H2O



ഹൈഡ്രജനും ഓക്സിജനും

ജലഘടകങ്ങള്‍
വിഭജിക്കപ്പെടുന്നു കെമിസ്ട്രി ക്ലാസില്
‍ഘനം പിടിക്കുന്നു മിഴിപോളകള്‍ക്ക്‌

യഹോവ ആകാശത്ത്‌
കിളിവാതിലുകള്‍ തുറന്നു
ജലപ്രവാഹം താഴേക്ക്‌
നോഹയുടെ പെട്ടകം മുകളിലേക്ക്‌
പ്രളയത്തില്‍ ദുഷ്ടജനം നിഗ്രഹിക്കപ്പെടുന്നു
വയോധിക പുരോഹിതന്‍ ഉപദേശിക്കുന്നു
അപ്പോഴും ഉറക്കം കരിമ്പടം പുതച്ചു കണ്ണില്

‍കേരവൃക്ഷങ്ങള്‍ യാത്ര പറഞ്ഞ്‌
മഹാസമുദ്രങ്ങളുടെ പ്രഹേളികകള്‍ കടന്ന്
കാനല്‍ജലത്തിന്റെ നാട്ടില്
‍കാനല്‍ജലം പിന്നേയും ദൂരെ-



വേവലാതിയുടെ ഉണര്‍ച്ചകളിലേക്ക്‌ എറിയപ്പെട്ട്‌
കണ്ണുകള്‍ മലച്ചു

ഗംഗയും യമുനയും കാവേരിയും
കവിതകളില്‍ മാത്രം നനയുന്നതു കണ്ടു
മഴനനയാത്ത പ്രവാസഭൂമിയില്
‍ഊഷരതയുടെ ജലക്കൂനകള്‍ നിറയുന്നു

അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
പുഴകള്‍ ക്ഷീണിച്ച്‌ അരുവികളായി
പിങ്കു താളുകളില്‍, മഴനൂലുകളായെത്തുന്ന
അനുജത്തിയെന്ന പനിനീരരുവി

കൈകുടന്ന പാതികോരി മുഖമൊന്നു കുടഞ്ഞാല്‍
പിണങ്ങുന്ന,
മുങ്ങിനിവരാന്‍ കൊതിയായിട്ടും
ഉപേക്ഷിക്കേണ്ടി വന്ന മോഹാരുവി
(അതിവിടെ അപ്രസക്തം)

ദുര്‍സ്വപ്നമുണര്‍ത്തിയ രാവിന്റെ
തളര്‍ന്നയാമത്തിലെപ്പോഴോ
കഠിനമായ വരണ്ട ദാഹത്തിനു
അടുക്കള പരതവേ
പെപ്സി മിരാണ്ടാ വോഡ്ഗാ സോഡ എല്ലാം സുലഭം
അല്‍പം ജലകണികയെവിടെയുമില്ല

ഞാനിവിടെ പ്രവാസത്തിലാണു

ടോസ്സില്‍ വീഴാതെ പോയ വാലെന്റൈന്‍




വന്‍ സമ്മാനിച്ച
ചുവന്ന പനിനീര്‍ പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത്‌ താലോലിച്ച്‌
അവളങ്ങനെ നിന്നു


എവിടെയെന്റെ സമ്മാനമെന്ന
അവന്റെ ചോദ്യം കാണാതെ

ഒന്നിനും മറുപടി പറയാത്ത
എല്ലാമറിയുന്ന ആകാശത്തേക്ക്‌ നോക്കി
പറയാന്‍ വയ്യാത്തൊരു
ഫ്ലാഷ്ബാക്ക്‌ ചുരുളഴിയുന്നതു
അവള്‍ മാത്രമറിഞ്ഞു

തലേ രാത്രി
തൂവെള്ളവസ്ത്രങ്ങളിഞ്ഞ്‌
വെള്ള കുതിരമേല്‍ രാജകുമാരനെത്തുമെന്ന
വിഡ്ഡിത്തം മറന്നു
വെള്ള ബ്ലാങ്കറ്റു മൂടിയ ഉറക്കം
പ്രഭാതം മുതല് ‍ഒലിയാന്‍ഡര്‍ - ജൂബിലി - ഫ്ലോറിഡ -
ഫ്ലവര്‍ ഷോപ്പുകള്‍ കയറിയിറങ്ങിയത്‌
10 രൂപക്ക്‌ 3 പൂവുകള്
‍വില പേശി
ആര്‍ക്കൊക്കെ വേണ്ടിയെന്ന് ടോസ്സ്‌ ഇട്ടത്‌
കാറിന്റെ ഡിക്കിയില്
‍ഡാഷ്‌ ബോര്‍ഡില്‍
സീറ്റിനടിയിലുമായി സൂക്ഷിച്ച്‌
പിന്നീട്‌ പരസ്പരമറിയാതെ പങ്കു വെച്ച്‌
ആശംസകള്‍ നേര്‍ന്നത്‌

വര്‍ത്തമാനത്തിലേക്ക്‌ മടങ്ങിയെത്തി
മുന്നില്‍ വന്നുപെട്ടിരിക്കുന്ന
ഈ നാലാമന്‍ ടോസ്സില്‍ വിഴാതെ പോയ
നിരാശയുടെ ചുണ്ടിലേക്ക്‌
മനോഹരമായ ചിരി തിരുകി വെച്ച്‌
പ്രണയകനലെരിയുന്ന അവന്റെ കണ്ണിലേക്കു നോക്കി

ഇടതു നെഞ്ചു തൊട്ട്‌
നിനക്കുള്ളതിവിടെയെന്ന്
ഒറ്റവാക്കു കൊണ്ട്‌ തോല്‍പിച്ചു കളഞ്ഞവള്

‍ബോധമില്ലായ്മയുടെ
കടലിളക്കമൊടുങ്ങിയപ്പോള്‍
അവനറിഞ്ഞു

അവളുടെ പൂക്കളൊഴിഞ്ഞ ഹൊന്‍ഡ സി.ആര്‍.വി.
1.കി.മി. എങ്കിലും പിന്നിട്ടിരുന്നുവെന്ന്


ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-




മൂന്നു കിടാങ്ങളെ പേറിയ
ഗര്‍ഭ പാത്ര ശങ്ക തീര്‍ക്കാനവളെത്തി..
വയ്യാത്ത വയറും താങ്ങിയിരുന്നപ്പോഴായിരുന്നു
ഗൈനക്കോളജിസ്റ്റിന്റെ ചോദ്യം
"എന്നായിരുന്നു ഒടുവിലായി ആ ചുവന്ന പൂക്കള്‍ വിരിഞ്ഞത്‌"?





എന്നായിരുന്നു
അവളോര്‍മ്മയുടെ പുഴയിലേക്കിറങ്ങി നിന്നു

തീയതികള്‍ ഘോഷയാത്ര നിരത്തി
മക്കളുടെ ജനന തീയതികള്‍...
മകളുടെ പല്ലിന്റെ കമ്പി മുറുക്കേണ്ടത്‌..
സ്കൂള്‍ ഫീസിനുള്ള അവസാന തീയതി...
ക്രെഡിറ്റ്‌ കാര്‍ഡ്‌... കാര്‍ ലോണ്‍...
പാചക വാതകം...
കണ്‍സല്‍ട്ടന്റുമായി
എം. ഡി. യുടെ കൂടി കാഴ്ച..
തയ്യാറാക്കിയ ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌....

ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി സഞ്ചരിച്ച്‌...
ഗര്‍ഭ പാത്രത്തേക്കാള്‍
കേടു ബാധിച്ചയോര്‍മ്മ...
വിജനമായേതോ... ദ്വീപിലടിഞ്ഞ്‌ -
വിജ്രംഭിച്ചെത്തിയൊരു വെളിപ്പാടിലുറച്ചു...

പിന്നീട്‌, നേര്‍ത്തു ക്ഷീണിച്ച
ശബ്ദമൊരുമാത്ര ആളിപ്പടര്‍ന്നു...
"അബ്ദൂട്ടിയോടൊന്നു ചോദിക്കണം"..


ഡോക്ടര്‍ക്കും.. ഭര്‍ത്താവിനുമിടയിലേക്ക്‌-
സ്തംഭനാവസ്ത യെറിഞ്ഞുകൊടുത്ത്‌....

മൗനം നിറച്ചൊരു..ചോദ്യചിഹ്നം പോലെ വിളറിയിരുന്നവള്‍...
മെല്ലെ... മെല്ലെ...
സത്യത്തിന്റെ.. മര്‍മ്മത്തിലേക്കൊരു നേര്‍ക്കാഴ്ച നീണ്ടു..

അവിടെ,അവളുടെ ഫ്ലാറ്റും,
താഴത്ത്‌..അബ്ദൂട്ടിയുടെ ഗ്രോസറിയും...
പിന്നെ, മാസപറ്റുബുക്കും... തെളിഞ്ഞു കിടന്നു....

അതിലെഴുതി വെച്ചിരുന്നു...
20-11-2005,
ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-