ഞു
"പോയി രണ്ടു ഹെനികെന്‍ അടിച്ചോളൂ"...

അപ്പോഴാ മുഖം..

അഞ്ചാം മാസത്തില്‍,
വയറു നിറഞ്ഞ്‌, എണ്ണ തേച്ച്‌
നിലത്തെ പായില്‍,
തൊള്ള തുറന്ന് ചിരിച്ച
അവളുടെ മകന്റെ
ചിരിയേക്കാള്‍ നിഷ്കളങ്കമായിരുന്നു...

ഒരു സൈക്ലോണിന്റെ ഉല്‍ഭവകാലം



ടാടൂവിലെ ഡ്രാഗണ്‍ന്റെ വാല്‍ഭാഗം
അവന്റെ കൈമസിലുകളുമായി കലരുന്നതു കണ്ടു
പൊള്ളിപോയെനിക്ക്‌....

ഒരു ചുംബനം ആഴങ്ങള്‍ തേടുന്നതു പോല്‍..



അവന്റെ ആത്മാവിലേക്കുള്ള ദൂരം
അളക്കുന്നു ഞാന്‍...
ഇറുകിയ നൈലോണ്‍ പെറ്റികോട്ട്‌
നനവുള്ള ശരീരത്തിലേക്കെന്ന പോലെ...

വിരഹ കാലയളവു...
പരിഭ്രാന്തിയോടെ വലിച്ചടുപ്പിക്കുന്നു ഞാന്‍..

ബൌളിംഗ്‌ സിറ്റിയും, ഐസ്‌ റിങ്കും..
മൈക്രൊ മിനിസ്കേര്‍ട്ടിനു മുകളിലേക്കുള്ള ചൂണ്ടു പലക പോലെ..

ചിന്തകള്‍ വെറുങ്ങലിച്ച..
ഉറങ്ങാത്ത രാവിന്റെ വിരസത..
ഓഫീസിലെ റിസപ്ഷന്‍ ടേബിളില്‍,
ഇടക്കിടെ തല ചായ്ച്ചും..
ടര്‍ക്കിഷ്‌ കോഫി കുടിച്ചും..

അവനവിടെ എത്ര ഗോള്‍ഡ്‌ ഫ്ലേക്കിന്റെ-
പുക തിന്നിട്ടുണ്ടാവും
എന്നാലോചിച്ചും തീര്‍ക്കുന്നു ഞാന്‍..

കിലോമീറ്ററുകളുടെ
ദൂരക്കണക്ക്‌വല്ലാത്ത കെണിയാകുന്നതും...


ഒരു പഴയ "നോക്കിയ" എങ്കിലും...
നിശ്വാസങ്ങളുടെ കണക്കെടുപ്പു
നടത്തുണ്ടല്ലോ എന്ന..
സമാധാനത്തിലുമാണു ഞാനിപ്പോള്‍...

പ്രാണന്റെ കൂട്ടക്ഷരങ്ങള്‍.



നെടുകയും.. കുറുകെയും..
ഉണങ്ങി വിണ്ടു കീറിയ പാടം കണക്കെയുള്ളെന്
‍വയറിന്‍ മാംസളതയില്‍
ഇളം ചുവപ്പു പഞ്ഞിതുണ്ടു പോലെയുള്ള
നിന്‍ വിരല്‍ ചേര്‍ത്തു ബാല്യത്തിന്‍ ഭാഷയില്‍ നീ ആരായുകയാണു...



"ഇതെന്തേയെന്നു?

"ഒന്‍പതു മാസങ്ങളും, വീണ്ടുമൊന്‍പതു ദിനങ്ങളും നീ പാര്‍ത്തിരുന്നിടം...
ആ നാളത്രയും,സ്വയം ചിരിക്കയും, കരയുകയും....
സ്വപ്നങ്ങളില്‍ മാലാഖമാരിറങ്ങയും.. ചെയ്തിരുന്നിടം...

കുഞ്ഞുപാദങ്ങളാല്‍ താണ്ഡവനൃത്തമാടിയിടം..

"ഈ പൊക്കിളോ"???

ഇതാണു നാം തമ്മിലുള്ളാത്മ ബന്ധം...
ഏഴു മരണ വേദനകളൊന്നിച്ചേറ്റുവാങ്ങിയ,
ഞരമ്പുകളുടെ പിടച്ചില്‍...
ധമനികളിലെ ഇരച്ചില്‍...
പ്രാണനിലെ അഗ്നിപ്രവേശം..

ഒടുവിലൊരു പൊന്നിന്‍ നുറുങ്ങുപോലെ
നീയെന്‍ മാറൊട്ടിക്കിടന്നെട്ടുനാടും പൊട്ടിക്കാറിയതു...
നിന്നെയൂട്ടി മതിവരാത്തയീ മുലകളോ..
മുലക്കണ്ണുകള്‍ എത്ര ജന്മത്തിലെ ആകര്‍ഷണമായി..

ചിരപരിചിതനെ പോലെ കണ്ടെത്തി വിശപ്പടക്കി നീ...
പകലോന്റെ പ്രയാണത്തില്‍..
നിലാവുകളുടെ അലിയലില്‍..

കൈ വളരാന്‍..
കാല്‍ വളരാന് ‍മെയ്യ് വളരാന്‍...

അമ്മയുടെ നോമ്പുകള്‍..
പ്രാര്‍ത്ഥനകള്‍..
കണ്ണീര്‍ച്ചാലുകള്‍..
വീണ്ടുമുരുകാന്‍ കാരണങ്ങള്‍ നൂറു..

സ്കൂളിലേക്കുള്ള പോക്കില്‍,
ബാഗ്‌ ചുമന്നു കുഞ്ഞു തോളുകളും,
ഷൂസ്‌ ഇറുകി പാദങ്ങളും... വേദനിക്കുന്നുണ്ടാവുമോ...?

മുടി മുറിക്കാന്‍ കാലമായോ...?
ഇളകിത്തുടങ്ങിയ മുന്‍പല്ലിന്റെ സ്ഥിതി എന്തായി....?
മറ്റു കുട്ടികള്‍ ദ്രോഹിക്കുന്നുണ്ടാവുമോ...?
പഠിക്കുന്നതില്‍ പാതിയെങ്കിലും ബുദ്ധിയില്‍ പതിയുന്നുണ്ടാവുമോ..?

വീണ്ടും....സ്കൂള്‍ ബസ്സ്‌ വരാന്‍ വൈകുന്നതെന്തേ???

ആയിരക്കണക്കിനു സമാനവാഹനങ്ങള്‍ക്കിടയിലും...
നിനക്കായി മൂര്‍ച്ച കൂട്ടിയ -
കഴുകന്‍ കണ്ണുമുനകളുടെ കാന്തശക്തി കണ്ടെത്തുകയായി നിന്നെ...
വാല്‍സല്യം കൊണ്ടെനിക്ക്‌ സഹികെട്ടു...
പ്രാണന്റെ പിടച്ചിലിനിയും.. തീരുന്നില്ല..

എന്നാണൊന്നു വലിയവനാകുക..?

വേച്ചു പോവുമമ്മയ്ക്കു..പാദങ്ങളാകുവാന്‍...
തളര്‍ന്നുപോകുമമ്മയ്ക്കു താങ്ങാകുവാന്‍...
പ്രാണന്റെ കനല്‍ വീണ്ടുമെരിയുകയാണു...

നിന്നെ ഓര്‍ത്തു...
നിന്നെ മാത്രമോര്‍ത്തു...

അറിയാന്‍ വൈകിയത്‌



ന്പതാം ജന്മത്തിനൊടുവിലെ കണ്ടുമുട്ടല്‍

എവിടെയായിരുന്നു നീ ഇത്ര നാള്‍
ചോദ്യമെന്റെ നെഞ്ചിലാണു കൊണ്ടത്‌

ഞാനുണ്ടായിരുന്നല്ലോ കൂടെ..

നീ മാനം നോക്കി,
കണ്ണു നിറച്ച്‌
സങ്കടത്തോടെ കവിത ചൊല്ലിയ നേരങ്ങളില്
‍മേഘത്തോടൊപ്പം ഉണ്ടായിരുന്നല്ലോ

മഴ നിറഞ്ഞ സന്ധ്യകളില്‍...
ആഹ്ലാദത്തോടെ നീ കണ്ടിരുന്ന
മഴത്തുള്ളികളിലും ഉണ്ടായിരുന്നു

മുറ്റത്ത്‌ മുല്ല പൂത്ത കാലത്തു,
ഏറ്റവും താഴെ ഒറ്റക്ക്‌ നിന്നെ നോക്കി
ചിരിച്ചു നിന്നതും ഞാന്‍

കടലില്‍ നീന്താനിറങ്ങിയ
നിന്നെ അരുമയോടു പുണര്‍ന്ന ആദ്യ തിരയും..

പിന്നീട്‌,
ആദ്യ രാവിന്റെ, പേരിടാന്‍
മറന്നുവെച്ചൊരു യാമത്തിലെ
വിയര്‍പ്പില്‍ നീ നനഞ്ഞപ്പോള്‍...
ചെറു കാറ്റിന്റെ തണുപ്പേകി...
കണ്ണീര്‍ പൊഴിച്ചു പോയതും ഞാന്‍ തന്നെ

അങ്ങനെ, മേഘത്തുണ്ടും..
മഴത്തുള്ളിയുമായി...
പൂവും.. തിരയും....കാറ്റും... കണ്ണീരുമായി.....

എന്നും ഞാന്‍ കൂടെയുണ്ടായിരുന്നു

നീയാണു വൈകിയത്‌....
തിരിച്ചറിയാന്‍

ഇതു കവിതയല്ല നീയാണു


നീ വളമാകേണ്ടി വന്നുവല്ലോ..
ഈ ഗോതമ്പു മണി വെളിച്ചം കാണുവാന്‍


കായല്‍ കരയില്‍..
തടാകക്കരയില്‍...
ഓറഞ്ചു മരച്ചോട്ടില്‍..

നീ കവിതകള് ചൊല്ലിയെന്നെ മുഷിപ്പിച്ചു..
ജന്മനാ ഞാന്‍ വെറുത്തിരുന്നു കവിതകളെ...

ഗ്രഹണത്തിന്റന്നു 'ഭ്രമകല്‍പനകളുടെ തോഴിയും'..
'മൂഷികസ്ത്രീയും' ചൊല്ലിയെന്നെ കരയിച്ചു...

ആ സന്ധ്യയില്‍ തന്നെ
അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം...

പിന്നീടെപ്പൊഴൊ അറിയുന്നു
സ്വന്തം പ്രാണനെയാണു നീ
എന്നിലേക്കുള്‍പ്രാപണം നടത്തിയതെന്നും...

നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ
നീലമഷിയായി മാറിയതെന്നും...


ഉരുകിയൊലിക്കുന്ന
എന്റെ ഹൃദയത്തെ തൂലികയാക്കി,
കവിതയെന്ന ഭാവേന ..

പെയതിറങ്ങുകയാണു നീ....
പുനര്‍ ജന്മമായി... എന്നിലൂടെ...
നഷ്ടഭൂമിയുടെ മാറിലേക്ക്‌...

ഇലത്താളിലെ നീര്‍മണിയിലേക്ക്‌....


ഇതു കവിതല്ല നീയാണു




റൂട്ടു കനാല്‍ ട്രീറ്റമെന്‍റു


കഠിനമായ തണുപ്പിന്‍റെ
മരവിപ്പു കടം വാങ്ങിയിരുന്ന
മുറിയില്‍ ഡോക്ടര്

വെളള്ളക്കോട്ട്
ഇണങ്ങുന്നേയില്ല അയാള്ക്ക്

ചെമ്മീനിലെ പരീക്കുട്ടിയുടെ
വിഷാദം ആവേശിച്ചിരുന്നു മുഖത്ത്

പല്ലു പ്രശ്നങ്ങളുടെ സ്തിഥി വിസ്തരിച്ചു
ബാങ്കിലേക്കെന്നു പറഞ്ഞു
കൂടെയുള്ളയാള്‍ പോയ നേരത്തു

ജനാലച്ചില്ലിനപ്പുറം ചാഞ്ഞുകിടന്ന്
രാജമ്മല്ലി ഒരു പൂവു പൊഴിച്ചു

അയാളുടെ ഓരോ സ്പര്‍ശനത്തിലുമെന്‍റെ
ബി പോസറ്റീവു രക്തം ഉണര്‍ന്നു

നാസികത്തുന്‍പിന്മേലു വിയര്‍പ്പു തൂങ്ങി


അയാള്‍ ഇടക്കിടെ തിരിഞ്ഞു
ഉപകരണങ്ങള്‍ തിരഞ്ഞു,
ഗ്ലൌവിലെ ചുളിവുകള്‍
തീര്‍ത്തയിടവേള

ഒന്നിളകിയിരുന്നു
കണ്ഠ്ത്തിലെ മംഗല്യസൂചികയെ
ദുപ്പട്ട മടക്കിലേക്കിട്ടു ഞാന്‍

പിങ്കു ഫ്രോക്കിട്ടു,
വലിയ കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി
12 വയസ്സുകാരി മകള്‍
സസൂക്ഷ്മം മുന്നിലിരുന്നു

നിസാര വേദനകളിലും
പേടിച്ചുവോയെന്ന
വെളുത്ത വായ മൂടി ഭേദിച്ച
പതിഞ്ഞയൊച്ചയും

3 ½ ഇഞ്ചു അകലത്തില്‍ നിന്നും
കവിളിലേക്കു തെന്നി വീണ ശ്വാസശകലങ്ങളും
ഏതു അര്‍തമില്ലായമയിലേക്കാണ്
എന്നെ വലിച്ചെറിഞ്ഞത് ?

ശരിക്കും
ആരായിരുന്നു അയാള്‍ ?

ആണ്ടുകള്‍ ചിലതു തീര്‍ന്നു പോയിട്ടും
ചോദിക്കാന് ബാക്കിവെച്ചത്

പേര്
ഇ മെയില്‍ ഐ ഡി
സെല്ല് നമ്പര്‍

അങ്ങനെ പലതും...




ധ്രുവാന്തരം


പൂക്കളില്‍ സുന്ദരി
പനിനീര്‍പ്പൂവെന്ന് അവന്‍

വേലിപരുത്തിയെന്നു ഞാന്‍

പക്ഷികളില്‍ മയിലും
നേരങ്ങളില്‍ സന്ധ്യയും
പ്രക്യതിയില്‍ കടലും

രാഗങ്ങളില്‍ ഇന്ധോള‍വും
വര്‍ണ്ണങ്ങളില്‍ നീലയും
എന്നും അവന്‍...

എന്നാല്‍ ഞാന്‍
വേലിപരുത്തിയായിരിക്കെ
പക്ഷികളില്‍ കാകനും,
നേരങ്ങളില്‍ നട്ടുച്ചയും,
പ്രക്യതിയില്‍ പ്രളയവും,
താളങ്ങളില്‍, രൌദ്രവും
വര്‍ണ്ണ്ങ്ങളില്‍, കാര്‍വര്‍ണ്ണവും
ആയിരിക്കെ

എന്നോടുള്ള അവന്‍റെ പ്രണയം
സത്യമെന്നു വിശ്വസിച്ച
ഞാന്‍ എന്തു വിണ്ഡി

മകളുടെ പേര്


കാലം കുറെയായി

ഈ ഭൂഖണ്ഡം
ഉറക്കത്തിലേക്ക്
കടക്കുമ്പോള് ‍കാറ്റു തുറന്നിടുന്ന

ജാലകത്തിലൂടെ നീ
എന്‍റെ കിടക്കയിലെത്തുന്നു

നിന്നെ പുണര്‍ന്നാണ് ഞാന്‍
നിദ്രയുടെ കടലിലെത്തുന്നത്

പുലര്‍ച്ചയുടെ നിഴല്‍ വീഴും മുന്പു നീ
ചാരനായ് തീരുന്നു

ആരുമറിയാതെ കടന്നു കളയുന്നു

വെറുതെയല്ല
എന്‍റെ മകള്‍ക്ക് നിലാവെന്ന്
പേരു വീണത്