പാപം ചെയ്യാത്തവര്‍ കല്ലെറിയുന്നു
ക്രിസ്തു രക്ഷകനായെത്താതിരുന്ന
ഇരുള്‍വഴിയിലെ
മഗ്ദലനയെപ്പോലെയവളുടെ കവിതകള്‍
ഉരുളന്‍ കല്ലുകള്‍കയ്യില്‍പിടിച്ച്‌
ഇരുദിശകളിലുമവര്
പണ്ടു കവിതയിറങ്ങിയ നീല്‍ ആംസ്ട്രോങ്ങുമാര്
‍നീന്തിക്കടന്ന വാസ്ക്കോടിഗാമകള്‍
കണ്ടെത്തലുകളുടെ കൊളംബസുമാര്‍
വിവസ്ത്രയായ്‌,
എന്നെ ഭോഗിക്കൂവെന്നു പറഞ്ഞ്‌ മലര്‍ന്നുകിടക്കുന്നു
നിന്റെ കവിതകളെന്നവര്‍.
അലങ്കാരമെവിടെ
വൃത്തമെവിടെ
അഴിച്ചുമാറ്റാനരഞ്ഞാണം പോലുമില്ലാത്തവളെ
അപമാനം ചുക്കിച്ചുളിച്ചു.
മറുദിശയില്‍,
വിശ്വൈകശില്‍പ്പികള്
‍മൈക്കല്‍ ആഞ്ചലോകള്‍,
ശില്‍പ്പങ്ങള്‍ മെയ്‌ വഴങ്ങി കീഴടങ്ങിയ
പെരുന്തച്ചന്മാര്‍ വിരലുകള്‍ ചൂണ്ടി
ചെത്താനേറെ മിനുക്കാനേറെ
അണിയിക്കാനും അലങ്കരിക്കാനുമതിലുമേറെ
കല്ലായ കല്ലെല്ലാം വന്നുപതിച്ച്‌
കണ്ണീരും രക്തവും വാര്‍ന്ന്
നല്ല ശമരിയ്യാക്കാരനെ
കാത്തു കിടന്നു അവളുടെ കവിതകള്‍.

35 comments:

ദേവസേന said...

" ഇരുദിശകളിലുമവര്
പണ്ടു കവിതയിറങ്ങിയ നീല്‍ ആംസ്ട്രോങ്ങുമാര്
‍നീന്തിക്കടന്ന വാസ്ക്കോടിഗാമകള്‍
കണ്ടെത്തലുകളുടെ കൊളംബസുമാര്‍
വിവസ്ത്രയായ്‌,.......

സ്വന്തം കവിതയെക്കുറിച്ച് ഒരു ചെറുവിലാപം

സനാതനന്‍ said...

വരികളില്‍ വികാരങ്ങളുണരുന്ന വിസ്മയത്തെയാണ് കവിതയെന്നു പറയുന്നത്.നന്നായിരിക്കുന്നു.

Manu said...

ദേവസേന മടങ്ങി വന്നിരിക്കുന്നു !!! ശക്തയായിത്തന്നെ.

ഈ കവിതക്ക്.. താങ്കളുടെ വാക്കുകള്‍ക്ക് ഒരു സമരിയാക്കാരന്റെയ്യും തുണയുടെ ആവശ്യമില്ല. സൂര്യചന്ദ്രന്മാരെ വാക്കിന്റെ മുള്‍മുനയില്‍ തറക്കുന്ന ചാരിത്ര്യശുദ്ധി ഈ ‘ഭോഗവസ്തു’വിനുണ്ട്.

ഓഫ്: വിരോധമില്ലെങ്കില്‍ ഒന്നു രണ്ടിടത്ത് സ്റ്റാന്‍സ് തിരിച്ചോളൂ. അതോ ആടയാഭരണത്തിന്റെയും അരഞ്ഞാണത്തിന്റെയും കൂടെ അതും വേണ്ടെന്ന് വച്ചോ?

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

സാല്‍ജോҐsaljo said...

എത്ര സത്യം!മനോഹരമായിരിക്കുന്നു.

മറ്റൊരു ഭാവം ഇവിടെ..

http://saljojoseph.blogspot.com/2007/05/blog-post_30.html

സു | Su said...

ഈ വരികള്‍ എനിക്കിഷ്ടമായി.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശക്തമായ വരികള്‍ !

വേണു venu said...

മനൊഹരം തന്നെ. കവിത ഇഷ്ടമായി.

ദിവ (ഇമ്മാനുവല്‍) said...

കവിത വളരെ ഇഷ്ടമായി

കുഴൂര്‍ വില്‍‌സണ്‍ said...

എടുത്ത കല്ല് താഴെയിട്ടു

ദ്രൗപതി said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

ആരോ ഒരാള്‍ said...

ആരെഴുതി ഈ നിയമങ്ങള്‍ /
വൃത്തവും, അലങ്കാരവും.
തീവ്രമായ വരികള്‍ അതൊന്നും
ആവശ്യപ്പെടുന്നില്ല. ഹൃദയത്തിലേക്ക്
ഋജുരേഖയില്‍ സഞ്ചരിക്കുന്ന
ദേവസേനയുടെ വരികള്‍ക്കെന്തിന്
ഒരു സമരിയാക്കാരന്റെ നല്ല വാക്കുകള്‍
എഴുതുക, എഴുതിക്കൊണ്ടേയിരിക്കുക.

:ആരോ ഒരാള്‍

സാരംഗി said...

വളരെ ഇഷ്ടമായി കവിത.

മുക്കുവന്‍ said...

ഒരു ലോറി കല്ലുമായി വന്നതാ.. ഇനി എന്നാ ഇവനൊരു താജ് മഹലായി കെടക്കട്ടെ... നന്നായിരിക്കുന്നു.

ദേവസേന said...

മനു,
paragraph തിരിച്ചാണു എഴുതിയത്. പോസ്റ്റ് ചെയ്തപ്പോള്‍ ഗ്യാപ്പുകള്‍ എങ്ങോട്ട് പോയെന്നറീല്ല.
പിന്നീട് എഡിറ്റ് ചെയ്യാന്‍ നടത്തിയ ശ്രമവും പാഴായി.

വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദിയും സ്നേഹവും.

G.manu said...

Something Different

Seema said...

oru kodungattu shakthiyulla kavitha...

chithrakaran ചിത്രകാരന്‍ said...

പ്രിയ ദേവസേന,
മനോഹാരിതയെക്കാള്‍ എടുത്തുപറയേണ്ടത്‌ നിര്‍ഭയം കുതിക്കുന്ന ദേവസേനയുടെ വേഗതയേറിയ മനസ്സിനെയാണെന്നു തോന്നുന്നു.
ചന്ദ്രനിലും , കാലത്തിന്റെ നാഴികക്കല്ലുകളിലും മാറി മാറി ചവിട്ടിക്കുതിക്കുന്ന ദേവസേനയുടെ സ്ഥായിയായ ഭൂമി സ്ത്രീയുടെ നഗ്ന ശരീരം തന്നെയാണ്‌.
വായിക്കുന്നവനെ വിസ്മയപ്പെടുത്തുംബോഴും സ്വന്തം നഗ്നശരീരത്തിന്റെ ഒരു ആരാധികയോ പ്രചാരകയോ ആര്‍ത്തനാദമോ ആയിത്തീരുന്നു കവയത്രി(ഇതു ചിത്രകാരന്റെ പരിമിതമായ കാഴ്ച്ചയുടെ ഒരു നിരീക്ഷണം മാത്രം. അവസാന വാക്ക്‌ കവയത്രിതന്നെ.)
സ്ത്രീ നഗ്നതയുടെ ആഘോഷങ്ങളിലേക്ക്‌ ആളെ ക്ഷണിക്കാതെ പുരുഷ നഗ്നതയുടെ മരുഭൂമിയിലൂടെ ഒരു പടയോട്ടം നടത്താന്‍ ബഹുമാനപൂര്‍വ്വം ദേവസേനയോട്‌ ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
വെളിച്ചത്തിന്റെ അന്തസ്സ്‌ ഇരുട്ടിലാണു തിളങ്ങുക. വെളിച്ചത്തിലല്ല.
ചിത്രകാരന്റെ അഭിപ്രായങ്ങളാണ്‌. വിരോധം തോന്നരുത്‌.
:)

ഇട്ടിമാളു said...

ദേവസേന..... ഇങ്ങോട്ട് ഒരു ചൂണ്ട് കിട്ടിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല... :)

കുറെ കല്ലുകള്‍ വരുമായിരിക്കും അല്ലെ.. നമുക്ക് കൂട്ടി വെക്കാം..

കിനാവ്‌ said...

സത്യം പറയാലോ ഈ അഹങ്കാരം തന്നെ ഈ വരികളുടെ അലങ്കാരം.

..വീണ.. said...

നന്നായിരിക്കുന്നു..

qw_er_ty

മുസിരിസ് said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

കവിത, സ്ത്രീ, ഭോഗവസ്തു, ഭൂമി ഇതെല്ലാം കൂടി ഒന്നിച്ചു കൂട്ടീക്കെട്ടിയ പ്രതിഭയ്ക്കു പ്രണാമം!അകപ്പാടെ നിസ്സംഗത തോന്നിപ്പിക്കാന്‍ തെരഞ്ഞെടുത്ത വാക്കുകള്‍. നന്നായി.

പക്ഷെ ഒരു സംശയം. “എന്നെ ഭോഗിക്കൂ “എന്നുപറഞ്ഞ് മലര്‍ന്നു കിടക്കുമ്പോള്‍ അവള്‍ എങ്ങനെയാണ്‍ നല്ല ശമരിയാക്കാ‍ാരനെ കാത്തു കിടക്കുന്നത്?

മുസീരിസിനോട്:
“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ“ എന്ന് യേശുവാണ്‍ പറഞ്ഞത്. മ്ഗ്ദലന മറിയം അല്ല.
“എന്നെ” എന്ന് മുസിരിസ് ചേര്‍ത്തതാണ്. മറിയം അങ്ങനെ പറയുനുള്ള സാഹചര്യം അന്നില്ലായിരുന്നു. ഇപ്പോഴും നളിനി ജമീല പോലുള്ള ചുരുക്കം ചിലരെ അങ്ങനെ പറഞ്ഞിട്ടുള്ളു. എന്‍. എന്‍. പിള്ളയുടെ കാപാലികയും.

Manu said...

എതിരന്‍ മാഷേ..
"പക്ഷെ ഒരു സംശയം. “എന്നെ ഭോഗിക്കൂ “എന്നുപറഞ്ഞ് മലര്‍ന്നു കിടക്കുമ്പോള്‍ അവള്‍ എങ്ങനെയാണ്‍ നല്ല ശമരിയാക്കാ‍ാരനെ കാത്തു കിടക്കുന്നത്?"

ഈ ചോദ്യത്തിനു ദേവസേന തന്നെ മറുപടി പറയണമെന്നുണ്‍ടൊ എന്നറിയില്ല. ഈയടുത്തിടെ ഏറ്റവും ശ്രദ്ധിച്ച ഒരു രചന എന്ന നിലയില്‍ മറുപടി ഇടുന്നു.

എന്നെ ഭോഗിക്കൂ എന്ന് പറഞ്ഞ് മലര്‍ന്നുകിടക്കുകയാണ് എന്നത് കവിതയെ സംബന്ധിച്ച കവയിത്രിയുടെ കുറ്റസമ്മതമല്ല. മറിച്ച് കല്ലെറിയുവാന്‍ കാത്തുനില്‍ക്കുന്നവരുടെ ആരോപണമാണ്. കവിതയാകട്ടെ രക്ഷക്ക് സമറിയാക്കാരനെകാക്കുകയും. ഇതാണ് എനിക്ക് മനസ്സിലായത്. ഇതില്‍ വൈരുധ്യമില്ലല്ലോ.

താങ്കള്‍ക്ക് ബൈബിളിലെ സങ്കീര്‍ത്തനപുസ്തകം പരിചയ്മുണ്ടോ എന്നറിയില്ല. ‘പീഡിതരുടെ ഗാനങ്ങള്‍‘ എന്ന് വേര്‍തിരിക്കുന്ന ചില ഗാനങ്ങളുണ്ടതില്‍ (ന്യൂ അമേരിക്കന്‍ ബൈബിളില്‍ - ഇറ്റാലിയന്‍ വിവര്‍ത്തനമാണ് എന്റെ കയ്യിലുള്ളത്- ഉള്ള അവതരണക്കുറിപ്പില്‍ ഈ ഗണത്തെക്കുറിച്ച് പറയുന്നുണ്ട്.)ആ ഗാനങ്ങളുടെ രൂപം അറിഞ്ഞോ അറിയാതെയോ പിഞ്ചെല്ലുന്നുണ്ട് ദേവസേനയുടെ ഈ രചന. ദുര്‍മാര്‍ഗികള്‍ നീതിമാനെതിരെ ആരോപണം ഉന്നയിക്കുന്നതും അയാള്‍ നിശബ്ദനായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നതും ഈ സങ്കീര്‍ത്തനങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന പ്രതീകങ്ങളാണ്.

മുസിരിസ് said...

സ്ത്രീ ഒരു ‘ഭോഗവസ്തു മാത്രം’ എന്ന സംസ്കാര ശോഷണത്തെ കവയത്രി എടുത്തുകാട്ടിയിരിക്കുന്നു.

(ഭോഗശേഷം വെറും മാംസതുണ്ടമായി സ്ത്രീയെ
നോക്കുന്നവരോട് പിന്നെ അതിനെ കല്ലെറിയാന്‍ പോകുന്നവരൊട് ഒരു സന്ദേശം മാത്രം)

“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ“ എന്ന് പ്രസ്താവിച്ച യേശുദേവന്‍ തന്റെ ആ വാക്കുകള്‍കൊണ്ട് എത്രപേരെ നിശ്ചലരാക്കി..

പാപം അന്നും ഇന്നും കൂടാതെ പിന്തുടരുന്നു. ഇല്ലേ?

ഒരു പാട് ത്യാഗങ്ങള്‍ സഹിച്ചിട്ടും ഇവിടെ ആ ‘കവിത’ യെന്ന ശില്‍പ്പം പെരുന്തച്ചന്മാരുടെ
ഇംഗിതങ്ങള്‍ക്ക് വഴങ്ങി കിടക്കാന്‍ കാത്തിരിക്കുന്നു.
(കവിതക്ക് കാത്തിരിക്കുന്ന വായനക്കാര്‍ ആണോ ഇവിടെ പെര്‍ന്തച്ചന്മാര്‍ ? )

കവിത വായിച്ചിട്ട് കമന്റുന്ന പെരുന്തച്ചന്‍ മാരെ ഓര്‍മ്മവന്നു... (ഞാനുള്‍പ്പടെ)

കല്ലായ കല്ലെല്ലാം ഇവിടെ ‘കമന്റുകള്‍’ ആയി തോന്നി.

ഇനിയും കല്ലുകള്‍ പതിച്ച് പതിച്ച് രക്തം വറ്റിയ ആ ദേഹം തിളങ്ങുന്ന കണ്ണുമായ് വന്ന ആ ശമരിയക്കാരനേ നോക്കി... അയാളുടെ കയ്യിലും ഒരു ഒരുളന്‍ കല്ല് ഉണ്ടായിരുന്നു.


സ്നേഹ പൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

കിനാവ്‌ said...

ദേവസേനയുടെ മുന്‍ കവിതകളില്‍ ചിലതൊക്കെ വായിച്ചിട്ടുള്ള ഒരാള്‍ എന്ന നിലക്കാണ് ഈ കുറിപ്പ് എഴുതുന്നത്. ഇവിടെ ചിലര്‍ മഹത്തരമായ കവിത എന്ന രീതിയിലൊക്കെ കമന്റിട്ടതും കണ്ടു. തന്റെ ഒരു കവിതയെ (ദൈവം പറഞ്ഞു : തിന്നരുത് ) ചിലര്‍ വിമര്‍ശിച്ചതിലുള്ള ദേഷ്യം ഒരു കവിതയാക്കി പോസ്റ്റിട്ടത് എങ്ങിനെയാണ് മഹത്തരമാകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പക്ഷേ, ഒരു പെണ്ണെഴുതിയതല്ലേ കിടക്കട്ടെ ‘മഹത്തരം’ എന്ന മനോഭാവമാണോ അതിനു പിന്നിലെന്നും എനിക്കറിയില്ല. ഈ കവിത അനാവശ്യ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു മോശം കവിതയായിട്ടേ എനിക്ക് തോന്നിയുള്ളൂ. ക്രിസ്തു രക്ഷകനായെത്താതിരുന്ന മഗ്ദലനയെപ്പോലെ പാവമാണ് അവളുടെ കവിതകള്‍ (അതോ അവളോ?). അവളുടെ കവിതയെ വിമര്‍ശിക്കുന്നവര്‍ക്കാകട്ടെ അവളുദ്ദേശിച്ച യോഗ്യതയൊന്നുമില്ലാത്തവര്‍-അവരാരും കവിതാ ചന്ദ്രനിലിറങ്ങിയ ആംസ്റ്റ്രോങ്ങുമാരോ കണ്ടെത്തലുകളുടെ കൊളംബസ്സുമാരോ വാസ്കോടിഗാമമാരോ അല്ല. എന്നിട്ടും അവളുടെ (എന്റെ?) കവിതയെ വിമര്‍ശിച്ചിരിക്കുന്നു. ഹും!! അവരുടെ കണ്ടെത്തലുകളില്‍ ഒന്ന് വിവസ്ത്രയായ്‌,
എന്നെ ഭോഗിക്കൂവെന്നു പറഞ്ഞ്‌ മലര്‍ന്നുകിടക്കുന്ന കവിതകളാണ് അവളെഴുതുന്നതെന്നതത്രെ. വരികളില്‍ ലൈംഗികത കുത്തി നിറക്കാന്‍ പാടുപെടുന്ന കവയത്രിയെ നമുക്കീ വരികളില്‍ കാണാം. ഒരു പക്ഷേ അതു തന്നെയായിരിക്കാം ആരാധകവൃന്ദത്തിന്റെ കണ്ണില്‍ കവിതയെ മഹത്തരമാക്കിയത്.‘അഴിച്ചുമാറ്റാനരഞ്ഞാണം പോലുമില്ലാത്തവളെ
അപമാനം ചുക്കിച്ചുളിച്ചു‘ എന്ന വരികള്‍ വായിച്ചാല്‍ തോന്നും ഒരു കവിത വിമര്‍ശിക്കപ്പെടുമ്പോഴേക്കും എഴുത്തുകാര്‍ അപമാനഭാരത്താല്‍ തൂങ്ങിച്ചത്തു പോകുമെന്ന്. എനിക്കു തോന്നുന്നത് കവയത്രിയുടെ ഞാനെന്ന ഭാവമാണ് ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ്‌. പിന്നെയതാ വിമര്‍ശകര്‍ക്ക് അലങ്കാരങ്ങള്‍ വരുന്നു, വിശ്വൈകശില്പി, മൈക്കല്‍ ആഞ്ചലോ, പെരുന്തച്ചന്‍... ഒടുവില്‍ ഒരു പ്രതീക്ഷയോടെ കവിത അവസാനിപ്പിക്കുമ്പോള്‍ കവയ്ത്രിക്കു തോന്നുന്നു ഹാവൂ സമാധാനമായി, അവര്‍ക്ക് ഇത്രയെങ്കിലും തിരിച്ചു കൊടുക്കാനായല്ലോ എന്ന്. ഇനി അവസാനത്തെ പ്രതീക്ഷയെന്താണെന്നല്ലേ, “കല്ലായ കല്ലെല്ലാം വന്നുപതിച്ച്‌
കണ്ണീരും രക്തവും വാര്‍ന്ന്
നല്ല ശമരിയ്യാക്കാരനെ
കാത്തു കിടന്നു അവളുടെ കവിതകള്‍“ അവാര്‍ഡ് അല്ലാതെന്താ?
സോറി എഴുതിപ്പോയതാണ്, ചില ചീത്ത പ്രവണതകള്‍ കണ്ടപ്പോള്‍. ഇതെഴുതാന്‍ ഗാമയോ കൊളമ്പസോ ഒന്നുമല്ല ഞാന്‍ എങ്കിലും.

സനാതനന്‍ said...

കിനാവ്‌ said...
സത്യം പറയാലോ ഈ അഹങ്കാരം തന്നെ ഈ വരികളുടെ അലങ്കാരം.

5:44 AM

:)

കുഴൂര്‍ വില്‍‌സണ്‍ said...
This comment has been removed by the author.
കുഴൂര്‍ വില്‍‌സണ്‍ said...

കല്ലെറിയാന്‍ ബൂലോകത്ത് സദാചാരക്കാരനായ ഒരു മാന്യദേഹം എങ്കിലും ഉണ്ടായല്ലോ ? നല്ല കാര്യം.

എന്നാലും ഏറിനു ശക്തി പോരപ്പാ.

ഇതൊക്കെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടിയിട്ടുണ്ടെന്ന് കവി മുന്‍പേ എഴുതിയിട്ടുണ്ട്.

ഇങ്ങനെയും കവിത വായിക്കാം എന്ന് പഠിപ്പിച്ചതിനു കിനാവിനു നന്ദി

കിനാവ്‌ said...

ആരാധ്യനായ വിത്സണ്‍ ചേട്ടന്,
വലിയ വലിയവരെയൊന്നും കല്ലെറിയാനുള്ള ത്രാണിയെനിക്കില്ലെന്നറിയാം. കല്ലെറിയുക എന്ന ഉദ്ദേശ്യത്തോടുകൂടി എഴുതിയതുമല്ല. ഒരു കല്ലേറിന്റെ കവിത വായിച്ചപ്പോള്‍ വായന കല്ലായതാണ്. സനാതനന്‍ ക്വോട്ടു ചെയ്ത എന്റെ ആദ്യ കമന്റിലൊതുക്കിയതായിരുന്നു എന്റെ അഭിപ്രായം. എന്നാല്‍, ‘താങ്കള്‍ക്ക് ബൈബിളിലെ സങ്കീര്‍ത്തനപുസ്തകം പരിചയ്മുണ്ടോ എന്നറിയില്ല.ആ ഗാനങ്ങളുടെ രൂപം അറിഞ്ഞോ അറിയാതെയോ പിഞ്ചെല്ലുന്നുണ്ട് ദേവസേനയുടെ ഈ രചന. ദുര്‍മാര്‍ഗികള്‍ നീതിമാനെതിരെ ആരോപണം ഉന്നയിക്കുന്നതും അയാള്‍ നിശബ്ദനായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നതും ഈ സങ്കീര്‍ത്തനങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന പ്രതീകങ്ങളാണ്’(മനു),‘സ്ത്രീ ഒരു ‘ഭോഗവസ്തു മാത്രം’ എന്ന സംസ്കാര ശോഷണത്തെ കവയത്രി എടുത്തുകാട്ടിയിരിക്കുന്നു.
(ഭോഗശേഷം വെറും മാംസതുണ്ടമായി സ്ത്രീയെ
നോക്കുന്നവരോട് പിന്നെ അതിനെ കല്ലെറിയാന്‍ പോകുന്നവരൊട് ഒരു സന്ദേശം മാത്രം)
“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ“ എന്ന് പ്രസ്താവിച്ച യേശുദേവന്‍ തന്റെ ആ വാക്കുകള്‍കൊണ്ട് എത്രപേരെ നിശ്ചലരാക്കി(അജിത്ത് പോളക്കുളത്ത്
)’ തുടങ്ങിയ കമന്റുകള്‍ കണ്ടപ്പോള്‍ എഴുതിപ്പോയെന്നു മാത്രം. പിന്നെ വിത്സണ്‍ചേട്ടനെ കവിത വായിക്കാന്‍ പഠിപ്പിക്കാനൊന്നും ഞാന്‍ ആളല്ല. എന്റെ വായനയില്‍ തെറ്റുണ്ടായിരുന്നെങ്കില്‍ എവിടെയെല്ലാം എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു വേണ്ടിയിരുന്നത്. തന്ന ലിങ്കിനാണെങ്കില്‍ താങ്കള്‍ പറഞ്ഞ ഏറ് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞുമില്ല. സ്നേഹാശംസകളോടെ, സജി.

ആരോ ഒരാള്‍ said...

നല്ല കിനാവ്,

കിനാവേ പിന്നെങ്ങനെ ഈ രണ്ടഭിപ്രായം ?

കിനാവ്‌ said...
സത്യം പറയാലോ ഈ അഹങ്കാരം തന്നെ ഈ വരികളുടെ അലങ്കാരം.

5:44 AM

പിന്നാലെ വരുന്നവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ കവിത വായിച്ച് അഭിപ്രായം ഇടട്ടേ. അതിനുള്ള സ്വാതത്ര്യം അവര്‍ക്കുണ്ടല്ലോ. അനിലിന്റെ കവിതയ്ക്ക് ഇരിങ്ങല്‍ എഴുതിയ വായനയും അതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങളും കണ്ട് കാണുമെന്ന് കരുതുന്നു.

പറഞ്ഞതില്‍ ദേഷ്യമില്ല എന്ന് കരുതുന്നു.

Manu said...
This comment has been removed by the author.
Manu said...

കിനാവേ...

കഴിഞ്ഞ കവിത -ദൈവം പറഞ്ഞു തിന്നരുത് - വരുന്നതിനു മുന്നേ ദേവസേനയുടെ കവിതകള്‍ അതിലെ outspoken content ന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞകവിതയെ വിമര്‍ശിച്ചവരില്‍ ഒരാള്‍ ഞാന്‍ തന്നെയാണ്. അവിടെ എന്റെ കുറിപ്പുനോക്കുക. സദാചാരവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഒന്നും അവിടെ കണ്ടില്ല. മനസ്സിലായില്ല എന്ന് എന്നെപ്പോലെ കവിതയിലേക്ക് മനസ്സ് കൊണ്ട് കടന്നുചെല്ലാനാവാത്ത ചിലര്‍ പരിഭവിച്ചു എന്നേയുള്ളൂ.

കവിത ഭോഗവസ്തു ആണെന്ന വിമര്‍ശനം കഴിഞ്ഞകവിതയെ സംബന്ധിച്ചല്ല എന്നാണ് എനിക്ക് മനസ്സിലായത്.

ഇവിടെ ആദ്യം ഞാന്‍ കുറിപ്പിട്ടതും ആ അര്‍ത്ഥത്തിലാണ്. പുരാണത്തിലെ ശീലാവതിയുടെ ശാപശക്തിയെക്കുറിച്ചുള്ള സൂചന ഈ കവിതയെക്കുറിച്ചല്ല ദേവസേനയുടെ കവിതകളെ പൊതുവേ ഉദ്ദേശിച്ചാണ്.

ദേവസേനയുടെ കവിതകളെ സംബന്ധിച്ച് ദുഷ്ടലാക്കുള്ള വിമര്‍ശനം നടക്കുന്നുണ്ടെന്ന സൂചന എനിക്ക് കിട്ടിയത് സ്ത്രീഡയമന്‍ഷന്‍ ബ്ലോഗില്‍ ഒരു അനോണി ഇട്ടകുറിപ്പില്‍ നിന്നാണ്. ആ വിമര്‍ശനം ബ്ലോഗില്‍ തന്നെ ഉള്ളതാവണം എന്ന് നിര്‍ബന്ധമില്ല എന്നും എനിക്കു അന്നേ തോന്നിയിരുന്നു. ഇത് ഇവിടെ എഴുതുന്നത് ബ്ലോഗ് കമന്റുകളുമായി ഈ കവിതയെകൂട്ടിവായിക്കാനുള്ള സജിയുടെ ശ്രമങ്ങള്‍ ശരിയാവണം എന്നില്ല എന്ന് സൂചിപ്പിക്കാനാണ്.

ഇനി പീഡിതരുടെ സങ്കീര്‍ത്തനം. ഞാന്‍ പുരാതന സാഹിത്യവുമായി ബന്ധപ്പെട്ട് ലിറ്റററി സ്ട്രക്ചര്‍ പഠിക്കുന്ന ആളാണ്. കവിതയുടെ ഘടനയില്‍ - ഉള്ളടക്കത്തില്‍ അല്ല - കവയിത്രിക്ക് ഏറേ ഇഷ്ടമുള്ള സങ്കീര്‍ത്തനപുസ്തകത്തിന്റെ സ്വാധീനം അറിഞ്ഞോ അറിയാതെയോ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയേ ചെയ്തുള്ളൂ ഞാന്‍. അതിന്റെ ഉദ്ദേശ്യം ദേവസേന എന്ന ആളിനെ പീഡിത ആയിട്ടും ഇവിടെ വിമര്‍ശ്ശിച്ച് കമന്റുന്നവരെ പീഡകരായിട്ടും ചിത്രീകരിക്കുകയല്ല.
എനിക്ക് മുന്നില്‍ കവി ഇല്ല. കവിത മാത്രമേ ഉള്ളൂ.

കവിയെക്കുറിച്ചും ഈ കവിതയില്‍ സൂചിപ്പിക്കപ്പെട്ട വിമര്‍ശനത്തെക്കുറിച്ചും വ്യക്തമായി അറിയാനിടയുള്ള ആള്‍ കുഴൂരാണ്. കുഴൂ‍രിന്റെ സൂചനകള്‍ (അത് ഇവിടെ ആവശ്യമില്ലായിരുന്നു എന്നാണ് എനിക്ക് ആ കമന്റ് കണ്ടപ്പോള്‍ തോന്നിയത്) എനിക്ക് മനസ്സിലാകുന്നതിനും അപ്പുറവും. എന്തായാലും അത് എന്റെ വിഷയമല്ല.

പിന്നെ സമറിയാക്കാരന്‍ award ആണെന്ന കണ്ടുപിടിത്തത്തിന്റ്റെ ഉറവിടം കവിയുടെ സാഹചര്യങ്ങളെക്കുറിച്ച് നിങ്ങള്‍കുള്ള (എനീക്കില്ലാത്ത) അറിവോ അതോ വെറും അസൂയയോ

കിനാവ്‌ said...

എന്തുകൊണ്ടാണെന്നറിയില്ല, എന്റെ വായനയുടെ കുഴപ്പമോ വിവരക്കേടോ ആയിരിക്കാം എത്ര വായിച്ചിട്ടും ഈ കവിതയ്ക്ക് മറ്റൊരു അര്‍ത്ഥം കണ്ടെത്തുവാന്‍ കഴിയുന്നില്ല.

എന്റെ ഒരു ചെറിയ അഭിപ്രായം കൊണ്ടൊന്നും മുറിവു പറ്റുന്ന വ്യക്തിത്വമല്ല ദേവസേനയുടേത് എന്ന് അറിയാം. എന്റെ അഭിപ്രായം തെറ്റായിപ്പോയി എങ്കില്‍ നിര്‍വ്വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ അഭിപ്രാ‍യം ഡിലിറ്റ് ചെയ്യുവാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. ആവശ്യമെങ്കില്‍ അങ്ങിനെ ചെയ്യുക. സ്നേഹപൂര്‍വ്വം സജി.

qw_er_ty

kunjetthi said...

സ്വന്തം കവിതയെക്കുറിച്ച് ഒരു ചെറുവിലാപം..
veruthe enthenkilum parayalle devootte.. enthinu vilapam?viapaikkaentavr avarellam..abhinava columbusgaama- aamstrongperumthanchanaachalomar... iithrayum sakatamayezhuthan iniyorujanmam porallo ennu vilapikkatte... aasamsakal :)