ഉടലറിവുകള്‍


അടുത്തറിയുന്നവരൊക്കെ മനസിലാക്കിയിരിക്കണം
പെണ്ണിന്റെ ഉടലെങ്കിലും
ആണിന്റെ ഉള്ളാണെനിക്കെന്ന്
അതാവാം മരുന്നിനു പോലും
സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നത്

എന്നാലുമുണ്ട് ഒരുവള്‍.
ഭയങ്ങളുടെ മൊത്തവ്യാപാരി.
വിമാനത്തിലും, ബോട്ടിലും
ലിഫ്റ്റില്‍ വരെ കയറാന്‍ ഭയക്കുന്നവള്‍.

ഒരേ പ്രായക്കാര്‍ ഒരേ ചുറ്റുപാടുകള്‍
പ്രാരാബ്ദങ്ങള്‍ സന്താപസന്തോഷങ്ങള്‍
ഒരേ പ്രായമുള്ള പെണ്മക്കള്‍
എന്തിനേറെ!
ഭര്‍ത്താക്കന്മാരുടെ
കൊനുഷ്ടു സ്വഭാവങ്ങള്‍ വരെ സമാനം.
അവള്‍ പറയുന്ന
പരദൂഷണങ്ങള്‍ പോലും
അത്രകണ്ട് പഥ്യമാണെനിക്ക്.

ദേവാലയത്തിന്റെ തിരുസന്നിധിയാണു
സ്വൈര്യ സംസാര വേദിയെന്ന്
ഞങ്ങള്‍ കണ്ടെത്തിയിരുന്നു
പെണ്‍ ജാടകളും, കസവാടകളും കണ്ട്
മൌനം കൊണ്ടും കണ്ണു കൊണ്ടും
പരസ്പരം കുന്നായ്മകള്‍ പറഞ്ഞു
അടക്കിപ്പിടിച്ച് നൂറു പരാധീനതകള്‍ കൈമാറി
സ്കൂള്‍ ഫീസ് കൂടിയത്
അമ്മ ആശുപത്രിയിലായത്
ഒരിക്കലുമൊടുങ്ങാത്ത വീട്ടുപണികള്‍
ലക്കു കെട്ടെത്തുന്ന ആര്‍ത്തവ ചക്രങ്ങള്‍
തിരക്കു കൂട്ടിയാക്രമിക്കുന്ന ജരാനരകള്‍

ചട്ടയും മുണ്ടുമായിരുന്നു വേഷമെങ്കില്‍
ഞങ്ങള്‍
'മനസിനക്കര' യിലെ
K.P.A.C ലളിതയും, ഷീലയുമായേനെ !

പള്ളി പ്രസംഗങ്ങള്‍ കേട്ട്,
വിരസതയോടെ ഒരുമിച്ചുറങ്ങി,
ഉണര്‍ന്നപ്പോള്‍
പരസ്പരമൊളിപ്പിച്ചെത്തിച്ച പ്രാര്‍ത്ഥനകള്‍ക്കും
സാമ്യമുണ്ടാവാം
മരണം വരെ സുമംഗലികളാക്കണേയെന്ന്
മക്കളുടെ തലയില്‍ -
ദുര്‍ബുദ്ധിയൊന്നും വരുത്തല്ലേയെന്ന്
ഒളിച്ചോടാന്‍ തോന്നിയാലും
ക്രിസ്ത്യാനിയുടെ കൂടെ തന്നെയാവണേന്ന്
10-ന്റെയും 12-ന്റെയും
ബോര്‍ഡ് പരീക്ഷകള്‍ വരുന്നുണ്ടന്ന്
അവരെ കെട്ടിച്ചയക്കാ‍ന്‍
തമ്പുരാന്റെ ഖജനാവ്
കാലാകാലങ്ങളില്‍ തുറക്കണേയെന്ന്.

കാരണങ്ങളൊന്നുമില്ലാഞ്ഞിട്ടും
ഇടവപ്പാതിയിലെ പുഴ പോലെയവള്‍
ഇടക്കിടെ കലഹിച്ചു.
പ്യൂപ്പയെ പോലെ മൌനത്തിലിരുന്നു.

പൊട്ടിത്തെറിച്ച്
ഏതെങ്കിലുമൊരു നിമിഷം തിരികെ വരും
'നമ്മുടെ കോണ്‍ഗ്രസ്സുകാരു തന്നെയാ മെച്ച'മെന്നു പറഞ്ഞ്
ഭൂമിയിലെ നൂറുക്കണക്കിന് വിശേഷങ്ങളുമായി,
CNN വാര്‍ത്താച്ചാനലിനെ അനുസ്മരിപ്പിച്ച്
ജന്തുശാസ്ത്രവും, ഭൂമി ശാസ്ത്രവും വിവരിച്ച്
എന്‍സൈക്ലോപ്പീഡിയാ-യെ തോല്‍പ്പിച്ച്

വലിയ ആശുപത്രിയില്‍
റിസപ് ഷനിസ്റ്റായതു മുതല്‍
ഇനിയുമറിഞ്ഞിട്ടില്ലാത്ത
അജ്നാതയിടങ്ങളിലെ അക്ഷയമേഖലകള്‍
എനിക്കുമുന്നിലവള്‍ തുറന്നിട്ടു.

ഒച്ച താഴ്ത്തി തലകുടഞ്ഞവള്‍ ശങ്കിച്ചു.
എന്തിനും പോന്ന സൌഹൃദമാണ്
എന്നിട്ടും !
അവളുടെ വായും എന്റെ ചെവിയും
മില്ലിമീറ്ററിന്റെ അകലത്തില്‍
പറഞ്ഞു തുടങ്ങി.

ഗര്‍ഭാശയത്തില്‍ കുടുങ്ങിയ
ഉറ പുറത്തെടുക്കാ‍ന്‍
പുലര്‍ച്ചെ മൂന്നര മണി നേരത്തെത്തിയ
മഞ്ഞ മുഖക്കാരി റഷ്യാക്കാരിയെക്കുറിച്ച് !

പൈപ്പ് കഷണത്തിലേക്ക് കടത്തി
കരിനീലിച്ച ലിംഗവുമായി
പ്രാണവേദനയില്‍ വിയര്‍ത്തു വന്ന
പഠാനെ ക്കുറിച്ച്

ഭര്‍ത്താവിന്റെ ജനനേദ്രിയത്തിന്റെ
വളര്‍ച്ചയില്ലായ്മയില്‍ നൊന്ത്
ഹോര്‍മോണ്‍ ചികിത്സക്കെത്തിച്ച
മദാമ്മയെക്കുറിച്ച്.

പരപുരുഷന്റെ സ്വകാ‍ര്യതയില്‍
ചികിത്സാഭാഗമായെങ്കിലും,
വെറുപ്പോടെ സ്പര്‍ശിക്കേണ്ടിവന്ന
അവിവാഹിതയായ നേഴ്സു കൊച്ചിനെ പറ്റി !

മൂന്നും നാലും പെറ്റ്,
മദ്ധ്യവയസു കഴിഞ്ഞവരും‍‍ വരുന്നുവത്രെ
സ്വകാര്യയിട സര്‍ജറിക്കും
കോള്‍പ്പോക്രെയോ-ക്കും
അറബിച്സി മുതല് മലയാളി വരെ.

മുത്തും രത്നവും കോര്‍ത്തലങ്കരിച്ച
സ്ത്രീ രഹസ്യങ്ങള്‍ എങ്ങനെയെന്ന്
എനിക്കു ജിജ്ഞാസ പരകോടിയിലെത്തി.
പൌഡര്‍ പൂശാനും, താളി തേക്കാനും
മറക്കുന്ന എന്റെ ശരീര ലോകം
പരിഹാസച്ചിരി തുടങ്ങി.

ബിന്ദു റ്റീച്ചറിന്റെ
കെമിസ്റ്റ്റി പഠിപ്പീര് പോരായെന്നും
ബട്ടര്‍ ചിക്കന്റെ റസ്സിപ്പി
കയ്യിലുണ്ടോയെന്നും ചോദിച്ചവള്‍
വിഷയസഞ്ചാരം നടത്തി
ഊര്‍ന്ന് വീണ സാരിത്തലപ്പ്
തലയിലേക്ക് വലിച്ചിട്ട്
കണ്ണുകളടച്ച്, കൈകള്‍ കൂപ്പി
മൌഡ്യമുണര്‍ന്നോരു ധ്യാനത്തിലേക്ക് ഞങ്ങള്‍ വീണു.
അപ്പോഴേക്കും
വിശുദ്ധ കുര്‍ബാന തുടങ്ങിക്കഴിഞ്ഞിരുന്നു.

21 comments:

ദേവസേന said...

ചട്ടയും മുണ്ടുമായിരുന്നു വേഷമെങ്കില്‍
ഞങ്ങള്‍
'മനസിനക്കര' യിലെ
K.P.A.C ലളിതയും, ഷീലയുമായേനെ !

വല്യമ്മായി said...

പെണ്ണ് പെണ്ണ് തന്നെ :)

Mahi said...

ഇഷ്ടപ്പെട്ടു

പ്രയാണ്‍ said...

കൊള്ളാം... നല്ല അനുഭവം...

Ranjith chemmad / ചെമ്മാടൻ said...

കുന്നായ്മകള്‍...!!

എം.എച്ച്.സഹീര്‍ said...

നുണപറഞ്ഞ്, കഥ പറഞ്ഞ്, കാര്യത്തിന്റെ കയത്തിലേക്കിറങ്ങുന്ന ഒരു പാട് മുഹൂര്‍ത്തങ്ങള്‍, പലപ്പോഴും,പറയാന്‍ വ്യഗ്രപ്പെട്ട് മൌനത്തിന്റെ ഇടനാഴികളില്‍ കുടുങ്ങിപ്പോകുന്ന യാഥാര്‍ത്യത്തിന്റെ മുഖങ്ങള്‍ ഇവിടെ കണടു, നാന്നായി.ജീവനോടെ...

അനില്‍ വേങ്കോട്‌ said...

കരുത്തരായ സ്ത്രീകളെഴുതുന്നുവെന്നതാണു എന്റെ വായനയെ കുറച്ചുനാളായി സമ്പന്നമാക്കുന്ന ഒരനുഭവം.മലയാളകവിതയിൽ ഇത് ഉണർച്ചയുടെ ഉച്ചകൾ സമ്മാനിക്കുന്നു.മില്ലീമീറ്ററിന്റെ വ്യത്യാസത്തിൽ അടുക്കിവച്ചിരിക്കുന്ന അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും അടരുകളിലേക്കു കാതോർത്തുകൊണ്ട് ദേവസേനാ..ഇത് പെൺകവിതയുടെ അല്ല പെൺ കാഴ്ചകളുടെ വിളവെടുപ്പുകാലം

പറയാതെ വയ്യ. said...

രഹസ്യമല്ലാത്ത രഹസ്യങള്‍.

ജീവിതത്തിലെ സത്യസന്ധവും സര്‍ഗ്ഗാതമകവും പ്രകൃതി ദത്തവുമായ വികാരങളെയെല്ലാം ഗോപ്യവും ഗൂഡ്ഡാത്മകവുമാക്കി മറ്റിയെന്നതാണു 'സംസ്കാരം' ചെയ്ത വലിയ പാപം.സ്വകാര്യവും പൊതുവും എന്നിങിനെ ജീവിതത്തെ പകുത്തു വച്ച് നമുക്ക് നമ്മുടെ ആഗ്രഹങളെയും ആസക്തികളെയും ആകാംക്ഷകളെയും കൈകാര്യം ചെയ്യേണ്ടി വരുന്നത് അതു കൊണ്ടാണു. തന്റെ ആത്മമിത്രവുമായി സ്വകാര്യ വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്ന കവിയ്ത്രിക്ക് അവളില്‍ നിന്നും അറിയാന്‍ കഴിയുന്ന 'രഹസ്യങള്‍' ഓരോന്നും സമൂഹത്തിന്റെ കൃത്രിമമായ (സംസ്കാര) സദാചാര നാട്യത്തിന്റെ പൊള്ളത്തരത്തെ പൊളിച്ചു കാട്ടുന്നതാണു.പൊതു ജീവിതത്തില്‍ 'മതമേതായാലും മനുഷ്യന്‍ നന്നായല്‍ മതി' എന്നു വീമ്പുപറയുന്നവരും സ്വകാര്യമായി നിര്‍ബന്ധം പുലര്‍ത്തുന്നത് മക്കള്‍ സ്വജാതിയില്‍ നിന്നു തന്നെ ഇണകളെ കണ്ടെത്തണമെന്നാണു.ഒളിച്ചോടാന്‍ തോന്നിയാലും കൃസ്ത്യാനിയുടെ കൂടെ തന്നെ ആവണേ എന്ന കവിയത്രിയുടെ പ്രാര്‍ത്ഥന പരിഹാസപൂര്‍വ്വം ചെന്നു തറയ്ക്കുന്നത് ഇത്തരം മുഖം മൂടി അണിഞ കാപട്യങളിലാണു. സര്‍വ്വ ജീവജാലങളുടെയും ജന്മവാസനാപരമായ ചോദനയാണു ലൈംഗികത.സംസ്കാരത്തിന്റെ ചങലകൊണ്ട് വരിഞു മുറുക്കിയും ബന്ധിക്കപ്പെട്ടും കിടക്കേണ്ടി വരുന്ന അത് ചില നേരങളില്‍ അക്രമോല്‍സുകമായി പുറത്തു ചാടിയെന്നിരിക്കും. സാമൂഹ്യ സിരാരോഗങളുടെ അടിസ്ഥാന കാരണം അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികതയാണെന്നു വില്‍ഹം റീഹ് അഭിപ്രായപ്പെടുന്നുണ്ട്.യോനിക്കുള്ളില്‍ അകപ്പെട്ട കോണ്ടവും,പൈപ്പില്‍ കടത്തി കരിനീലിച്ച പഠാന്റെ ലിംഗവും,വലുപ്പം കൂട്ടാനും കുറയ്ക്കാനും 'എത്തപ്പെടുന്ന' സ്ത്രീപുരുഷ ലൈംഗിക അവയവങളും,പുരുഷ സ്വകാര്യതയില്‍ തൊഴിലിന്റെ ഭാഗമായി തൊടേണ്ടി വരുന്ന അവിവാഹിത നഴ്സിന്റെ അവസ്ഥയും,മുത്തും രത്നവും കോര്‍ത്തലങ്കരിച്ച സ്ത്രീ രഹസ്യങള്‍ എങിനെ എന്നറിയാനുള്ള കവിയത്രിയുടെ ആകാംക്ഷയുമെല്ലാം സാര്‍ വ്വ ലൗകികമായി മനുഷ്യരെല്ലാം ഓരോ തരത്തില്‍ പങ്കു വയ്ക്കുന്ന പ്രശ്നങളുടെയും ഇച്ചകളുടെയും പരിച്ചേദമായിരിക്കെ, സ്വകാര്യതകളുടെ അധോലോകത്ത് മാത്രം രഹസ്യങളായി അവ അരികു ചേര്‍ക്കപ്പെടുന്നതിലെ അസംബന്ധങളെ, തെളിനീര്‍ തടാകത്തിന്റെ അടിത്തട്ടുപോലെ തന്റെ കാവ്യ പ്രതിഭകൊണ്ട് കാട്ടിത്തരാന്‍ ദേവസേനയ്ക്കു കഴിഞിരിക്കുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നല്ലൊരു വായനാനുഭവം..... നന്ദി.

ഇഗ്ഗോയ് /iggooy said...

Since its Too good
I have nothing to say

meegu2008 said...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

ദിനേശന്‍ വരിക്കോളി said...

തുറന്നെഴുത്തിന്‍റെ ഇത്തരം മേഖലയിലൂടെ സഞ്ചരിക്കുന്പോള്‍
ശരിക്കും ആശ്ചര്യം തോന്നുന്നു ...
തീര്‍ച്ചയായും ഇങ്ങിനെയെങ്കില്‍ ദേവസേന നിങ്ങളുടെ
ഒരാത്മകഥയ്ക്കായി കാത്തിരിക്കുന്നു ..
ആശംസകള്‍ .....
സ്നേഹപൂര്‍വ്വം.

Sandeep V said...

വളരെ കാലത്തിനു ശേഷം ബ്ലോഗിലേക്ക്‌ എത്തിനോക്കിയതു വെറുതേ ആയില്ല. ഈ "ദേവസേന ടച്ച്‌" മനസ്സിനെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു.

Seema said...

:)sakthamaaya ezhuthinte kuthozhukku...

ബിനീഷ്‌തവനൂര്‍ said...

nalla dhairyam.

ബിനീഷ്‌തവനൂര്‍ said...

ente ettavum nalla pen suhruth parayunnu ee kavitha valare nannayi enn. avar ithellam ezhuthan dharyam kattiyille ennan aval parayunnath.

ബിനീഷ്‌തവനൂര്‍ said...

ente ettavum nalla pen suhruth parayunnu ee kavitha valare nannayi enn. avar ithellam ezhuthan dharyam kattiyille ennan aval parayunnath.

കൃഷ്‌ണ.തൃഷ്‌ണ said...

ഇതൊരു വെറും കവിതയല്ല, സത്യത്തിന്റെ പ്രഘോഷണമാണ്‌. ആത്മാര്‍ത്ഥതയുടെ ഉറവനീരാണ്, കാഴ്ചയുടെ കലക്കങ്ങളാണ്, തുറന്ന ഒരു അറിയിപ്പാണ്, പെണ്ണു പെണ്ണാണെന്ന്.

കവിക്കു ലിംഗഭേദം കൊടുക്കാനിഷ്ടമില്ലാത്തതിനാല്‍ ഇങ്ങനെ വിളിക്കുന്നു.കവീ, വായിക്കുമ്പോള്‍ ഒരു ചൂടറിയുന്നുണ്ട്, സത്യത്തിന്റെ ചൂട്.
ഇതില്‍ കവിതയുടെ ധര്‍മ്മമുണ്ട്.
കവിത തന്നെ..കവിത തന്നെ..

Unknown said...

രസികത്തീ,
ഖവിദ നന്നായി.
അല്‍-ഖവിദ.
ഞാന്‍ ഉറയൂരിയത്‌ ഒരിക്കല്‍
കളഞ്ഞു പോയിരുന്നു.
മഞ്ഞമുഖക്കാരി റഷ്യക്കാരിയെ കണ്ടാല്‍
അതിന്റെ മൂര്‍ഖനെ നിനക്കറിയാമെന്നു
പറയണേ!
സ്വന്തം
അസുരസേനന്‍

shudharil shudhan said...

devasena.......,

thankale njan oridatheykk kshanichotte....,
onnu varanam...,
thaalparyamundenkil koodiyaal mathi.
allenkil kandech thirichu poykkollooo...
thankalude aksharangal njangal aagrahiykkunnu.

please visit...
www.vaakku.ning.com



thalparyamillenkil vmaranneykku...
ee thonnyaaksharangal....

snehathode - muhad

Binu Anamangad said...

Great!!!