എവിടെയാ പഴയ ജീവിതം
എവിടെ പോയി പഴയ നാം
നമ്മള് എന്ന വാക്ക് ഛിന്നഭിന്നമായിരിക്കുന്നു
നീയും ഞാനു-മെന്ന് തിരിച്ച്
അതിര്‍ത്തിയില്‍ തോക്കുകളുമായി
ഭൂതങ്ങളെ കാവല്‍ നിര്‍ത്തിയതാരാണ്
കവിതയും സംഗീതവും സാന്ത്വനങ്ങളും
പഴയയൊരു സ്വപ്നം മാത്രമായി പോയതെങ്ങനെയാണ്
ഈ സന്ധ്യകള്‍ നമ്മുടേതല്ല.
ഈ പാതകളില്‍ പണ്ടു പതിഞ്ഞ
നമ്മുടെ പാദചലനങ്ങള്‍
ഒന്നു കാറ്റടിച്ചാല്‍,
ഒരു മഴ തൂവിയാല്‍
തെളിഞ്ഞു വരാന്‍ പാകത്തിന്
ഇപ്പോഴുമതവിടെയുണ്ട്.
ഒന്നിച്ചു മഴ നനഞ്ഞ നമ്മുടെ മാത്രം സന്ധ്യകള്‍
പരസ്പരം പതം പറഞ്ഞ്, ആക്രോശിച്ച്,
പിന്നെ
കെട്ടിപ്പിടിച്ചു വിങ്ങിപ്പോയ നമ്മുടെ മാത്രം നിമിഷങ്ങള്‍
ഒന്നിച്ചുറങ്ങിയ ഇരുട്ടുമുറിയിലെ ചിരികളും ആശങ്കകളും
ഞാനീ പറയുന്നതു നീ കേള്‍ക്കുന്നുണ്ടോ
എന്നിട്ടു മൂളാത്തതെന്താണു
നമ്മുടെ ആത്മാവുകള്‍ പരസ്പരം
പറിഞ്ഞു പോകുമോയെന്ന് പ്രാണവേദന
നമ്മുടെ ജന്മങ്ങളെ ചേര്‍ത്ത് കെട്ടിയ ശക്തി
എവിടെയൂരു തെണ്ടാന്‍ പോയിരിക്കുന്നു
ദൂരെ കാവുകളില്‍ നിന്ന് ഇരുള്
നമ്മുടെ സ്നേഹത്തിലേക്കിഴഞ്ഞു വന്നതെങ്ങനെയാണ്
നീ- നീ യെന്ന് പ്രാണന്റെ ചുവരിലൊരു പല്ലി
നിരന്തരം ചിലച്ചുകൊണ്ടിരിക്കുന്നു
നിനക്കങ്ങനെയല്ലാത്തതെന്താണ്
ഞാന്‍ മാത്രമിങ്ങനെയായി പോയതെന്താണ്
|
1 comment:
ഈ സന്ധ്യകള്‍ നമ്മുടേതല്ല.
ആരുടെയോ
Post a Comment