കടം

കടം


ഒരുങ്ങിയിറങ്ങാന്‍
തുടങ്ങുമ്പോഴാണു
ഇന്നും കണ്ണട മറക്കരുതെന്ന്
അവന്റെ മെസ്സേജ്

പുഴക്കരയില്‍ പതുങ്ങിക്കിടക്കുന്ന
മറവിയെന്ന മുതലത്താന്‍
ഓര്‍മ്മകളുടെ ജീവികളെയോരോന്നായി
തരം കിട്ടുമ്പോഴൊക്കെ തിന്നു തീര്‍ക്കുന്നു

ഓമന മകന്‍
ആദ്യമായി
കാര്യമായി കലഹിച്ചു
മുഖം ചുവപ്പിച്ചു.
പോക്കറ്റ് മണിയില്‍ നിന്ന്
കടം കൊണ്ട
18 രൂപയമ്മ മടക്കിയിട്ടില്ലെന്ന്!
ഈ മറവിയത്ര ശരിയല്ലന്ന പറച്ചിലിനു
അന്‍പതു കിലോഗ്രാം തൂക്കം
ആകെ വിശ്വാസമുണ്ടായിരുന്നയാളാണ്
അതും പോയിക്കിട്ടിയെന്ന്
യാതൊരു ദയയുമില്ലാതെ പറഞ്ഞവന്‍
കരളു തകര്‍ത്തു

മറവിയിത്തിരി കൂടുന്നുവെന്ന്
മറക്കാതെയാരോ
ഓര്‍മ്മപ്പെടുത്തുന്നു നിരന്തരം

മറക്കാം എല്ലാം മറക്കാമെന്ന
പാട്ടു മൂളി പോയവരെയൊക്കെ
മാനമായി മറന്നു

കാലും കൈയ്യും മെയ്യും
ധൃതിയില് ചലിപ്പിച്ചു നടക്കുന്ന
സായാഹ്ന നടത്തക്കാരനെപ്പോലെ കാലം

അനധികൃത മുതല്‍
കൈവശം സൂക്ഷിച്ചതു പോലെ
പിന്നേയും അനവധിയോര്‍മ്മകള്‍

ആരുടെയൊക്കെയോ
എന്തൊക്കെയോ
കൊടുത്തു വീട്ടാനുണ്ടെന്ന്
ആരോ ആത്മാവിലൂടൊരു
റെയ്ഡ് നടത്തുകയാണിപ്പോള്‍

****

No comments: