5' 9"

ക്ലാസിലപ്പോഴും പിൻ ബെഞ്ചിന്റെ
അരക്ഷിതാവസ്ഥയിലായിരുന്നിരിപ്പ്
അസംബ്ലികളിൽ ഏറ്റം പിന്നിലെ-
നോട്ടപുള്ളികളിലൊന്നായായിരുന്നു നിൽപ്പ്
ആരെന്ത് കുറ്റം ചെയ്താലും
എല്ലാ കണ്ണുകളും കൂർത്തുവന്ന് തോണ്ടും.
 പൊക്കം കൂടിയ പെണ്ണല്ലേയെന്ന്
പരിഹസിക്കപ്പെടലിന്റെ വഴുക്കലിൽ
തെന്നലോടു തെന്നലായിരുന്നു
പൊക്കമേ പൊക്കമേ
എനിക്കിഷ്ടമല്ല നിന്നെയെന്ന്
പ്രാക്കോടു പ്രാക്കായിരുന്നു
എന്താണിങ്ങനെ വളഞ്ഞൊടിഞ്ഞ് നില്ക്കുന്നതെന്ന്
വീട്ടിൽ, സ്കൂളിൽ, ആഫീസിൽ പിന്നെ നീയും
ആക്ഷേപിക്കലോട് ആക്ഷേപിക്കലായിരുന്നു

ഇപ്പോൾ,
ഇപ്പോൾ മാത്രം,
നിന്റൊപ്പമെത്താനും, കൂടെനടക്കാനും, കിടക്കാനും
നിനക്കുമ്മവെയ്ക്കാനും മാത്രമായിരുന്നു
കാലമെന്നെയിങ്ങനെ വലിച്ചു നീട്ടി, നീട്ടി
പൊക്കം വെയ്പ്പിച്ചതെന്ന് മനസിലായിരിക്കുന്നു
എന്റെ പൊക്കമേ.. എന്റെ പൊക്കമേ ..


            *****

പെണ്മ

അത്രമേൽ ആത്മ സ്നേഹിതരായിരുന്നിട്ടുപോലും
ഒന്നിച്ചൊരു ചുറ്റിക്കറക്കത്തിനു പോയിട്ടില്ലായിരുന്നു.
പള്ളി മാത്രമായിരുന്നു കണ്ടുമുട്ടൽ കേന്ദ്രം.
താമസിച്ചെത്തി നേരത്തെ മടക്കക്കാരിയായിരുന്നു അവൾ.
ഞാനോ,
നേരത്തെയെത്തി വളരെവൈകി
പള്ളി ഗേറ്റു പൂട്ടുന്നതു വരെ
ലൈറ്റുകളണയുന്നതു വരെ കറങ്ങി നടക്കും
അവൾ വിളിക്കുമ്പോൾ മാത്രമാണു
എന്റെ ഫോൺ പരദൂഷണങ്ങളാൽ ചൂടുപിടിക്കുന്നതും
ചാർജ്ജു തീർന്നോഫാകുന്നതും.
അവളിലേയ്ക്കു ചുരുങ്ങി ചുരുങ്ങി
എന്റെ ലോകം ചെറുതായി.
ചിലപ്പോൾ അവളിലേയ്ക്ക് വളർന്നു വളർന്നു
ലോകം വലുതായി.

എന്നാൽ,
മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ അപരിചതരായിരുന്നു.
കാന്ത-കണ്ണുകളുള്ള പെണ്ണുങ്ങളാണു ചുറ്റുമെന്ന്
അവൾ നിരന്തരം ആശങ്കപ്പെട്ടു.

എന്നാൽ ഒന്നിച്ചൊരു വിവാഹച്ചടങ്ങിനു
പങ്കെടുക്കേണ്ടിയിരുന്നതു കൊണ്ടും
ഒരു പുത്തനെടുക്കേണ്ടിയിരുന്നതു കൊണ്ടുമാണു
ഞാൻ കാറുമായി കാത്തുകിടന്നതും
അവൾ ഓടിപ്പാഞ്ഞ് വന്നതും.
K.M. Trdg- ൽ ബിഗ് സെയിലാണന്നറിഞ്ഞ്
അങ്ങോട്ട് പായുകയാണു
അവൾ ലേശം ഇരുണ്ടിട്ടും  ഞാൻ മാനിറത്തിലുമാണു.
രണ്ടു മൂന്നു കടകൾ കയറിയിറങ്ങിയിട്ടും
അവൾക്കു പറ്റിയൊരു സാരിയും
എനിക്കു ചേരുന്നൊരു സൽവാറും കിട്ടിയില്ല.
ഒരുപക്ഷേ,
ഞങ്ങളുടെ നിറങ്ങൾക്കു വേണ്ടി മാത്രമൊരു വസ്ത്രലോകം
ഉണ്ടാവേണ്ടിയിരുന്നുവെന്ന് ഞാനാഗ്രഹിച്ചു.
ശരിക്കും ഞങ്ങൾ വസ്ത്രങ്ങൾ തിരയുകയായിരുന്നില്ല
തീരാത്ത വിശേഷങ്ങളിൽ ഉഴലുകയായിരുന്നു
90% നേരങ്ങളിൽ അവളെന്റെ കാമുകനും
ബാക്കി നേരങ്ങളിൽ ഞാനവളുടെ കാമുകനുമായിരുന്നു
പെണ്മക്കളെ പറ്റിയുള്ള വിശേഷം പറച്ചിൽ
ഞങ്ങളുടെ ഇഷ്ടവിനോദമാണ്.
അവരുടെ വൃത്തിയില്ലായ്മയും, പഠന വിമുഖതയും
പൊതുവായ ആകുലമാണു.
കെട്ട്യോന്മാരുടെ കുറ്റം പറഞ്ഞു പറഞ്ഞു ഞങ്ങൾ
ഒറ്റകെട്ടായിനിന്നു.
അവൾടെ കെട്ട്യോനിഷ്ടം ബിരിയാണിയോ ചൈനീസോ ഒക്കെയാണു
അവൾക്ക് കപ്പയോ നല്ലൊണക്കമീൻ ചമ്മന്തിയോ,
എന്റിഷ്ടം  ചൈനീസോ ബിരിയാണിയോ 
എന്റെ കെട്ട്യോനു കപ്പയോ കഞ്ഞ്യോ ഒണക്കമീനോ..
അങ്ങനെയാണെടീ..
ഒരേ ഇഷ്ടക്കാരെ വിരുദ്ധ ധ്രുവങ്ങളിൽ വിന്യസിപ്പിച്ച്,
തമ്പുരാൻ മുകളിരുന്ന് കണ്ടു രസിക്കും
ഒരേ താളത്തിലങ്ങനെ പോയാൽ
അങ്ങേർക്ക് കണ്ണുകടിക്കും, ബോറടിക്കും..
ഞങ്ങൾ അട്ടഹസിച്ച് രസിച്ചു.

U.D.F. –ന്റെ അധപതനം പറഞ്ഞവൾ-
കിലോമീറ്ററുകൾ നീളമുള്ള നെടുവീർപ്പിട്ടു.
ഗണേഷ്കുമാറിന്റെ കാമുകിയെപറ്റി പറഞ്ഞപ്പോൾ
പിന്നെ ആരാണിത്ര നല്ലവരെന്ന് 
വൃത്തികെട്ടൊരു പരിഹാസം തൊടുത്തു
(അവൾക്ക് പ്രിയപ്പെട്ട മന്ത്രിയാണയാൾ)

പറഞ്ഞു പറഞ്ഞു പയ്യാരം നടുവേദനയിലെത്തി,
തിരുമ്മിത്തരാൻ പറഞ്ഞാൽ 
അങ്ങേർക്ക് സൗകര്യോം സന്തോഷോം ഉള്ളയിടമൊക്കെയാണു തിരുമ്മൽ
ആ വാചകത്തിലെ ദ്വയാർത്ഥം കേട്ട്
അവളന്തം വിട്ടെന്നെ നോക്കി,
എന്റെ സ്ഥിതീമതുതന്നെയെന്നവൾ സമ്മതിക്കുകയാണു.

തമ്മിൽ പിരിയുമ്പോൾ
വാങ്ങാൻ കഴിയാതിരുന്ന വസ്ത്രങ്ങളായിരുന്നില്ല,
അരിഞ്ഞ് വെച്ചു പോന്ന വാളരിപ്പയറും,
വെട്ടിവെച്ച അയലയും,
പാതി വെന്തുകിടക്കുന്ന ചോറും,
അലക്കാൻ കുതിർത്തു വെച്ച തുണികളുമൊക്കെ
എന്നെ കാത്തുകിടക്കുന്നുവെന്നതായിരുന്നു മനസിൽ.

               **  ശുഭം **

നീയും ഞാനും



ടാ-യെന്ന ഒരു പതിഞ്ഞ വിളി മതി
നമ്മുക്കിടയില് അലറുന്ന പുഴയെ വറ്റിച്ചു കളയാന്
എന്നാലും വിളിക്കില്ല..

പോട്ടെടാ‍-യെന്ന്  മൂന്നക്ഷരം ധാരാളമാണ്
സകല സങ്കടങ്ങളും വെന്തു പോവാന്‍.
എന്നാലും പറയില്ല

നിനക്കു ഞാനില്ലേയെന്ന
ഒരു  കുഞ്ഞു വരി മതി
പക്ഷേ വേണ്ട

എന്നെ നിര്മ്മിച്ചത് ഈഗോ കൊണ്ടാണ്

     
              *********


പ്രണയിക്കപ്പെടുന്നവൾ വേട്ട മൃഗമാണു.
അവൾ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കും
മുറിവേൽക്കപ്പെട്ടുകൊണ്ടിരിക്കും
രക്തമിറ്റിച്ച് പ്രാണരക്ഷാർത്ഥം
ചുറ്റുപാടും ചിതറിയോടിക്കൊണ്ടിരിക്കും

വരും ജന്മം ആണായി ജനിക്കണം
കഴിഞ്ഞ ജന്മങ്ങളിൽ നിഷേധിക്കപ്പെട്ട
സ്നേഹങ്ങൾ കൊണ്ടു മൂടപ്പെട്ട
ലോകത്തെ ആദ്യ സ്ത്രീയാവും എന്റെ കാമുകി.
    
                 ********

വരൂ രമണാ
നമ്മുക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാം
മരുഭൂമി മലർക്കെ വിരിഞ്ഞുകിടന്നു വിളിക്കുന്നുണ്ട്
പിരിഞ്ഞ് പിരിഞ്ഞിരുന്ന്
സഹിച്ചു സഹിച്ചിരുന്ന്
ഞാൻ ചാവറായിരിക്കുന്നു
നമ്മൾ ഒരുമിച്ചുവെന്ന് വെച്ച്
 ഭൂമിക്കെന്തെങ്കിലും സംഭവിക്കുമോ
ഉവ്വോ?
ഇല്ല.
ഒന്നും സംഭവിക്കില്ല..


                 ********



നിന്നെ കളഞ്ഞ് വേറൊരു സ്നേഹത്തെ
കണ്ടുപിടിക്കണമെന്നൊക്കെയുണ്ടായിരുന്നു
അത്ര സഹിക്കാൻ വയ്യാഞ്ഞിട്ടായിരുന്നു
എങ്കിലും.. എങ്കിലും..
“Better the devil you know
Than the angel  you don’t..”
എന്ന പഴയൊരു ആപ്തവാക്യത്തിന്റെ-
പേരിലായാൽ പോലും,
എന്റെ ചെകുത്താനേ..
നീ മതി.. നീ തന്നെ മതി..

                 *******


അന്നത്തെ നിന്നെയാണെനിക്കിഷ്ടം.

എന്നെ സ്നേഹിക്കാൻ വേണ്ടി മാത്രം
വെളുപ്പാങ്കാലത്ത് ഉണർന്നോണ്ടിരുന്ന നിന്നെ..
എന്നോട് ശണ്ഠയിടാൻ മാത്രം 
വണ്ടിം കേറി,
അക്കണ്ട ദൂരമൊക്കെ യാത്ര ചെയ്തു വന്നോണ്ടിരുന്ന നിന്നെ
തിരികെ പോകുമ്പോൾ, തോളിലെ ബാഗിൽ നിന്ന്
മുറ്റത്ത് ഒരാഴ്ച് മുൻപു വിരിഞ്ഞ പൂക്കളും, 
വാടിയ ഇലകളും, പഴകിയ മിഠായികളും, 
കുഞ്ഞിപാവകളും തന്നോണ്ടിരുന്ന നിന്നെ.
അന്നത്തെ നിന്നെ തന്നെയാണിന്നും എനിക്കിഷ്ടം.


                ********

എന്തിനേറെ?
നല്ലൊരു സ്വപ്നം കണ്ടാൽ
നീയും അതു തന്നെ കാണണേ-ന്ന് കൊതിക്കും
ഇല്ലെങ്കിലോ,
കാണുമ്പോൾ തരാൻ വേണ്ടി 
അതിൽ കുറച്ച് കോരി വെച്ചിട്ടുണ്ടാവും..

നമ്മൾ രണ്ടിടത്താണെങ്കിലന്ത്??
ഒരു കുഴപ്പവുമില്ല.
                                                             
                                                                                 ********

എന്നെക്കുറിച്ചാവണം
എന്നെക്കുറിച്ചു മാത്രമാവണം
വള്ളിയും പുള്ളിയും,
കുത്തും വെട്ടും
വൃത്തവും അലങ്കാരവും 
താളവും ഈണവും
ബിംബവും ആത്മാവും
എല്ലാം ഞാൻ !

എന്നെക്കുറിച്ചു മാത്രമായിരിക്കണം
നിന്റെ എല്ലാ കവിതകളും !!


               ******