ആശയക്കുഴപ്പങ്ങള്‍


ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ വലുത്
അളന്നളന്നു സര്‍വാംഗങ്ങള്‍ കുഴയുന്നു
ആത്മാവു തിളച്ചു തൂവുന്നു

രണ്ടും മൂന്നും കൂട്ടര്‍
എവിടെ വെച്ചോ ഒപ്പം കൂടിയവര്‍
ഏതു സ്റ്റോപ്പില്‍ നിന്നെന്നു പോലുമറിയില്ല.
ജീവിതം ബന്ധങ്ങള്‍ അക്ഷരങ്ങള്‍
മൂന്നും വെവ്വേറെയെങ്കിലും
റബ്ബറ്കായ് മാതിരി പരസ്പരം കുരുങ്ങി കുരുങ്ങി
പിതാവും
പുത്രനും
പരിശുദ്ധാത്മാവും പോലെ ലയിച്ചു ലയിച്ച്.

ജീവിതത്തെയാണെഴുതുന്നതെങ്കിലും,
എഴുതുന്നതു സത്യമെങ്കിലും
അക്ഷരങ്ങളെക്കാള്‍, ജീവിതത്തെക്കാള്‍ വലുത്
ബന്ധങ്ങളെന്ന് പറഞ്ഞ്
അന്ധ വിശ്വാസം ഗൌളി ചിലക്കുന്നു.

വിശ്വാസം ചതിക്കില്ലെന്ന് ബൈബിള്‍.
വിശ്വാസിയെന്നതിനേക്കാള്‍
അവിശ്വാസിയായവളെ
അന്ധവിശ്വാസിയായവളെ
ബൈബിള്‍ രക്ഷിക്കുമോ
ദൈവം രക്ഷിക്കുമോ
ബന്ധങ്ങള്‍ രക്ഷിക്കുമോ.

ഏതോ ദിക്കിലെ തെമ്മാടിയെ പ്പോലെ
തുട കാട്ടി മുണ്ടു പൊക്കി ക്കുത്തി,
കത്തി മുന വെച്ച് മുഖം ചൊറിഞ്ഞ് നടക്കുന്നു ദൈവം
അയാള്‍ക്ക് ജീ‍വിതം പുല്ലാണ്.

മുറിവ് വേദന കണ്ണീരെന്നു കരഞ്ഞു കരഞ്ഞ്
അക്ഷരങ്ങള്‍
മുങ്ങാറായ വള്ളത്തില്‍ കയറി തുഴഞ്ഞു പോകുന്നു.

എന്റെ സ്നേഹം എന്റെ സ്നേഹം
എന്റെ മാത്രം സ്നേഹമെന്ന്
ഓര്‍മ്മക്കൂനകള്‍ പെരുക്കി പെരുക്കി
ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു
**********

അവസ്ഥാന്തരങ്ങള്‍


നാമൊന്നിച്ചു പേരിട്ട
നിലാവിനിപ്പോഴെന്തു
പ്രായമെത്തിയിട്ടുണ്ടാവും?

സഖാവു കൃഷ്ണന്റെ വില്ലയുടെ മുറ്റത്ത്
മുരിങ്ങ പൂത്തിരിക്കുന്നു;
നാരകവും പൂത്തിരിക്കുന്നു.
ചേര്‍ന്നുള്ള ഇടവഴി
നിരന്തര പ്രലോഭനങ്ങളുടെ
അവസാന ജങ്ഷനായിരുന്നുവെന്ന്
ആരറിഞ്ഞു?

പാമ്പും ഏണിയും കളിച്ചിരുന്ന പ്രണയം
87ആം അക്കത്തിലെ പാമ്പിന്‍ വായില്‍ പെട്ട്
താഴേക്ക് പോയിട്ട്
തിരികെയെത്തിയതേയില്ല.

ഫര്‍ദാന്‍ എക്സ്ചേഞ്ചിന്റെ ഡിസ്‌‌പ്ലേ ബോര്‍ഡില്‍
മൂക്കു കുത്തി താഴേക്ക് വീണ രൂപയുടെ മൂല്യസൂചികയും
മുന്നിലെ നീണ്ട ക്യൂവും കാണുന്ന
നിര്‍ദ്ധനന്റെ നിസംഗച്ചിരിയാണിപ്പോള്‍ ജീവിതം.

കാനൂ ഗ്രൂപ്പ് ബില്‍ഡിങ്ങ് പരിസരത്തെ
ഉണക്കയല പോലെ വരണ്ട
കൂട്ടിക്കൊടുപ്പുകാരന്റെ വേഷമാണിപ്പോള്‍
കാലത്തിന്.
ചോരയും നീരുമറ്റ
നിരവധി ശരീരങ്ങളെ വെച്ചു നീട്ടുന്നു.
കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്ന,
ഛര്‍ദ്ദില്‍ വരുത്തുന്ന ജീവിതം

പൂര്‍ണ്ണഗര്‍ഭിണിയെ
ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍
ദാരുണമായി
ഓര്‍മ്മകള്‍ ഈര്‍ച്ചവാളായി ആഴത്തിലേക്കിറങ്ങുന്നു.

പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
പ്രണയത്തെ നാടു കടത്താം.
ഒന്നിച്ചു കണ്ട സ്വപ്നങ്ങളെ ശിരഛേദം ചെയ്യാം.
അടിപ്പാടേറ്റു തിണര്‍ത്ത
സ്വകാര്യങ്ങളെ
കസവുടുപ്പിടീച്ച്, ചിത്രമാക്കി,
ചില്ലിട്ട് , മാലയിട്ട്
ഭിത്തിയില്‍ തൂക്കാം .

എല്ലാം കൂട്ടിക്കെട്ടി
ജീവിതമെന്ന് ചെല്ലപ്പേരിട്ട് വിളിച്ചു ലാളിക്കാം.

2009 മാര്‍ച്ച് 21 വെളുപ്പാന്‍ കാലത്തിന്

രാവടരുന്നതിനും
വെട്ടം പരക്കുന്നതിനും
മുന്‍പായിരുന്നു

ഉള്ളിലെത്തിയതു
വാര്‍ന്നു പോകും മുന്‍പെ
കടലാസിലേക്ക് പകര്‍ത്താനുള്ള
എഴുത്തുകാരന്റെ തൂലികയുടെ
ധൃതി, ത്വര
അതിലുമേറെ വേഗതയില്‍
എന്റെ ഉടലില്‍
സഞ്ചരിക്കുന്നുണ്ടായിരുന്നു നീ

പഴഞ്ചന്‍ രീതികള്‍ക്കെതിരായി
ആയിരം സ്വകാര്യങ്ങള്‍ പരസ്പരം പുതപ്പിക്കുന്നുണ്ടായിരുന്നു നാം.

ബീഭത്സമായ കാടായിരുന്നു നീ





ഇരുട്ടില്‍,
ഇലകളില്‍, കായ്‌കളില്‍
വേരുകളില്‍,
ഉരുമ്മാനിനിയും ബാക്കിവെക്കാതെ
പാറുന്ന ശലഭമായിരുന്നു ഞാന്‍.

രൌദ്രമായ കടലായിരുന്നു നീ

നീന്തിയിട്ടും, മുങ്ങിയിട്ടും
ആഴത്തിനടിയിലെത്തിയിട്ടും
പിന്നേയും കുതിക്കാന്‍ പിടയ്ക്കുന്ന
നീല മത്സ്യമായിരുന്നു ഞാന്‍

അവസാനിക്കാത്ത വഴിയായിരുന്ന നീ

പോയിട്ടും പോയിട്ടും
ആസക്തിയുടെ പൂക്കള്‍ കൊഴിയാത്ത
ഇരു വശങ്ങള് കണ്ട്
തളരാതെ സഞ്ചരിക്കുന്നുണ്ടായിരുന്നു ഞാന്‍

മൌനത്തില്‍ നിന്ന്
വാക്കടരുന്നതിനു മുന്‍പുള്ള
തുച്ഛമായ ഇടവേളയില്‍
നീലമത്സ്യം നീന്തി
ശലഭം പറന്നു

വഴി തീര്‍ന്നു

അപ്പോഴും,
രണ്ടുടലുകള്‍
പന്തങ്ങളായി എരിഞ്ഞു
ഉഷ്ണത്തിന്റെ ഉയര്‍ച്ചകള്‍ കയറി
ആസക്തിയുടെ താഴ്വാരങ്ങളിലേക്കാഴ്ന്നു
ഇടവപ്പാതി മഴയും നനഞ്ഞു

ഒരു മിന്നല്‍ പിണര്‍

നാം രണ്ടായി പിരിഞ്ഞു
സര്‍വ്വത്ര ശാന്തം

പതിനായിരത്തില്‍ ഒരുവന്‍



അബുദാബി സായിദ് സിറ്റിയില്‍
പതിനായിരത്തില്‍പ്പരം
ഒട്ടകങ്ങളെ
ഒന്നിച്ചണിനിരത്തുന്നുവെന്നു വാര്‍ത്ത കേട്ട്
മറവിയുടെ ചിതല്‍‌ക്കൂടിളക്കി
ഒരൊട്ടകം വെളിയിലിറങ്ങി

ഒപ്പം
ആനന്ദമാ‍യി കഴിഞ്ഞിരുന്ന
മുറൂര്‍ റോഡിലെയൊരു വില്ലയും
വില്ലക്കാഭരണമായി മുറ്റവും

അതിലച്ഛന്റെ
സമാസമം ചാലിച്ച
ഒഴിവുസമയവും അദ്ധ്വാനവും
പച്ചക്കറിത്തോട്ടത്തില്‍
തക്കാളിയും പാവലും,
കോവലും, മല്ലിയും
ധാ‍രാളിമയോടെ പടര്‍ത്തി

അതിനെയെല്ലാം ചുറ്റി,
ഓറഞ്ചുവര്‍ണ്ണം പൂശിയ
ഒന്നരയാള്‍ പൊക്കത്തിലെ
ഫെന്‍സിനു പുറത്ത്
ക്ഷണിച്ചെത്തിയതു പോലെ
ഒരുദിവസം അവന്‍

ചുറ്റുപാടുകളില്‍
എണ്ണമറ്റ അറബി വീടുകളൊന്നില്‍നിന്ന്
സായാഹ്ന സവാരിക്കിറങ്ങിയവനാണ്
കൈയ്യൊന്നു നീട്ടേണ്ട താമസം
പഴയ പരിചയക്കാരനെപ്പോലെ-
യത്രയടുത്തു വന്നുവെന്ന പ്രവൃത്തിയിലെ
ചില്ലറയല്ലാത്ത കൌതുകം

ഒന്നു തൊട്ടു
എന്താണാവോ പേര്
അബ്ദുള്ളയോ, മൊഹമ്മദോ
ഏതുകുടുംബത്തില്‍ നിന്നാണാവോ
രാജകുടുംബത്തിലെ തന്നെയാണു
അത്ര കണ്ട് ആഡ്യത്വം

നല്ല അയല്‍ക്കാരനിങ്ങനെയൊക്കെയാണെന്നു
പറയാതെ പറഞ്ഞ്
ഇടക്കിടെയെത്തി

കുബൂസും, ഈത്തപ്പഴവും, വാത്സല്യവും
കഴിച്ചേച്ചൊരു പോക്കുണ്ട്
മുഖത്തും നെറ്റിക്കും പിന്നേയും തൊട്ടു
കഞ്ചാവു ബീഡി വലിക്കുന്നുണ്ടോ
പല്ലുകളില്‍ ‍ കടും തവിട്ടുകറ.
നാലുമാസം പ്രായക്കാരനെപ്പോലെ
ഇങ്ങനെ തുപ്പലൊലിപ്പിക്കുന്നതെന്തേ

ഓറഞ്ചു ഫെന്‍സിനുമുകളിലൂടെയാ
കുഞ്ഞുതലയിടക്കിടെ പ്രത്യക്ഷമാവും

'നിന്റെയാളു
കാത്തുനില്‍ക്കുന്നെവെന്ന'ച്ഛന്റെ കളിവാക്കും
"കീഴില്‍ പോയി നിന്ന്
ചവിട്ടുമേടിക്കരുതെന്ന'യമ്മയുടെതാക്കീതും
അവനും ഞാനും കേട്ടില്ലാന്നു വെച്ചു

ഓഫീസിലേക്കിറങ്ങുമ്പോള്‍
റോഡു വരെയവന്‍ കൂട്ടുവരുന്നതു
ആരാനും കാണുന്നുവോയെന്ന്
സംഭ്രമത്തോടെ ചുറ്റും നോക്കി

എന്തിനുമൊരൊടുക്കമുണ്ടല്ലോ..

വീടു മാറ്റമായി
യാത്രചോദിക്കാനെവിടെയും കണ്ടില്ല

* * *

ആ പതിനായിരത്തില്‍പ്പര‍ത്തില്‍
അവനുമുണ്ടാവുമോയെന്ന ചിന്തയാണ്
ഇപ്പോഴത്തെയലട്ടല്‍

ഉടലറിവുകള്‍


അടുത്തറിയുന്നവരൊക്കെ മനസിലാക്കിയിരിക്കണം
പെണ്ണിന്റെ ഉടലെങ്കിലും
ആണിന്റെ ഉള്ളാണെനിക്കെന്ന്
അതാവാം മരുന്നിനു പോലും
സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നത്

എന്നാലുമുണ്ട് ഒരുവള്‍.
ഭയങ്ങളുടെ മൊത്തവ്യാപാരി.
വിമാനത്തിലും, ബോട്ടിലും
ലിഫ്റ്റില്‍ വരെ കയറാന്‍ ഭയക്കുന്നവള്‍.

ഒരേ പ്രായക്കാര്‍ ഒരേ ചുറ്റുപാടുകള്‍
പ്രാരാബ്ദങ്ങള്‍ സന്താപസന്തോഷങ്ങള്‍
ഒരേ പ്രായമുള്ള പെണ്മക്കള്‍
എന്തിനേറെ!
ഭര്‍ത്താക്കന്മാരുടെ
കൊനുഷ്ടു സ്വഭാവങ്ങള്‍ വരെ സമാനം.
അവള്‍ പറയുന്ന
പരദൂഷണങ്ങള്‍ പോലും
അത്രകണ്ട് പഥ്യമാണെനിക്ക്.

ദേവാലയത്തിന്റെ തിരുസന്നിധിയാണു
സ്വൈര്യ സംസാര വേദിയെന്ന്
ഞങ്ങള്‍ കണ്ടെത്തിയിരുന്നു
പെണ്‍ ജാടകളും, കസവാടകളും കണ്ട്
മൌനം കൊണ്ടും കണ്ണു കൊണ്ടും
പരസ്പരം കുന്നായ്മകള്‍ പറഞ്ഞു
അടക്കിപ്പിടിച്ച് നൂറു പരാധീനതകള്‍ കൈമാറി
സ്കൂള്‍ ഫീസ് കൂടിയത്
അമ്മ ആശുപത്രിയിലായത്
ഒരിക്കലുമൊടുങ്ങാത്ത വീട്ടുപണികള്‍
ലക്കു കെട്ടെത്തുന്ന ആര്‍ത്തവ ചക്രങ്ങള്‍
തിരക്കു കൂട്ടിയാക്രമിക്കുന്ന ജരാനരകള്‍

ചട്ടയും മുണ്ടുമായിരുന്നു വേഷമെങ്കില്‍
ഞങ്ങള്‍
'മനസിനക്കര' യിലെ
K.P.A.C ലളിതയും, ഷീലയുമായേനെ !

പള്ളി പ്രസംഗങ്ങള്‍ കേട്ട്,
വിരസതയോടെ ഒരുമിച്ചുറങ്ങി,
ഉണര്‍ന്നപ്പോള്‍
പരസ്പരമൊളിപ്പിച്ചെത്തിച്ച പ്രാര്‍ത്ഥനകള്‍ക്കും
സാമ്യമുണ്ടാവാം
മരണം വരെ സുമംഗലികളാക്കണേയെന്ന്
മക്കളുടെ തലയില്‍ -
ദുര്‍ബുദ്ധിയൊന്നും വരുത്തല്ലേയെന്ന്
ഒളിച്ചോടാന്‍ തോന്നിയാലും
ക്രിസ്ത്യാനിയുടെ കൂടെ തന്നെയാവണേന്ന്
10-ന്റെയും 12-ന്റെയും
ബോര്‍ഡ് പരീക്ഷകള്‍ വരുന്നുണ്ടന്ന്
അവരെ കെട്ടിച്ചയക്കാ‍ന്‍
തമ്പുരാന്റെ ഖജനാവ്
കാലാകാലങ്ങളില്‍ തുറക്കണേയെന്ന്.

കാരണങ്ങളൊന്നുമില്ലാഞ്ഞിട്ടും
ഇടവപ്പാതിയിലെ പുഴ പോലെയവള്‍
ഇടക്കിടെ കലഹിച്ചു.
പ്യൂപ്പയെ പോലെ മൌനത്തിലിരുന്നു.

പൊട്ടിത്തെറിച്ച്
ഏതെങ്കിലുമൊരു നിമിഷം തിരികെ വരും
'നമ്മുടെ കോണ്‍ഗ്രസ്സുകാരു തന്നെയാ മെച്ച'മെന്നു പറഞ്ഞ്
ഭൂമിയിലെ നൂറുക്കണക്കിന് വിശേഷങ്ങളുമായി,
CNN വാര്‍ത്താച്ചാനലിനെ അനുസ്മരിപ്പിച്ച്
ജന്തുശാസ്ത്രവും, ഭൂമി ശാസ്ത്രവും വിവരിച്ച്
എന്‍സൈക്ലോപ്പീഡിയാ-യെ തോല്‍പ്പിച്ച്

വലിയ ആശുപത്രിയില്‍
റിസപ് ഷനിസ്റ്റായതു മുതല്‍
ഇനിയുമറിഞ്ഞിട്ടില്ലാത്ത
അജ്നാതയിടങ്ങളിലെ അക്ഷയമേഖലകള്‍
എനിക്കുമുന്നിലവള്‍ തുറന്നിട്ടു.

ഒച്ച താഴ്ത്തി തലകുടഞ്ഞവള്‍ ശങ്കിച്ചു.
എന്തിനും പോന്ന സൌഹൃദമാണ്
എന്നിട്ടും !
അവളുടെ വായും എന്റെ ചെവിയും
മില്ലിമീറ്ററിന്റെ അകലത്തില്‍
പറഞ്ഞു തുടങ്ങി.

ഗര്‍ഭാശയത്തില്‍ കുടുങ്ങിയ
ഉറ പുറത്തെടുക്കാ‍ന്‍
പുലര്‍ച്ചെ മൂന്നര മണി നേരത്തെത്തിയ
മഞ്ഞ മുഖക്കാരി റഷ്യാക്കാരിയെക്കുറിച്ച് !

പൈപ്പ് കഷണത്തിലേക്ക് കടത്തി
കരിനീലിച്ച ലിംഗവുമായി
പ്രാണവേദനയില്‍ വിയര്‍ത്തു വന്ന
പഠാനെ ക്കുറിച്ച്

ഭര്‍ത്താവിന്റെ ജനനേദ്രിയത്തിന്റെ
വളര്‍ച്ചയില്ലായ്മയില്‍ നൊന്ത്
ഹോര്‍മോണ്‍ ചികിത്സക്കെത്തിച്ച
മദാമ്മയെക്കുറിച്ച്.

പരപുരുഷന്റെ സ്വകാ‍ര്യതയില്‍
ചികിത്സാഭാഗമായെങ്കിലും,
വെറുപ്പോടെ സ്പര്‍ശിക്കേണ്ടിവന്ന
അവിവാഹിതയായ നേഴ്സു കൊച്ചിനെ പറ്റി !

മൂന്നും നാലും പെറ്റ്,
മദ്ധ്യവയസു കഴിഞ്ഞവരും‍‍ വരുന്നുവത്രെ
സ്വകാര്യയിട സര്‍ജറിക്കും
കോള്‍പ്പോക്രെയോ-ക്കും
അറബിച്സി മുതല് മലയാളി വരെ.

മുത്തും രത്നവും കോര്‍ത്തലങ്കരിച്ച
സ്ത്രീ രഹസ്യങ്ങള്‍ എങ്ങനെയെന്ന്
എനിക്കു ജിജ്ഞാസ പരകോടിയിലെത്തി.
പൌഡര്‍ പൂശാനും, താളി തേക്കാനും
മറക്കുന്ന എന്റെ ശരീര ലോകം
പരിഹാസച്ചിരി തുടങ്ങി.

ബിന്ദു റ്റീച്ചറിന്റെ
കെമിസ്റ്റ്റി പഠിപ്പീര് പോരായെന്നും
ബട്ടര്‍ ചിക്കന്റെ റസ്സിപ്പി
കയ്യിലുണ്ടോയെന്നും ചോദിച്ചവള്‍
വിഷയസഞ്ചാരം നടത്തി
ഊര്‍ന്ന് വീണ സാരിത്തലപ്പ്
തലയിലേക്ക് വലിച്ചിട്ട്
കണ്ണുകളടച്ച്, കൈകള്‍ കൂപ്പി
മൌഡ്യമുണര്‍ന്നോരു ധ്യാനത്തിലേക്ക് ഞങ്ങള്‍ വീണു.
അപ്പോഴേക്കും
വിശുദ്ധ കുര്‍ബാന തുടങ്ങിക്കഴിഞ്ഞിരുന്നു.

അടുക്കി വെച്ചിരിക്കുന്നത്


തിരിയുമ്പോള്‍ മുതുക്
ചെരിയുമ്പോള്‍ വയറ്
കുനിയുമ്പോള്‍
ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍
കാണാന്‍ പാടില്ലാത്ത
പലതും കാണുന്നുവെന്ന്
അറബി മാനേജര്‍ക്ക് അനിഷ്ടമായി.


വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം
സാവധാനം
ഓരോന്നോയി
അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു


അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,
അഴകാര്‍ന്നും അലുക്കിട്ടും,
ഓരോന്നും.


വെയില്‍ കായിച്ചും
കര്‍പ്പൂരം പുകച്ചും
നാഫ്തലില്‍ വിതറിയും
ഓര്‍മ്മകളെ കാക്കുന്നപോലെ
അത്രമേല്‍ ഭദ്രമാക്കി.


ആണ്ടൊരിക്കല്‍
റംസാന്‍ മാസം വിരുന്നുവരും
വസ്ത്രശേഖര സംഘം പിരിവിനെത്തും
അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും
ബാക്കിയുള്ളവ
അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും
വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.



ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.
ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്
ഭാര്യക്ക്,
അമ്മക്ക്,
മകള്‍ക്ക്
പെങ്ങള്‍ക്ക്
അമ്മായിക്ക്,
നിന‍ക്ക്.
എന്ന് ബന്ധപ്പെടുത്തുന്നുണ്ട്


ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..
തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത്


ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.


ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.