അടുക്കി വെച്ചിരിക്കുന്നത്


തിരിയുമ്പോള്‍ മുതുക്
ചെരിയുമ്പോള്‍ വയറ്
കുനിയുമ്പോള്‍
ചരിച്ചു വാര്‍ത്ത ഗോപുരങ്ങള്‍
കാണാന്‍ പാടില്ലാത്ത
പലതും കാണുന്നുവെന്ന്
അറബി മാനേജര്‍ക്ക് അനിഷ്ടമായി.


വാരിച്ചുറ്റിയ ഒറ്റ നീളന്‍ വസ്ത്രം
സാവധാനം
ഓരോന്നോയി
അലമാരയിലേക്ക് മടങ്ങിപ്പോയിരുന്നു


അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,
അഴകാര്‍ന്നും അലുക്കിട്ടും,
ഓരോന്നും.


വെയില്‍ കായിച്ചും
കര്‍പ്പൂരം പുകച്ചും
നാഫ്തലില്‍ വിതറിയും
ഓര്‍മ്മകളെ കാക്കുന്നപോലെ
അത്രമേല്‍ ഭദ്രമാക്കി.


ആണ്ടൊരിക്കല്‍
റംസാന്‍ മാസം വിരുന്നുവരും
വസ്ത്രശേഖര സംഘം പിരിവിനെത്തും
അഞ്ചും എട്ടും വെച്ച് അടര്‍ന്നുമാറും
ബാക്കിയുള്ളവ
അനിശ്ചതത്തില്‍ ഊഴം കാത്തുകിടക്കും
വന്നുവന്ന് വിരലിലെണ്ണാന്‍ മാത്രം.



ഓരോ കഥകളിലൂടെ പായുന്നുണ്ട് ഓരോന്നും.
ഓര്‍മ്മപ്പെടുത്തലുകളിലൂടെ മേയുന്നുണ്ട്
ഭാര്യക്ക്,
അമ്മക്ക്,
മകള്‍ക്ക്
പെങ്ങള്‍ക്ക്
അമ്മായിക്ക്,
നിന‍ക്ക്.
എന്ന് ബന്ധപ്പെടുത്തുന്നുണ്ട്


ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..
തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത്


ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.


ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.

17 comments:

ദേവസേന said...

"അടുക്കി വെച്ചിരിക്കുന്നത് "

Rare Rose said...

ജീവിതത്തിന്റെ നിറവും നിഴലുമാണല്ലേ അപ്പോളിങ്ങനെ അടുക്കിയിട്ടിരിക്കുന്നതു...ഓരോന്നിനും പറയാനെത്രയെത്ര സ്വകാര്യങ്ങള്‍...പുതിയ ഈ നിരീക്ഷണങ്ങള്‍ ഇഷ്ടായീ ട്ടോ..:)

t.a.sasi said...

നിത്യജീവിതത്തില്‍ കാണുന്നത്
കവിതയില്‍ കാണുമ്പോള്‍ ആഹ്ലാദമാണ്
അതിലൂടെ ജീവിതത്തിന്റെ അടുക്കുകള്‍
കാണുമ്പോഴോ അതിലും ആഹ്ലാദം
www.sasiayyappan.blogspot.com

പ്രയാണ്‍ said...

അലമാരയില്‍ അടുക്കി വെച്ചവ വീണ്ടും വെറുതെ എടുത്ത് വെറുതെ മുഖത്തോടടുപ്പിച്ച് ശ്വാസം നീട്ടിവലിച്ച് വീണ്ടും അവിടെതന്നെ വെക്കറില്ലേ ചിലപ്പോള്‍.....

joice samuel said...

:)

പറയാതെ വയ്യ. said...

സാരി വെറുമൊരു തുണ്ട് തുണിയല്ല.പെണ്‍ ശരീരത്തിന്റെ നമ്നോന്നതങളെ അത് ചില നേരത്ത് വെളിപ്പെടുത്തുകയും ഇനിയും കീഴടക്കാനാവാത്ത പെണ്ണുടലിന്റെ ഇരുണ്ട ഭൂഗണ്ടങളിലേക്ക് അധിനിവേശത്തിന്റെ കപ്പലോടിക്കാന്‍ വെറി പൂണ്ടിരിക്കുന്ന പുരുഷാസക്തിയുടെ ചരിഞ നോട്ടങള്‍ക്ക് അസഹ്യതയുടെ പെരുപ്പ് പകരുകയും ചെയ്യും. അതു കൊണ്ടാണു ഈ കവിതയിലെ അറബി മനേജര്‍ക്ക് സാരി വിലക്കേണ്ടി വരുന്നത്. പെണ്ണുടലിന്റെ വാണിജ്യവല്‍ക്കരണം പുരുഷ മനസ്സിന്റെ വികല രതിബോധത്തിലാണു സാധ്യമാകുന്നതെന്ന് അറബി മാനേജരിലൂടെ കവയിത്രി നമ്മോടു പറയുന്നു. വൈയക്തിക ഉടലിന്റെ നഗ്ന സൗന്ദര്യത്തെ സാമൂഹികതയുടെ അളന്നു മുറിച്ച് പാകപ്പെടുത്തിയ ഉടുപ്പുകള്‍കൊണ്ട് നാം പൊതിഞു വയ്ക്കുമ്പോള്‍ അത് ആത്യന്തികമായി പൊതിയുന്നത് കേവല ശരീരത്തെയല്ലെന്നും നമ്മുടെ ജീവിതത്തെതന്നെയാണെന്നും കവിയത്രി തിരിച്ചറിയുന്നു.ജീവിതമെന്നത് ജനനം മുതല്‍ മരണം വരെ നാം കാലത്തില്‍ പതിപ്പിക്കുന്ന ചില അടയാളങളാണു. അതില്‍ പ്രണയമുണ്ട്,പ്രിയപ്പെട്ട പലരുടെയും മരണമുണ്ട്, ഒടുങാത്ത ആസക്തികള്‍ ചുരമാന്തിയ സ്വകാര്യതയുടെ തുറക്കാത്ത ഏടുകളുണ്ട്. ഓരോരോ നിറങളില്‍ താന്‍ അടുക്കി വച്ച സാരികളോരോന്നും, നിറം പകര്‍ന്നും നിറം കെട്ടും ഓരോരോ ജീവിത കാലങള്‍ക്കു സാക്ഷ്യം വഹിച്ചവയാണെന്നും, അവ ജീവിതമെന്ന മഹാ പുസ്തക്ത്തിന്റെ ഏടുകള്‍ തന്നെയാണെന്നും,ദേവസേന ഈ കവിതയിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നു.ക്ലിഷ്ടതയുടെ ലാഞ്ചന പോലുമില്ലാതെ ലാളിത്യത്തിന്റെതായ ഒരു രചനാ ശൈലി ഈ കവയിത്രി എന്നും പുലര്‍ത്താറുണ്ട്. എന്നാല്‍ സങ്കീര്‍ണ്ണമായ ജീവിത സമസ്യകളുടെ ഉള്ളറകളിലേയ്ക്ക് വായനക്കാരന്റെ ചിന്തകളെ എത്തിക്കാന്‍ ദേവസേനയ്ക്കു കഴിയുന്നു എന്നത് അവരെ കാവ്യ രചനയുടെ മര്‍മ്മമറിഞ എഴുത്തുകാരിയാക്കി തീര്‍ക്കുന്നു. ഭാവുകങള്‍.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദേവസേന, ഇത് തീര്‍ച്ചായായും ഒരു ‘നാണയപ്പുറം’ അനുഭവമാണെനിക്ക്.
പക്ഷേ എഴുതിയിട്ടില്ല. ഏതെല്ലാം കാലത്തിന്റെ, അനുഭവത്തിന്റെ സ്പര്‍ശങ്ങളുണ്ടാവാം ആ ഓരൊ സാരികളിലും!

“അഞ്ചര മീറ്റര്‍ നീളത്തില്‍
വിവിധ വര്‍ണങ്ങളില്‍
കരഞ്ഞും ചിരിച്ചും കുതുഹലപ്പെട്ടും
ക്ഷീണിച്ചും ക്ഷതമേറ്റും,
അഴകാര്‍ന്നും അലുക്കിട്ടും,
ഓരോന്നും. ----------- സത്യം.

വളരെ ചിന്തനീയമായ വസ്തുത. നന്ദി.

സീത said...

കവിതയുടെ മഴക്കാലത്തിനായി കാത്തിരിക്കുന്നു.

smitha adharsh said...

Good..Good..really good

Mahi said...

നല്ല കവിത ഇഷ്ടപ്പെട്ടു

ദിനേശന്‍ വരിക്കോളി said...

''ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്. ''
അതുകൊണ്ടുതന്നെയാവും കവെ നമ്മുടെ ജീവിതമിങ്ങനെ ചുളിവുകളായത് ...
നാമൊക്കെ ഇങ്ങനെ നമ്മളുടെ പ്രതിബിംബത്തിലേക്കുനോക്കി ആശ്ചര്യപ്പെടുന്നത് ..
നോക്കൂ പ്രായത്തിന്‍റെ ജീവിത പാഠത്തിന്‍റെ ..എത്ര എത്ര ഏടുകളാണ് .. ഓരോ അടരുകളായി നാമൊതുക്കിവച്ചിരിക്കുന്നത് ...

Seema said...

ദ്രംഷ്ടകള്‍ നീട്ടി
പാലപ്പൂവിന്റെ മണമുള്ള
വെളുത്ത മംഗല്യസാരി..
തമസ്സാണു സുഖമെന്നാശ്വസിച്ച്
മുഖമുയര്‍ത്താതിരിക്കുന്ന
കറുമ്പികള്‍
ആസക്തികളവസാനിപ്പിക്കൂയെന്നു
ശാസിച്ച് കാവിസാരി
പാത്തും പതുങ്ങിയും
കള്ളകടത്തിനെയനുസ്മരിപ്പിച്ച് അവനെത്തിച്ച
ഇളം നിറങ്ങളില്‍ ചിലത്


ജന്മം മടുത്തുവെങ്കില്‍
ഞാനുണ്ട് എന്നാശ്വസിപ്പിച്ച്
ഒരു കുടുക്കിനു തയ്യാറായി
വയലറ്റ് ഷിഫോണ്‍ സാരി.


ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.

nannaayirikkunnu...

റോമി said...

Deerga veekshanam iniyengilum ageekarikku....abhinandanagal....awardukal kunnu koodatte..

ഗോപി വെട്ടിക്കാട്ട് said...

നല്ലൊരു കവിത...
ആശംസകള്‍

നിരക്ഷരൻ said...

ബഹറിനിലില്‍ ഒരു ചടങ്ങിനിടയില്‍ രാജു ഇരിങ്ങലിന്റെ കൈയ്യില്‍ ഇതിന്റെ പ്രിന്റ് ഇരിക്കുന്നത് കണ്ടു. അത് വാങ്ങി വായിച്ചു. ബഹറിന്‍ കേരളീയ സമാജത്തിന്റെ അവാര്‍ഡിന് അര്‍ഹമായ ഈ രചനയുടെ കവയിത്രിയ്ക്ക് അഭിനന്ദനങ്ങള്‍ .

mashikoodu said...

jeevitham sughamanu oru chattal mazha pole devasena yude kavithal chanjupeyyatte

Unknown said...

ജീവിതത്തിന്റെ അദ്ധ്യായങ്ങളെയാ‍ണു
അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നത്.
ജീവിതം തന്നെയാ‍ണു
അലമാരയില്‍ മടങ്ങിയിരിക്കുന്നത്.
സത്യം അതാണു.