ദൈവം പറഞ്ഞു : തിന്നരുത്

വിഷം തീണ്ടി
അര്‍ദ്ധബോധത്തില്‍ കന്യക മാതിരി
നീലിച്ച ആകാശവും
വിടനെപ്പോല്‍
ചുവന്ന ഭൂമിയും ചുംബിക്കുന്ന
ഏകാന്തതയില്‍ നിന്ന്
ആരെ തോല്‍പ്പിക്കാന്‍
പടക്കച്ച കെട്ടിയിറങ്ങിയിരിക്കുന്നു ഞാന്‍


ആയിരം ആരവാരത്തിനിടയിലെ മൗനം
ഏറ്റവും സ്വകാര്യമായി തിരഞ്ഞ്‌
ഉടല്‍ വിയര്‍ക്കുന്നതെന്തിനു?


ഏതോ ഒരുവളുടെ പേരുകൊത്തിയ
മോതിര വിരലിനോട്‌ കാമം.


ശരീരം തിരസ്ക്കരിച്ച്‌, പടിയിറക്കിയ
ഹൃദയത്തെ കൈയില്‍ തൂക്കി
കമ്പോളത്തില്‍ വില പേശുന്നു
ആര്‍ക്കു വേണം


രക്ഷാപ്രവര്‍ത്തനം നിഷേധിക്കപ്പെട്ട
കുഴല്‍കിണറില്‍ കുടുങ്ങിയ കുട്ടി
അങ്ങോട്ടൊ ഇങ്ങോട്ടൊ


തൈരുകടഞ്ഞാല്‍ മോരു, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്‌, പിന്നെ രക്തം
നൂറു മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം
കൃത്യമായി യോജിക്കുന്നത്‌ മറ്റെവിടെയാണു

ഏദനില്‍,
ഭംഗി കൂടിയ ജീവ ഫലം ചൂണ്ടി
ദൈവം മനുഷ്യനോടു പറഞ്ഞു
കണ്ടോളു തിന്നരുത്‌
ഏതു നൈരാശ്യമാണതു പറയിച്ചത്‌.


ട്രാഷ്‌ ക്യാന്‍ വരെ പരസ്പരം പരിശോധിച്ച്‌
അരക്കിട്ടുറപ്പിക്കേണ്ടി വരുന്ന വിശ്വാസ്യതക്ക്‌
പ്രണയമെന്നു പേരിട്ടതാരാണു

ആ പദത്തെ വാക്യത്തില്‍ പ്രയോഗിച്ചും
പര്യായമെഴുതിയും കിതക്കുന്നു എനിക്ക്‌.

43 comments:

e-Yogi e-യോഗി said...

തൈരുകടഞ്ഞാല്‍ മോരു, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്‌, പിന്നെ രക്തം
നൂറു മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം

......................
നിസംഗത
പിന്നെ മരവിപ്പ്‌
ഇപ്പോള്‍ ഞാന്‍ ഒരു കരിങ്കല്‍ പ്രതിമ

ദേവസേന said...

ദൈവം അനുരാഗിയായിരുന്നുവോ? അല്ലെങ്കില്‍ പിന്നെ ദൂരെ നിന്ന് കാണാന്‍ മാത്രം നല്ലത് എന്ന് എങ്ങനെ തിരിച്ചറിഞ്ഞു?
എന്റെ എല്ലാ പ്രണയങ്ങളും അനുഭവിച്ചു കൂട്ടിയ കരിയുടെയും, പുകയുടെയും ഓര്‍മ്മക്ക്.

വിഷ്ണു പ്രസാദ് said...

ദൈവം ദൈവമല്ലേ...അനുരാഗിയാവുന്നതെന്തിന്?

അപ്പൂസ് said...

ട്രാഷ്‌ ക്യാന്‍ വരെ പരസ്പരം പരിശോധിച്ച്‌
അരക്കിട്ടുറപ്പിക്കേണ്ടി വരുന്ന വിശ്വാസ്യതക്ക്‌
പ്രണയമെന്നു പേരിട്ടതാരാണു


ഇഷ്ടമായി.

ഇത്തിരിവെട്ടം|Ithiri said...

:)

അജിത്ത് പോളക്കുളത്ത് said...

പ്രണയം ഭ്രാന്താക്കിമാറ്റിയത് ദൈവം തന്നെ...
എന്തിനീ പ്രണയരസം മനുഷ്യര്‍ക്ക് പങ്കുവെച്ചു?

പ്രണയം,അതിന് മയക്കുമരുന്നിന്റെ ആസക്തിയും
ചാരായത്തിന്റെ ചവര്‍പ്പും അല്ലേ?

ഹൈടേക് യുഗങ്ങളില്‍ ഒരു പക്ഷെ സ്ത്രീകള്‍ക്ക് കളിപ്പാട്ടമായ് പുരുഷന്മാരും, പുരുഷന്മര്‍ക്ക് സ്ത്രീകളേയും വിലക്കുവാങ്ങാന്‍ പറ്റും?

ഹൈപ്പര്‍മാര്‍ക്കറ്റിലും മറ്റും പ്രിസര്‍വു ചെയ്ത “പ്രണയം” കാനില്‍ പായ്ക്കുചെയ്തതു വാങ്ങാന്‍ പറ്റുമായേക്കും.. വികസനമല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്.

ലാത്തിയടി കവിതകളില്‍ നിന്നും ഒരൊറ്റയാന്‍..
വരികളില്‍ യാഥാര്‍ത്ഥ്യം തളംകെട്ടിനില്‍ക്കുന്നതായി തോനുന്നു.. ഭാവുകങ്ങള്‍

Dinkan-ഡിങ്കന്‍ said...

ഏച്ചുക്കൂട്ടപ്പെട്ട ഒരു കവിത

വിവിധ സ്റ്റാന്‍സകള്‍ക്ക് ഐക്യഭാവം ഇല്ല


എങ്കിലും ചില വരികള്‍ വളരെ നല്ലത്


qw_er_ty

റോമി said...

എന്തൊക്കെയോ ഒര്‍മിപ്പിച്ച വടിവൊത്ത വരികള്‍... ആ സൌണ്റ്റര്യ്ം എന്നേ ഓര്‍പ്പിച്ചതു മധുസൂദനന്‍ നായരുടെ..ചില പ്രണയാക്ഷരങ്ങള്‍.. ............. എണ്റ്റെ ചിറകിനാകാശവും...നീ തന്നു നിന്നാത്മ..ശിഖരത്തിലൊരു കൂടു തന്നു.... ................................. അടരുവാന്‍ വയ്യ നിന്‍ ഹ്രിദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും... ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു...പൊലിയുന്നതാണെണ്റ്റെ സ്വര്‍ഗം... നിന്നിലലിയുന്നതേ..നിത്യസത്യം..... ................ ഹംസഗാനം പാടി..മറയാനാവില്ലയെന്ന തിരിച്ചറിവു..ദേവയുടെ വരികളിലും... അനുരാഗിയായ ദൈവം പ്രണയത്തിണ്റ്റെ കരിക്കും പുകക്കുമപ്പുറം അനന്ത്മായ പ്രണയവര്‍ണങ്ങള്‍കവിയത്രിയുടെ മനസ്സില്‍ വീണ്ടും നിറക്കട്ടെ..

sandoz said...

കനമേറിയ വരികള്‍ നിരത്തി വച്ച്‌......
അവ തമ്മിലുള്ള ബന്ധങ്ങള്‍ വായനക്കാരന്‍ തീരുമാനിച്ച്‌ കണ്ടെത്തുക...
ഇനി അങ്ങനെ ഒരു ബന്ധം ഇല്ലെങ്കില്‍ പോലും......

കുറുമാന്‍ said...

മൊത്തത്തില്‍ മുന്‍പത്തെ ചില കവിതകള്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കിലും കവിത ഇഷ്ടമായി. ചെറിയ ഒരു പുനര്‍വായനയും വെട്ടിതിരുത്തും ഇല്ലാതെ പോസ്റ്റ് ചെയ്തു ഇത്തവണ എന്നു തോന്നുന്നു.

അനിലന്‍ said...

marവരിയൊപ്പിച്ച് നട്ട് വെട്ടിയൊതുക്കിയതാകണോ ഡിങ്കാ കവിത?
ഇളനീര്‍ പരുവത്തില്‍ കുടിക്കേണ്ടതല്ല അതെന്നു തോന്നുന്നു സന്‍ഡോസ്...
അറിയില്ല

Dinkan-ഡിങ്കന്‍ said...

അനിലണ്ണാ ഡിങ്കന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. “നട്ട്” ഇടുകയോ “വെട്ട്” ഇടുകയൊ ഒക്കെയാകാം, അതൊക്കെ എഴുത്തുകാരുടെ കാര്യം. അഭിപ്രായിക്കാന്‍ നുമ്മക്ക് അവകാശം ഉണ്ടല്ലോ. ലതാണ് പറഞ്ഞത്. ദേവസേനച്ചേച്ചീടെ ബ്ലോഗ് ബലാരിഷ്ടതകള്‍ ഒക്കെ കഴിഞ്ഞതാണ് അതൊണ്ടാ‍ തുറന്ന് പറഞ്ഞത്.

അനിലന്‍ said...

പക്ഷം പിടിച്ചതല്ല ഡിങ്കന്‍, ഞാനും വായനക്കാരന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായം പറഞ്ഞതാണ്.

ഉണ്ണിക്കുട്ടന്‍ said...

കവിത വായിച്ചിട്ട് കാര്യമായി ഇഷ്ടപ്പെട്ടില്ല. എന്തു കമന്റിടും എന്നു കരുതി നോക്കിയപ്പോള്‍ ഡിങ്കനും സാന്റോയും കൂടെ അതു തന്നെ പറഞ്ഞു വച്ചിരിക്കുന്നു.

എന്തൊക്കെയോ പോരായ്മകള്‍ ...വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും ചേരുന്നില്ല.

കവിത വായിച്ചിട്ട് കാര്യമായി ഇഷ്ടപ്പെട്ടില്ല. എന്തു കമന്റിടും എന്നു കരുതി നോക്കിയപ്പോള്‍ ഡിങ്കനും സാന്റോയും കൂടെ അതു തന്നെ പറഞ്ഞു വച്ചിരിക്കുന്നു.

എന്തൊക്കെയോ പോരായ്മകള്‍ ...വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും ചേരുന്നില്ല.

അനിലാ ആത്മാര്‍ഥമായി അഭിപ്രായം പറയുന്നവര്‍ വളരെ കുറവാണിവിടെ..പറയുന്നവരെങ്കിലും പറയട്ടെ...

അനിലന്‍ said...

ഇതു വലിയ പുലിവാലായല്ലോ ഉണ്ണിക്കുട്ടാ
ഞാനുമൊരു വായനക്കാരനാണേ...

കുട്ടു | kuttu said...

ച്ച് മനസ്സിലായില്ലാ....

ങീങീങീങീങീങീ......

jyothi.p said...

kantu

Manu said...

പലതവണ ഇവിടെ വന്ന് കമന്റിടാതെ തിരിച്ചു പോയി...

കവിതയെക്കുറിച്ചു അഭിപ്രായം പറയാന്‍ വയ്യ. ബിംബങ്ങളെല്ലാം കൂട്ടിക്കെട്ടിയാല്‍ ഉദാത്തമായ ഒരു ആശയമേഖല ഉണ്ടാവുമായിരിക്കും. അതിനു ശ്രമിക്കുന്നില്ല.

എങ്കിലും കടല്‍തീരത്തെ പ്രതിമയില്‍ ദൃശ്യമാകുന്ന (സ്തീപക്ഷത്തുനിന്നു പറഞ്ഞാല്‍ ദൃശ്യവല്‍കരിക്കപ്പെടുന്ന) സ്ത്രൈണസൌന്ദര്യത്തെ ‘നിശ്ചയമായും ഞാന്‍ ഒരു ലെസ്ബിയന്‍ ആകും‘ എന്ന് വരച്ചുകാട്ടിയ കവിയെ ഇവിടെ കണ്ടില്ല. എന്തോ പറയാന്‍ തന്നോട് തന്നെ മത്സരിക്കുന്നത് പോലെ...

ശൈലീ മാറ്റം നല്ലതായിരിക്കാം... ഈ കവിത തന്നെയും നല്ലതായിരിക്കാം.. പക്ഷേ ഇവിടെ ഈ താളുകളില്‍ മുന്‍പുണ്ടായിരുന്ന ദേവസേനയില്ല.

qw_er_ty

കിനാവ്‌ said...

:)

sandeepv said...

ബു.ജി.യായ കവിയോ കവിതാ ഭ്രാന്ത്‌ തലയ്ക്കുപിടിച്ച കവിയോ പോയിട്ട്‌ വെറുമൊരു കവി പോലും അല്ലാത്തതുകൊണ്ടാവാം, ഒന്നും മനസ്സിലായില്ല.
ദേവസേനയും ഒരു ബു.ജി.യായി മാറുകയാണോ ദൈവമേ!

കുറുമാന്‍ said...

അരങ്ങിന്റെ അവാര്‍ഡ് ജേതാവായ ദേവസേനക്ക് ആശംസകള്‍

അജിത്ത് പോളക്കുളത്ത് said...

:) :) :)

അഭിനന്ദനങ്ങള്‍!!!

കുഴൂര്‍ വില്‍‌സണ്‍ said...

"അബുദാബി അരങ്ങ് സാംസ്ക്കാരിക വേദി

സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.


മികച്ച കഥയ്ക്കുള്ള അവാര്‍ഡ് ദോഹ ഖത്തറില്‍ നിന്നുള്ള ഷീലാ ടോമിയുടെ

"മ്യണാളിനിയുടെ കഥ ;താരയുടെയും"

എന്ന രചനയ്ക്ക് ലഭിച്ചു.


അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെ

ഫ്രോക്ക്, സാരി, മകള്‍ എന്ന രചന

കവിതയ്ക്കുള്ള പുരസ്ക്കാരം നേടി.അബുദാബിയിലുള്ള സമീര്‍ ചെറുവണ്ണൂരാണു

മികച്ച ലേഖകന്‍. വിഷയം

രാഷ്ട്രീയ നേത്വതങ്ങളിലെ മൂല്യചുതിയും, വര്‍ധിച്ചു വരുന്ന അരാഷ്ട്രീയ പവണതയും.സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തിപത്രവും

അടങ്ങിയ അവാര്‍ഡ് ഒക്ടോബറില്‍ സമ്മാനിക്കും"


കവിയ്ക്ക് അഭിനന്ദങ്ങള്

വല്യമ്മായി said...

അഭിനന്ദനങ്ങള്‍

നന്ദു said...

ദേവസേന യ്ക്കു അഭിനന്ദനങ്ങള്‍.
(വിവരം നല്‍കിയ രാജുവിനും)

തറവാടി said...

അഭിനന്ദനങ്ങള്‍

അഞ്ചല്‍കാരന്‍ said...

പുരസ്കാര ലബ്ദി വാര്‍ത്തയില്‍ കേട്ടു. അഭിനന്ദനങ്ങള്‍.

അങ്കിള്‍. said...

ഇന്നത്തെ (5-7-07) ഉച്ചക്കുള്ള ഗള്‍ഫ്‌ ന്യൂസ്‌` (ഏഷ്യാനെറ്റ്‌) ല്‍ കൂടിയാണ്‌ ഞാനറിഞ്ഞത്‌. അഭിനന്ദനങ്ങള്‍.

പൊതുവാള് said...

അവാര്‍ഡ് ജേതാവായ ദേവസേനക്ക് ആശംസകള്‍........

ഈ കവിത മുന്‍പെഴുതിയ മറ്റു കവിതകളോളം ആസ്വാദ്യത നല്കിയില്ലെന്നാണെനിക്കു തോന്നിയത്.

‘ട്രാഷ്‌ ക്യാന്‍ വരെ പരസ്പരം പരിശോധിച്ച്‌
അരക്കിട്ടുറപ്പിക്കേണ്ടി വരുന്ന വിശ്വാസ്യതക്ക്‌
പ്രണയമെന്നു പേരിട്ടതാരാണു‘

ഈ വരികള്‍ പക്ഷെ, വര്‍ത്തമാന ജീവിത യാഥാര്‍ത്ഥ്യങ്ങളെ വരച്ചുകാട്ടുന്നു.

നിര്‍മ്മല said...

അരങ്ങു പുരസ്ക്കാരം കിട്ടിയതില്‍ കുറച്ചു വൈകി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇനിയും ശക്തിയുള്ള കവിതകളെഴുതുവാന്‍ കരുത്തുണ്ടാവട്ടെ.

നസീര്‍ കടിക്കാട്‌ said...

പൂച്ച തട്ടിത്തൂവിയ ചായം
സ്വയമൊരു ഭൂപടമായി മാറുന്നതില്‍ പ്രസക്തിയില്ല.പൊരുളര്‍പ്പിക്കേണ്ടത്‌ ഒരു ജാരസന്തതിയുടെ ആത്മപുച്ഛത്തിനാണ്‌...
കവിതയിലതു കാണാനാവുന്നു.അഭിനന്ദനങ്ങള്‍.

അവാര്‍ഡില്‍ അസൂയയും.....!

chithrakaran ചിത്രകാരന്‍ said...

ദേവസേനയുടെ കവിതബ്ലൊഗ്‌ ചിത്രകാരനു വായിക്കാനാകുന്നില്ല. ഫോണ്ട്‌ പ്രശ്നം....!!

നസീര്‍ കടിക്കാട്‌ said...

എനിക്കറിയില്ല,
ദേവസേനയെ ഞാന്‍ പ്രണയിക്കുന്നു.........

ഞാന്‍ ഇരിങ്ങല്‍ said...

നസീര്‍..,
കവിതയെയാണൊ അതൊ കവിയെ യാണൊ?

Muhammed Sageer Pandarathil said...

പ്രണയം,അഭിപ്രായം പറയാന്‍ വയ്യ.
അഭിനന്ദനങ്ങള്‍

നസീര്‍ കടിക്കാട്‌ said...

കവിയ്ക്കും,കവിതയ്ക്കുമിടയിലൂടെ
കടന്നുപോകുന്ന സമൂഹത്തിന്റെ
കാഴ്ചവട്ടങ്ങളുണ്ട്‌.........അതിലേക്കുള്ള ഒരു സംവാദമായി ഇതു മാറിയെങ്കിലെന്നാശിക്കുന്നു........

കിനാവ്‌ said...
This comment has been removed by the author.
കിനാവ്‌ said...

കവിത വായിച്ചു.
ഒരു കൊച്ചു നിരീക്ഷണം കുറിച്ചു വയ്ക്കുന്നു.

ആകാശത്തെ കന്യകയോടും ഭൂമിയെ വിടനോടും ഉപമിച്ചത് എന്തുദ്ദേശിച്ചാണെന്ന് അറിയില്ല. നേരെ തിരിച്ച് പലരും ഉപയോഗിച്ചത് കണ്ടിട്ടുണ്ട്. കവയത്രി വ്യത്യസ്ഥത ആഗ്രഹിക്കുന്നതായിരിക്കാം അതിനുള്ള കാരണം.
ഭൂമി ചുവക്കാറുള്ളത് വൈകുന്നേരങ്ങളിലെ അല്ലെങ്കില്‍ പുലര്‍കാലത്തെ ചുവന്നരശ്മികളേറ്റാണ്. അപ്പോള്‍ ആകാശവും ചുവപ്പായിരിക്കുമല്ലോ.അതുകൊണ്ട് ‍കവയത്രി ഉദ്ദേശിച്ചിരിക്കുന്നത് ചേടിമണല്‍ പ്രദേശത്തെയാണ് എന്ന് ഊഹിക്കാം. ‘നല്ല ഹൈമവത ഭൂവില്‍’ നിന്ന് ആശാന്‍ തുടങ്ങുമ്പോള്‍
കവയത്രി ‘ആകാശവും ഭൂമിയും ചുംബിക്കുന്ന‘ ചേടിമണല്‍ പ്രദേശത്തു നിന്ന് തുടങ്ങുന്നു. ഏകാന്തത എന്നത് വിജനമായസ്ഥലം എന്ന അര്‍ഥത്തിലെടുത്താല്‍ കവിതയിലെ ‘ഞാന്‍’ വിജനതയില്‍ നിന്ന് ആയിരം ആരാവാരത്തിനിടയിലേക്ക് ഇറങ്ങുകയാണ്. മൌനത്തെ, രഹസ്യത്തെ തിരയാന്‍.‍ ഒരു ജാരനുവേണ്ടിയാണ് ആ തിരച്ചിലെന്ന് അടുത്ത വരി വ്യക്തമാക്കുന്നുണ്ടോ?, ഒരു സൂചനയുണ്ട്. അടുത്തവരികള്‍ക്ക് മേല്വരികളോട് ബന്ധമുണ്ടെങ്കില്‍ അവളുടെ കാമുകനെ അവള്‍ കണ്ടെത്തുന്നത് തനിക്കുപോലും ഉപയോഗമില്ലാത്ത ഹൃദയവുമായി കമ്പോളത്തില്‍ വിലപേശി നില്‍ക്കുമ്പോഴാണ്. തകര്‍ച്ച. രക്ഷാപ്രവര്‍ത്തനം നിഷേധിക്കപ്പെട്ട
കുഴല്‍കിണറില്‍ കുടുങ്ങിയ കുട്ടി
അങ്ങോട്ടു തന്നെയാണ്, ഇങ്ങോട്ടല്ല. ‘കുട്ടി’ മറ്റൊരര്‍ഥം കൂടി വരച്ചിടുന്നുണ്ടായിരിക്കണം. പിന്നെ വരുന്ന വരികള്‍ ‘ആരുടെയോ(?)‘ ചാരിത്ര്യ പ്രസംഗത്തിനു തുല്ല്യമാണ്. കാരണം കവിതയിലെ ഞാന്‍ തേടുന്നത് ഏതോ ഒരുവളുടെ പേരുകൊത്തിയ
മോതിര വിരലിനെയാണ് എന്നതുതന്നെ.

കിനാവ്‌ said...

അവാര്‍ഡ് കിട്ടിയത് അറിഞ്ഞു. ആശംസകള്‍.

ആരോ ഒരാള്‍ said...

:)

Pramod.KM said...

ദൈവം ഒന്നും പറഞ്ഞില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഹവ്വ ആപ്പിള്‍ തൊടുമായിരുന്നില്ല.വിലക്കപ്പെട്ട കനിക്കാണ്‍ അന്നും ഇന്നും ഡിമാന്റ്.
അവാറ്ഡ് ലബ്ധിയില്‍ സന്തോഷം അറിയിക്കട്ടെ.:)

ഏറനാടന്‍ said...

ബെസ്‌റ്റ്‌ ഗോഡ്‌!
:)

Seema said...

vaychappol evideyo entho oru kuravu..oru kavitha vayichalulla samthripthy kitteela.chintakalkum bimbangalkumum bandham nashtappettathu pole....chithariyachinthakalanu.samanwayam vannittilla...but i like these lines...തൈരുകടഞ്ഞാല്‍ മോരു, പിന്നെ വെണ്ണ
പ്രണയം കടഞ്ഞാല്‍ മുറിവ്‌, പിന്നെ രക്തം
നൂറു മുറിവിലേക്കൊരു ചുംബനമെന്ന അനുപാതം...